Saturday, November 21, 2009

ഭണ്ഡാരകള്ളന് .... ഒരു ഭീഷണിക്കത്ത് !

( സ്ഥിരമായി ഞങ്ങളുടെ ത്രിക്കുര്‍ അമ്പലത്തില്‍ ഭണ്ഡാരം മോഷ്ടിക്കാന്‍ വരുന്ന ഒരു കള്ളനുണ്ട്. , പേര്‍ “ ശ്രീ.കൈനൂര്‍ വാസു “.കുറെ പ്രാവശ്യം ഞങ്ങള്‍ നാട്ടുകാര്‍ ഇവനെ പിടിച്ചു നല്ല പൂശു പൂശി പൊലിസില്‍ ഏല്‍പ്പിച്ചിട്ടൂണ്ട്.എന്തു ചെയ്യാന്‍ , എത്രയായാലും ഈ ഗെഡിക്ക് മനസ്സിലാവില്ല്യ. 3 മാസത്തെ ‘വിയ്യൂര്‍’ ടൂര്‍ കഴിഞ്ഞ് വന്നാല്‍ , പിറ്റേ ദിവസം തന്നെ ചുള്ളന്‍ വീണ്ടും ഹാജര്‍ .അങ്ങനെ നാട്ടൂകാരുടെ അഭ്യര്‍ഥനപ്രകാരം ‘ടി.എം.ബി.എസ്സിനു’ ( ത്രിക്കൂര്‍ മഹാദേവ ഷേത്ര ഭക്തജന സംഘടന) വേണ്ടി ,ഈ വിരുതനു ഒരു ഭീഷണിക്കത്ത് എഴുതാന്‍ ഞാന്‍ തിരുമാനിച്ചു.അതിന്റെ ചുരുക്കം ദേ കിടക്കണൂ...താഴെ ! )

From:bhakthan@TMBS.thrikkurmahadevakshethram.net To:kainoor.vasu@kshethrakavarchakal.net
Cc:si.puthukkad@keralapolice.gov.in
Subject :ഭീഷണി !

എടാ‍ ഡേഷ് വാസൂ‍ , ഭണ്ഡാരകള്ളാ,
ഇത് ഞാനാടാ, ത്രിക്കുര്‍ മെട്രൊയിലെ ഒരു പ്രധാന ഭക്തന്‍ .തറവാട് സ്വത്ത് പോലെ ,നീ ഇടക്ക് കക്കാന്‍ വരുന്ന ത്രിക്കുര്‍ അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയാടാ എന്റെയും വീട് .അമ്പലനടയില്‍ നിന്നും ഇടത്തോട്ട് തിരിയുമ്പോള്‍ എന്‍.എസ്.എസ് ടവറിന്റെ സൈഡിലുള്ള , ചുവന്ന പെയിന്റടിച്ച മതിലുള്ള, കറുത്ത ഗെയിറ്റുള്ള , ലോക്ക് കേടായ വെള്ള ഡോറുള്ള ,ഒരു വല്ല്യ ‘ ബംഗ്ലാവില്ലേ , അതാടാ എന്റെ വീട്. ഇല്ല്യാ, കൂടുതല്‍ ഡീറ്റയിത്സ് ഞാന്‍ പറയണില്ല്യ ( ഹും..എനിക്ക് ബുദ്ധിയുണ്ട് ).....എന്നിട്ടു വേണം ഇനി നീ എന്റെ കുടുമ്മത്ത് കൂടി കയറാന്‍ !
ഭണ്ഡാരത്തിന്റെ പൈസ ഇടാനുള്ള ചെറിയ ഗ്യാപ്പിലൂടെ ഈര്‍ക്കലിയില്‍ പശ തേച്ച് ഇറക്കി നോട്ടുകള്‍ അടിച്ചു മാറ്റുന്ന നിന്റെ കൂതറ പണിയുണ്ടല്ലോ , ഈ ഈമെയില്‍ കിട്ടി 24 മണിക്കൂറിനകം നിര്‍ത്തിക്കോണം.നിന്റെ വ്രിത്തികെട്ട കറുത്ത ശരീരത്തിനു അതാ നല്ലത് .പറഞ്ഞില്ലെന്നു വേണ്ടാ! എടാ, നാണമില്ലല്ലോടാ മഹാപാപി,നിനക്ക് അമ്പലത്തിലെ പൈസ മോഷ്ടിച്ച് ജീവിക്കാന്‍ ? നിന്നെ എത്ര പ്രാവശ്യം ഞ്ങ്ങള്‍ പിടിച്ചെടാ? എത്ര തല്ല് നീ കൊണ്ടു ? എത്ര തെറി വിളികള്‍ നീ കേട്ടൂ ? ഹോ , ആ ---സാമി വിളിച്ച ഉഗ്രന്‍ തെറികള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു!

