Thursday, December 24, 2009

ഡിസംബറിലെ ബൈജു !

ഡിസംബര്‍ 21 , 2009- വല്ല്യ കുഴപ്പമില്ല്യാത്ത ദിവസാ‍യിരുന്നു..ഒരു ദിവസത്തെ ഓഫീസിലെ ‘അഭിനയം’ കഴിഞ്ഞ് വൈകീട്ട് ബര്‍ദുബായിലെ ഞങ്ങള്‍ കുറേ പേര്‍ ( ‘എണ്ണം‘ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട!)ഒരുമിച്ച് താമസിക്കുന്ന ബംങ്ലാവിലെത്തും വരെ.അങ്ങനെ കുടുമ്മത്തെത്തി വളഞ്ഞവഴിയിലൂടെ ‘ ഓര്‍ക്കുട്ട്’ തൊറന്ന് ,ഉന്നം പിടിക്കാന്‍ അറിയാത്തവന്‍ കാടടച്ച് വെടി വക്കുമ്പോലെ അയച്ച ഫ്രന്റ്സ് റിക്വസ്റ്റ്കള് ഏതെങ്കിലും ഏറ്റോയെന്നു നോക്കി..യെവടെ? ഇനി എന്തു ചെയ്യും എന്നു ആലൊചിച്ച് നില്‍ക്കുമ്പോളാണ് നമ്മടെ മെയിന്‍ ഗഡി മോജിത്ത് വിളിക്കണത്.
“ ഡാ , ഒരു കേസ്ണ്ട്..നമ്മടെ ബൈജു വണ്ടിയിടിച്ച് ആശൂത്രീലാ..നമുക്ക് പോയി നോക്കാം “. ഈ ബൈജു എന്നു പറയണ സംഭവം അവന്റെ കൂടെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്നവനാണ്.മാത്രമല്ല , ലവന്‍ ഒരു ‘കട്ടയും’ , എന്റെയും സുഹ്രുത്തും ജിം-ഗുരുവും കൂടിയാണ്.സംഭവം എന്താണെന്നു വച്ചാല്‍ ദയര സിറ്റിസെന്റര്‍ കഴിഞ്ഞുള്ള ട്രാഫിക് സിഗ്നലില് നമ്മടെ ചുള്ളന്‍ അവന്റെ ബജാജ് പള്‍സറുമായി നില്‍കായിരുന്നു..സിഗ്നല്‍ പച്ചയായതും മറ്റു വണ്ട്കള്‍ നീങ്ങിതുടങ്ങിയതും ഗഡി അറിഞ്ഞില്ലാ, അവിടെ കടക്കണോ വേണ്ടയോ എന്നു സശയിച്ചു നില്‍കായിരുന്ന ഒരു മലബാറി ക്ടാവിന് ‘ പോക്കോളൂ കുട്ടീ’ എന്നു കണ്ണ് കൊണ്ട് സിഗ്നലും കൊടുത്ത് നില്‍കായിരുന്നു നമ്മടെ ബൈജു.പെട്ടന്ന് പുറകിലെ വണ്ടി ഹോണടിച്ചതും ഞ്ഞെട്ടിപോയ ചുള്ളന്‍ വണ്ടി ഒറ്റ എടുക്കലായിരുന്നു..അപ്പുറത്തെ ട്രാക്കില്‍ സമാധാനപരമായി പൊവായിരുന്ന ഒരു കാറിന്റെ പള്ളക്ക് പോയിടിച്ച് മറിഞ്ഞ് വീണു.വണ്ടിക്കു ഒന്നും പറ്റിയില്ലാ...അല്ലെങ്കിലും പള്‍സറ് ഉഗ്രന്‍ വണ്ടീയല്ലേ? പിന്നെ ബൈജു...ഉടനെ തന്നെ ആമ്പുലന്‍സ് എത്തി ബൈജുവിനെ പൊക്കി റാഷീദ് ഹോസ്പിറ്റലില് എത്തിച്ചു.
