Monday, November 16, 2009

ശ്രീരാമ ബസ്സ്....ചില ഓര്‍മ്മകള്‍ !

  ‘ സി.എം.എസ് ഹൈസ്കൂള്‍ ‘ - ത്രിശ്ശൂരിലെ  സ്വരാജ് റൌണ്ടില്‍ അംബാടി ഹോട്ടലിനു സമീപം ( ?!! ) സ്ഥിതി ചെയ്യുന്ന  പ്രശസ്തമായ വിദ്യാലയം.  ഇവിടെയാണ്  ഞാനെന്ന മിടുക്കന്‍ ( അതു പിന്നെ , എന്നെ പറ്റി  തന്നെ ആവുമ്പോള്‍....) പഠിച്ചിരുന്നത്  , അഥവാ  പഠിക്കാനെന്നും പറഞ്ഞു എന്നും രാവിലെ ഒരു വലിയ ചോറ്റു പാത്രവും , കുറച്ചു പുസ്തകങ്ങളുമായി 8 മണിയുടെ “ ശ്രീരാം “ ലിമിറ്റെഡ് സ്റ്റോപ് ഫാസ്റ്റ് പാസ്സഞറില്‍ പോയിരുന്നത് . ഫയര്‍ഫോഴ്സ് വണ്ടിയെപ്പോലെ ഫുള്‍ ചുവപ്പായിരുന്നു  നമ്മുടെ വണ്ടീയുടെ നിറം.   ബസ്സില്‍ കയറിയാല്‍ ഏറ്റവും പുറകില്‍ ചാരി നിര്‍ത്തി സ്ക്രൂ ചെയ്തു വച്ചിട്ടുള്ള തേഞ്ഞു തേഞ്ഞു പകിസ്താനിറൊട്ടി പൊലെയായ “ സ്റ്റെപ് നി” ടയറില്‍ പിടിച്ചാണു ഞാനടക്കമുള്ള ത്രിക്കൂരിന്റെ “ നാളത്തെ “ അഭിമാന താരങ്ങളുടെ നില്പ് . അതായതു ബസ്സുകളീല്‍ മുന്‍ഭാഗതുള്ള  സ്ത്രീ-പുരുഷ സെക്ഷനുകളെ വേര്‍തിരിക്കുന്ന ആ “ ഇന്‍ വിസിബിള്‍ “ ബോര്‍ഡറിനെ പറ്റി ഒരു അറിവും ഇല്ലതിരുന്ന കാലം.! പിന്നെ,  ഈ ബസ്സിന്റെ വേഗതയെപറ്റി പറയുകയാണെങ്കില്‍ ,  ഒല്ലൂര്‍ - ത്രിശ്ശൂര്‍ ഹൈവേയില്‍ വച്ചിട്ടുള്ള റഡാറുകള്‍ അടിക്കാതിരിക്കാന്‍ മണിക്കൂറില്‍ 30 കി.മി. ആയിരുന്നു ബസിന്റെ മാക്സിമം സ്പീഡ് !
ബസ്സിലെ പഴയ കേബിന്‍ ക്രൂസ് ഇവരൊക്കെയാണ് -
ഡ്രൈവര്‍ - ശ്രീ. രാമേട്ടന്‍  , ബസ്സു ഓടി തുടങ്ങിയ കാലം മുതല്‍ അതിന്റെ സാരഥി. ആളുടെ അഭിപ്രായത്തില്‍ ,  ഇത്രയും നല്ല കോന്‍ഫിഗറേഷനുള്ള ഒരു ബസ് ത്രിശ്ശൂര്‍ ജില്ലയില്‍തന്നെ ഇല്ല്യ!  ഭയങ്കര പിക് അപ് ആണ് ,  ചില സമയത്തു അവന്റെ ( ബസിന്റെ ) പോക്കു കണ്ടിട്ട് ആളു തന്നെ പേടിച്ചിട്ടുണ്ടത്രെ ! അതു ശെരിയാ, ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ആര്‍ക്കായാലും പേടി തോന്നും.
കണ്ടക്ടര്‍ - ശ്രീമാന്‍ മത്തായി , ആളു ആകെ ഇത്തിരി വലിപ്പമേ ഉള്ളുവെങ്കിലും ഭയങ്കര എനെര്‍ജെറ്റിക് ആണ് . ഫുള്‍ റ്റൈം ഡയലോഗുകളും വിട്ട് ബസിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ചുള്ളന്‍ ട്രിപ് അടിച്ചുകൊണ്ടേയിരിക്കും. ആളെ ഇടക്കു ചൂടാക്കാനായി തിരക്കിനിടയില്‍ പിന്നില്‍ നിന്നും “ ടോ മത്തായീ “ എന്നു പിള്ളെര്‍ വിളിച്ചു കൂവും. ഉടനടി ആള് ബസിന്റെ ഏതു സെക്ഷനിലായാലും  നല്ല മുട്ടന്‍ തെറികള്‍ വിളിചു പറഞ്ഞു പിള്ളെരോട് ചൂടാവും.
കിളി + ടിക്കറ്റ് ചെക്കര്‍ - ഇങ്ങേരുടെ ശെരിക്കുമുള്ള പേര്‍ എനിക്കിന്നും അഞ്ജാതമാണ് .പക്ഷെ , എല്ലാരും  “ ഷാരടിമാന്‍ “ എന്നാണ്  ആളെ വിളിക്കറുള്ളത് .ഞങ്ങളുടെ റൂട്ടില്‍ പ്രൈവറ്റ് ബസിലെ ആദ്യത്തെ ചെക്കര്‍ എന്ന റിക്കാര്‍ഡ് ആളുടെ പേരിലാണ് .  ഷാരടിമാന്‍ ഒരു മിണ്ടാപ്രാണിയും , നിരുപദ്രവകാരിയുമാണ്.
പക്ഷെ ചെക്കിങ്ങിനിടക്കു ചുള്ളനും നമ്മടെ മത്തായേട്ടനുമായി ചില്ലറ ഇഷ്യൂസ് ഉണ്ടാവറുണ്ടെങ്കിലും , സാധാരണ നിലക്കു അവര്‍ സചിനേയും സേവാഗിനേയും പോലെ നല്ല ജോഡികളായിരുന്നു.