നിന്റെ കേസ് ഞങ്ങള്‍ ക്ഷേത്രം വക സി.ഐ.ഡിയെ കൊണ്ട് അന്വേഷിപ്പിച്ചു , നിന്റെ ഫുള്‍ ഓപെറേഷന്‍ പ്ലാനും ഞങ്ങള്‍ക്കു കിട്ടി കഴിഞ്ഞു. വൈകീട്ട് ‘വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ നീ മണലിപുഴ നീന്തികടക്കും അല്ലേടാ? പിന്നെ പുറയങ്കാവ് കടവില്‍ വിസ്തരിച്ചു ഒരു കുളിച്ച് , അല്ലാ ആ കാര്യത്തില്‍ നീ ഡീസന്റാ...ചില ചുള്ളന്മാര്‍ ഉത്സവത്തിന് കൂതറ ബ്രാന്റ് മദ്യവുമടിച്ച് അമ്പലപറമ്പില്‍ സീനുണ്ടാക്കുന്ന കര്യം നിനക്കറിയാമല്ലോ ?
എന്നിട്ടു കുളി കഴിഞ്ഞ് ,ഏഷ്യാനെറ്റില്‍ എട്ട് മണീയുടെ കണ്ണീര്‍ സീരിയല്‍ എല്ലാ വീടുകളിലും പള്ളിയിലെ ‘ബാങ്ക്’വിളി പോലെ മുഴങ്ങുന്ന ഗ്യാപ്പില്‍ നീ പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ കയറി വരും.എന്നിട്ട് ചുറ്റമ്പലത്തിന്റെ മുകളില്‍ കയറി , ഓട് പൊളിച്ചു നീ അകത്തു കടക്കും.എന്നിട്ടവടെ കിടന്നുറങ്ങും.ഒരു മണീക്ക് അലാറം വെച്ചെഴുന്നേറ്റ് അകത്തെ എല്ലാ ഭണ്ഡാരങ്ങളിലും പശ തേച്ച് ഈര്‍ക്കിലിയിട്ട് നീ നോട്ടുകള്‍ വലിച്ചെടുക്കും. പിന്നെ കിഴക്കേ നട വഴി ഇറങ്ങി , കൂളായി പോകും.കൊള്ളാം...സ്മാര്‍ട്ട് ഓപ്പറേഷന്‍ !
പക്ഷെ , നിനക്കു തെറ്റി കള്ളന്‍ വാസൂ....“ ത്രിക്കുര്‍ മേം ബുദ്ധിമാ‍ന്‍ കെ ലോഗ് രഹ്തേ ഹൈ ! “. എന്നു വച്ചാല്‍ , ഞങ്ങള്‍ ത്രിക്കൂരുകാര്‍ എല്ലാം ഒടുക്കത്തെ ബുദ്ധിമാന്മാരാണെന്ന് ! ഹും , ചുമ്മാതല്ലടാ‍ , നിന്നെ ഞങ്ങള്‍ മൂന്ന് പ്രാവശ്യം പിടിച്ചത്.
ഏറ്റവും ലേറ്റസ്റ്റായി , എന്റെ നേത്രുത്വത്തില്‍ ( ? )നിന്നെ പിടിച്ചതു നിനക്കു നല്ല ഓര്‍മ്മ ഉണ്ടാവുമാല്ലോ അല്ലെ ? ആദ്യത്തെ തവണ എനിക്കു ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല്യ.കാരണം , വീട്ടില്‍ വച്ച് തലയില്‍ ഒരു “ തെങ്ങിന്റെ ഇല “ വീണതിന്റെ ക്ഷീണത്തില്‍ ഞാന്‍ ‘ റെസ്റ്റ് ‘ എടുക്കുകയായിരുന്നൂ. നിന്റെ ഭാഗ്യം !പക്ഷെ ഇത്തവണ നീ പെട്ടു പോയീ .ഞാന്‍ മത്രമല്ലെടാ‍ാ..നിഷാദും , രാമക്രിഷ്ണേട്ടനും , സുനിയേട്ടനും , സജിയും , രെതീഷും ,ഗിരീഷേട്ടനും മനോജേട്ടനും ഒക്കെ ഇണ്ടാര്‍ന്നു...