പാവം ബൈജു , കല്യാണ ആലോചന നടക്കണ ചക്കനും , ഡ്രൈവിങ് ടെസ്റ്റുകള്‍ പൊട്ടിയതില്‍ എന്റെ നമ്പറിനോട് അടുത്തെങും എത്തിയിട്ടുമില്ലാത്ത ഒരു നിരുപദ്രവകാരിയായിരുന്നു. കാര്യം ചുള്ളന്‍ ഒരു ഫിലിപ്പിനോക്ടാവിനെ ‘ജാതകം ചേരില്ല്യ ’ എന്നും പറഞ്ഞു കളിപ്പിച്ചവനാണെങ്കിലും , തന്റെ ഈമെയില്‍ ഐ.ഡി. എഴുതിയെടുക്കാന്‍ അറിയാത്ത പെറ്റമ്മയെ ഇങ്ലീഷില് ‘ ഹോ മോം, വാടീസ് ദിസ്, അയാം ഫെഡപ് !” എന്നു വഴക്കു പറഞ്ഞവനാണെങ്കിലും , ദുബായി പോലീസിന്റെ അംബുലന്‍സില്‍ തട്ടീക്കൊണ്ടുപോകാന്‍ മാത്രം തെറ്റുകളൊന്നും ചെയ്തിട്ടില്ലായിരുന്നു.

അങ്ങനെ ഞാനും ,മോജിത്തും പിന്നെ ലവന്റെ ഓഫീസിലെ തന്നെ നവീനും കൂടി റാഷീദ് ഹോസ്പിറ്റലില്‍ ചെന്നപ്പോളുള്ള അവസ്ഥ..! ഹോ, എന്തൊരു ഹോസ്പിറ്റലാ...എന്താ ഇന്റീരിയര്‍ , എന്താ അതിനകത്തെ ഒരു സെറ്റപ്പ്,റ്സപ്ഷനിസ്റ്റുകള്‍,..സീലിങ്ങിന്റേയും ഫ്ലോറിങ്ങിന്റേയും കാര്യം പിന്നെ പറയണ്ട....ശോ‍ാ...വിഷയം മാറിപ്പോയീ...പറഞ്ഞു വന്നത് നമ്മടെ ബൈജൂന്റെ അവസ്ഥയെപ്പറ്റിയാ‍രുന്നു.കഷ്വാലിറ്റിയില്‍ റൂം നമ്പര്‍ മൂന്നില്‍ വലതുകാലില്‍ മുട്ടില്‍ ഒരു വല്യ കെട്ടൂമായി കിടന്ന് ഒരു ഗര്‍ഭിണിയായ ഫിലിപ്പി നേഴ്സിനോട് ചൂടാവുകയാണ് ഗഡി.അവനെ ഒന്നു സമാധാനിപ്പിച്ച് കാര്യം ചോദിച്ചപ്പോഴാണ് ആള് പറയണത്.നേഴ്സിനോട് ബൈജു വെള്ളവും ഫുഡും ചോദിപ്പോ , ‘ നോ ബ്രദര്‍ , യൂ വോണ്ട് ഗെറ്റ് എനിതിങ്ങ് വിത്തൌട്ട് ഡൊക്ടേഴ്സ് പെര്‍മിഷന്‍’ എന്നു പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു എന്നതാണ് പ്രശ്നം.കാര്യം , പരിക്കു അത്ര നിസ്സരമല്ല, കാല്‍മുട്ട് നീരുവന്ന് ഒരുപരുവമായിട്ടുണ്ട്.‘എനിക്കിതു കാ‍ണാന്‍ വയ്യാ ‘ എന്നും പറഞ്ഞ് മോജിത്ത് വാര്‍ഡിനു പുറത്തേക്കു പോയി.പിന്നെ ഞാനും നവീനും കൂടി “വലിയതെന്തോ വരാനുള്ളത് ഇങ്ങനെ പോയീ എന്നു കരുതിയാ മതി, കാറിനു പകരം വല്ല കണ്ടൈനര്‍ ലോറിയുമായിരുന്നെങ്കിലോ, ബൈക്കിന്റെ കിടപ്പു കണ്ടപ്പോ തീര്‍ന്നൂന്നാ വിചാരിച്ചേ!“ എന്നെല്ലാം പറഞ്ഞ് ബൈജൂനെ ‘ആശ്വസിപ്പിച്ചുകൊണ്ടിരുന്നു’!