പക്ഷെ എന്തൊക്കെയായലും , ശ്രീരാമിലെ ‘ യാത്ര സേഫായിട്ടയിരുന്നു എല്ലാരും അംഗീകരിച്ചത്. ഒരിക്കല്‍ ത്രിക്കൂര്‍ - കോനിക്കര പാലം വളവില്‍ വച്ച് സ്റ്റിയറിങ്ങ് വലത്തോട്ട് ഫുള്‍ ഒടിച്ച്  ശെഷം തിരിച്ചൊടിക്കന്‍ പൈലറ്റ് മറന്നു പോവുകയും , തുടര്‍ന്നു വണ്ടി അതിന്റെ സ്വന്തം ഇഷ്ടപ്രകാരം അടുത്ത പാടത്തേക്ക്  കൂളായി ഇറങ്ങി പോവുകയും ചെയ്ത സംഭവം ഒഴിച്ച് .!
അങ്ങനെയുള്ള നമ്മുടെ ബസ് ,  വഴിയില്‍ കാണുന്ന എല്ലാ സ്റ്റോപ്പുകളിലും , കൂടാതെ 4 ആളുകള്‍ കൂടി നില്‍ക്കുന്നിടത്തെല്ലം നിര്‍ത്തി - അതിനി കല്ല്യാണ വീടായാലും മരണവീടായാലും ആളുണ്ടോയെന്നെല്ലാം
തിരക്കി  ,  ത്രിശ്ശൂരിലെക്കു 10 കി.മി. ദൂരം വെറും 1 മണിക്കൂറു  കൊണ്ട്  ഞങ്ങള്‍ എത്തി ചേരുമായിരുന്നു.
ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളിലെ നമ്മുടെ സ്കൂളിലെ തന്നെ ഉള്ള ഗെഡികളുമാ‍ായുള്ള മത്സരം ആയിരുന്നു ആ‍ യാത്രകളിലെ മറ്റൊരു രസകരമായ കാര്യം. ഏതു ബസ് ആദ്യം ത്രിശ്ശൂര്‍ റൌണ്ടില്‍ കടക്കുന്നു എന്നതായിരുന്നു, മത്സര ഇനം.പക്ഷെ , സ്വാഭാവികമായും , നമ്മടെ ബസ്സ് തന്നെയായിരുന്നു ഏറ്റവും അവസാനമായി ഫിനീഷിങ് പോയന്റില്‍ എത്താറുള്ളത് . ബസിനെ ഓവര്‍ടേക് ചെയ്തു പോകുന്ന ഓടോറിക്ഷകളേയും , കൈനെറ്റിക് ഹോണ്ടകളേയും  നോക്കി ഞാന്‍ നെടുവീര്‍പ്പെടുമായിരുന്നു.  അങ്ങനെ , അവസാനം  ” വടക്കന്‍ വീരഗാഥ’യിലെ മമ്മൂട്ടിയെ പോലെ  തോല്‍ വികള്‍ ഏറ്റു വാങ്ങിക്കൊണ്ട് ഞങ്ങള്‍ സ്കൂളിലെത്തും.
 