നിന്നെ പിടിക്കാനും നിന്റെ നടുമ്പുറത്ത് ‘മീറ്റിങ്ങ്’ കൂടാനും.( ഇവരുടെ ഒക്കെ അഡ്രെസ്സ് അറ്റാച്ച് ചെയ്തിട്ടൂണ്ട് ).ഒക്കെ എന്റെ ഗെഡികളാ‍ാ...നീ സൂക്ഷിച്ചോ !അന്നു ഒരു ഞങ്ങള്‍ ചുറ്റമ്പലം വളഞ്ഞ ശബ്ദം കേട്ട് നീ പേടിച്ചു വിറച്ച് പടിഞ്ഞാരെ നടയിലൂടെ തന്നെ തെറിക്കാന്‍ നോക്കിയില്ലേ? അപ്പൊ മുന്നില്‍ നിന്നും ആറാമതായി വെള്ള ഷറ്ട്ടും , കാവിമുണ്ടുമുടുത്ത് “ നിക്കടാ അവിടെ “ എന്ന് ആജ്ഞാപിച്ച ഗംഭീര ശബ്ദം നീ ഓര്‍ക്കണില്ലെ ?..ഹും , അതെന്റേയാ!
“ഒരോ ഇനിങ്സും എനിക്ക് ആദ്യ ഇനിങ്സ് പോലെത്തന്നെയാണ്‍” എന്നു സചിന്‍ ടെണ്ടുല്‍ക്കര്‍ പറയും പോലെ , നല്ല ഇടി കിട്ടുമ്പോള്‍ ‘ ഞാന്‍ ആദ്യായിട്ടാ, ഇനി ഇങനെ ഇണ്ടാവില്ല്യ!” എന്നും പറഞ്ഞു നീ നിലവിളിച്ചതു എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ടെടാ! അമ്പലകുന്നത്ത് നിന്നും നാട്ടുകാരെല്ലരും കൂടി നിന്നെ താഴേക്കുരുട്ടിയതും , പിന്നെ പോലിസിന് നിന്നെ ഏല്‍പ്പിച്ചപ്പോള്‍ അവന്മാര്‍ നിന്നെ സ്റ്റേഷനിലിട്ടുരുട്ടിയതും നീ മറക്കണ്ടാ.
എന്റെ ******കുട്ടീടെ കൂട്ടുകാരീടെ അമ്മൂമ്മയെ നീ ഇരുട്ടത്തിരുന്ന് പേടിപ്പിക്കും അല്ലേടാ? നിന്നെ പേടിച്ച് പെണ്‍കുട്ടികള്‍ സന്ധ്യക്ക് ദീപാരാധനക്ക് പോലും അമ്പലത്തില്‍ വരാണ്ടായീ...അതെനിക്ക് പൊറുക്കാനാ‍വില്ല്യാ വാസൂ!
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പോലും പേടിക്കുന്ന “ ടി.എം.ബി.എസ്സ് “ ആണെടാ ത്രിക്കുര്‍ അമ്പലം ഭരിക്കുന്നത്.അതു കൊണ്ട് ഇനി മേലാല്‍ നിന്റെ ‘ ഉഡായിപ്പുമായി “ ഞങ്ങടെ അമ്പലത്തിന്റെ റേഞില്‍ വന്നാല്‍ അന്നു ‘ നിന്റെ എന്റ് ഓഫ് ദ ഡേ “ ആയിരിക്കും..അതായതു നിന്റെ അവസാനമായിരിക്കുമെന്ന്! നിനക്ക് ഞങ്ങള്‍ പണി തന്നിരിക്കും വാസൂ...സൂക്ഷിച്ചോ!

ഭീഷണികളോടെ......
ബുദ്ധിപൂര്‍വ്വം...

ഒരു ഭക്തന്‍
അമ്പലനട , ത്രിക്കൂര്‍

1 comment:

  1. "ഭീഷണികളോടെ......
    ബുദ്ധിപൂര്‍വ്വം..."

    :) കൊള്ളാം ചുള്ളാ..

    ReplyDelete