നെഞുവേദന ബൈജൂനെ ശരിക്കും തകര്‍ത്തുകളഞ്ഞു.” എടാ, ആരെങ്കിലുംമൊന്ന് പോയി ആ ഡോക്ടറോട് ചോദിക്കെടാ , എനിക്കെന്താ ശെരിക്കും പറ്റിയതെന്ന്..ഞാന്‍ മരിച്ചു പൂവുമെന്നാ തോന്നണേ..ചിലപ്പൊ എന്നോട് പറഞ്ഞാല്‍ ഞാന്‍ വിഷമിക്കണ്ടാന്ന് വിചാരിച്ച് ആള് പറയാത്തതാവും ‘ എന്നൊക്കെ പറയാന്‍ തുടങ്ങി.അങ്ങനെ അവന്റെ സമാധാനത്തിനു വേണ്ടി ഞങ്ങള് ഡോക്ടറെപോയിക്കണ്ടു.”ഏയ്, കര്യായിട്ടൊന്നൂല്ലാ..വീഴ്ചയിലുണ്ടായ പേടിയാണ്.കാല്‍മുട്ടിലെ ബ്ലഡ് കട്ടപിടിച്ചിട്ടുണ്ട് , അതു വലിച്ചെടുക്കണം .”എന്നു പറഞ്ഞു.എന്നിട്ട് പ്രസവവാര്‍ഡില്‍നിന്നും ആണുങ്ങളെ മാറ്റുണ പോലെ ഞങ്ങളെ റൂമില്‍ നിന്നും മാറ്റി.ആദ്യമായി നേഴ്സറി ക്ലാസിലാക്കി പോകുന്ന അച്ഛനമ്മമാരെ കുട്ടികള്‍ നോക്കുമ്പോലെ ബൈജു ഞങ്ങളെ നോക്കി , ഡോക്ടര്‍ അകത്തു കയറി, റൂമിന്റെ കര്‍ട്ടണ്‍ വീണു...ബൈജുവിന്റെ ‘സങതികള്‍’ എല്ലാം കറക്റ്റായ നിലവിളി കേട്ടു!
വാര്‍ഡിനു വെളിയില്‍ ഇറങ്ങിയ ഞങ്ങള്‍ കണ്ടത് ‘ ഇതൊന്നും കാണാന്‍ വയ്യതെ’ നേരത്തെ പുറത്തിറങ്ങിയ മോജിത്തും അവരുടെ ഓഫീസിലെ കണക്ക്പ്പിള്ള ചന്ദ്രേട്ടനും കൂടി ‘ലേയ്സ്’ ചിപ്സും , ജൂസും കഴിക്കണ കാഴചയാണ്.മഹാപാപികള്‍ , അതു മുഴുവന്‍ തീര്‍ത്തിരിക്കണു !
എന്തായാലും , പുറത്ത് നിന്നു കുറച്ചു നേരം ‘ടെന്‍ഷന്‍ ’ മാറ്റിയശേഷം , ‘ഇനിയും വൈകിയാ ഭാര്യയുടെ അക്ഷരശ്ലോകം കേള്‍ക്കേണ്ടി വരുമെ‘ന്ന് പറഞ്ഞ് ചന്ദ്രേട്ടനും,പിന്നാലെ നവീനും കൂടി എസ്കേപ്പായീ.പിന്നെ ഞാനും മോജിത്തും കൂടി തിരിച്ചു റൂമിലെത്തിയപ്പോ , ‘ഡെലിവറി‘ കഴിഞ്ഞപോലെ ഹോസ്പിറ്റലിലെ നീലനിറത്തിലുള്ള‘നൈറ്റി’പോലത്തെ ഒരു ഡ്രസ്സുമുട്ട് തളര്‍ന്നവശനായി ബൈജു കിടക്കണു.ഡോക്ടര്‍ പറഞ്ഞു, ‘ ഹീ ഈസ് ഓക്കെ നൌ‍..നത്തിങ്ങ് സീരിയസ് ,വി ആര്‍ ഡിസ്ചാര്‍ജിങ്ങ് ഹിം”..കൊണ്ടോക്കോളാന്‍ !