ഒരു കാലത്തു നോര്‍മല്‍ സര്‍വീസുകള്‍ക്കു പുറമെ ചില സ്പെഷല്‍ ഓട്ടങ്ങള്‍ക്കും ‘ശ്രീരാമ ‘ പോയിരുന്നു. അതായത് കല്യണം , പാര്‍ട്ടി സമ്മേളനം , തുടങ്ങിയ കാര്യങ്ങള്‍ക്കു ഈ ബസ് രാശിയുള്ളതാണെന്നു ഒരു വിശ്വസവും ത്രിക്കൂരുകാര്‍ക്ക് ഉണ്ടായിരുന്നു. കല്ല്യാണ സീസണില്‍ , ഗുരുവായൂര്‍ അമ്പലം പോലെ ബിസി ഷെഡ്യൂളായിരിക്കും നമ്മുടെ ബസ്സിന്റേത് .
കൂടാതെ ബസ്സിന്റെ മുന്‍ വശത്തു നില്‍ക്കുന്ന ചേച്ചിമാരും , പുറകിലായി ഒരു സേഫെ ഡിസ്റ്റന്‍സില്‍ അവരുടെ നോട്ടത്തിന്റെ  കവറേജ് ഏരിയാക്കുള്ളില്‍ നിന്ന്  ഞങ്ങളുടെ സീനിയര്‍ ചെട്ടന്മാരും   “ ബ്ലൂ ടൂത്ത് “ സിസ്റ്റം വഴിയുള്ള പ്രണയങ്ങള്‍ ആരംഭിച്ചതും ഇതിനകത്തു തന്നെ. 
വര്‍ഷങ്ങള്‍ക്കു ശെഷം , ഞങ്ങളുടെ ബസിനും മാറ്റങ്ങള്‍ സംഭവിചു..പെയിന്റ്ങ് കളര്‍ഫുള്ളായി , യാത്രക്കരുടെഎന്റെര്‍റ്റൈന്മെന്റിനു വേണ്ടീ  സി.ഡി. പ്ലേയര്‍ സ്ഥാപിചു,മക്സിമം സ്പീഡ് ലിമിറ്റ് 40 ആക്കി ഉയര്‍ത്തി.എല്ലാം നല്ലതിന്‍.!
അങ്ങനെ ദശാബ്ദങ്ങള്‍ക്കു ശെഷവും , ഇന്നും  ത്രിക്കൂരിന്റെ ഗ്രാമവീഥികളെ പുളകമണിയിച്ചു കൊണ്ട് , രാവിലെ 8 മണിക്കു അമ്പലനട ബസ്സ്റ്റോ‍ാപ്പിലെത്തുന്നു...നമ്മുടെ സ്വന്തം ശ്രീരാമ ! പക്ഷെ  , ഞാന്‍ എന്റെ യാത്ര മാറ്റി....ബസ്സില്‍ നിന്നും ,  15 പേരെയൊക്കെ പുഷ്പം പോലെ വലിക്കുന്ന, ദുബായിയുടെ ലക്ഷ്വറി വണ്ടിയായ “ ടൊയൊട്ടാ ഹയാസി’ലേക്ക് .പക്ഷെ , അതിന്റെ “ സ്റ്റെപ് നി ടയര്‍ “ താ‍ഴെയാ !

1 comment:

  1. Dear Gopan...
    Mathaayettan aaloru sambavamaayirunnu..thaan paranja aa businte centerile aa invisible boarderinaduthaayittaanu njaan sthiram st.thomas collegil pooyirunnadhu(ragathil morning show kaanaan pooyirunnadhu ennadhaanu kurekoodi nalladhu)aa boarder ethumbol mathaayettanu oru prathyeka dheshyam varum...nammalodalla..chila sthiram njerambu rogikal undu..45,50 vayasaaya poovaalanmaar...avarodu aalu parayum aa poolakkaaya angadu maatti vachu onnu nilkkente manushyaaa....njaanonnu paisa medikkatte ennu..!!!adhoorthu pooyi...good post again..gopan adipoli!!!

    ReplyDelete