അങ്ങനെ ഒരു വീല്‍ചെയറിലിരുത്തി ,എവിടേയും തട്ടാതേയും മുട്ടാതേയും ബൈജൂനെ ഞങ്ങ പുറത്തെത്തിച്ചു.ഇനി അടുത്ത പ്രോബ്ലം, ലവനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോണം, ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുമായി.കാരണം , കാറോടിച്ചിരുന്നവനെ സ്റ്റേഷനില്‍ എടുത്തുവച്ചിരിക്ക്യായിരുന്നു....കാരണം,ഈ സാധനമെങ്ങാന്‍ ആശുപത്രീല്‍ കിടന്നു പടമായാലോ?! പിന്നെ ബൈജൂന്റെ ബേഗും മൊബൈല്‍ ഫോണുമൊക്കെ അവിടാരുന്നു.അങ്ങിനെ, റഹീമെന്ന സുഹ്രുത്തിന്റെ കാറില്‍ അവനെയും കയറ്റി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
‘മുറാഖാബാ‍ത് ‘ പോലീസ്സ്റ്റേഷന്‍ ..നല്ല ഐശ്വര്യമുള്ള ബില്‍ഡിങ്ങ്,വിശാലമായ പാര്‍ക്കിങ്.മോജിത്തും റഹീമും കൂടി ‘ദിപ്പൊ വരാം’ എന്നും പറഞ്ഞു അകത്തു പോയി .കുറച്ചുകഴിഞ്ഞപ്പോള്‍ , ദേ ഒരു പോലീസുകാരനും അവന്മാരുടെ കൂടെ.അയാള്‍ വന്നിട്ടു ബൈജൂനെ നിരീക്ഷിച്ച ശേഷം ‘നഷ്ടപരിഹാരം എന്ത്ങ്കിലും വേണൊയെന്നു ചോദിച്ചു.ഇതു കേട്ടതോടെ നമ്മടെ ബൈജു ആശുപത്രീന്ന് ഫ്രീയായി കിട്ടിയ ‘നൈറ്റി’ മാറി കാറിലുണ്ടായിരുന്ന ഷര്‍ട്ടും ബര്‍മുടയും എടുത്തിടലും , ‘ എന്നെ പൊക്കിയേടാ’ എന്നെന്നോട് ഓര്‍ഡറിടലും വളരെ പെട്ടന്ന് കഴിഞ്ഞു.അങ്ങിനെ, കഴുത്തില്‍ തൂങ്ങിയ നിലയില്‍ ബൈജുവിനേയും കൊണ്ട് ഞാന്‍ വലതുകാല്‍ വച്ച് സ്റ്റേഷനകത്തു കയറി.ദുബായില്‍ വന്നിട്ട് നടാടെ പോലീസ് സ്റ്റേഷനില്‍ കയറ്വാണേയ്..ഐശ്വര്യം ഒട്ടും കുറയണ്ടാ! ഞങ്ങളെ സ്വീകരിച്ചാനയിച്ച് റൂം നമ്പര്‍ പത്തിലേക്കെത്തിച്ചു...അവിടെയാണത്രേ നഷ്ടപരിഹാരം കൊടുക്കണ സ്ഥലം! അവിടെ രണ്ടു കമ്പ്യൂടറുകളും രണ്ട് പോലീസുകാരും ഇരിപ്പുണ്ട് , ഇഷ്ടമ്പോലെ കസേരകളും.ബൈജൂനെ ഒരു കമ്പ്യൂടറിനു മുന്നില്‍ പ്രതിഷ്ടിച്ച ശേഷം , ഞങ്ങള്‍ നല്ല കസേര നോക്കി ഇരുന്നു . ങ്ങങ്ങളുടെ നേരെ ഇടിച്ച കാറോടിച്ചിരുന്നവനും ഇരിപ്പുണ്ട്.
( ഇനി ബൈജുവും പോലീസുകാരും തമ്മിലുള്ള സംഭാഷണം , മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. അകത്തു കയറുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും ധൈര്യവും ബൈജുവിനും ഞങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു )
പോലീസ് : എന്താ പറ്റിയെ ?
ബൈജു: ഏ !...ആക്സിഡന്റാ !
പോ: എന്നിട്ട് പരിക്കൊന്നുമില്ലല്ലൊ?
ബൈജു: ഒരു ലുക്കില്ലന്നേയുള്ളൂ..അകത്ത് ഭയങ്കര പരിക്കാ..ഒരു മാസത്തേക്ക് പണിക്കു പൂവാന്‍ പറ്റില്ലാ..
പോ: ഊം..ഇപ്പൊ എന്താ വേണ്ടേ ?..
ബൈജു : അല്ലാ..നഷ്ടപരിഹാരം...എന്റെ മരുന്ന് , ചിലവ്..ശമ്പളം.
പോ: ഇപ്പൊ എത്രയാ വേണ്ടേ ? കേസാക്കേണ്ടീ വരും.
ബൈജു : ഒരു പതിനായിരം മതി! കേസാക്കാം..
ബൈജു ( എന്നോട്) :ഡാ, എന്നെ പിടിച്ചോ ...എനിക്കു വാളു വെക്കണം ,കക്കൂസില്‍ പോണം , എനിക്കു തല തിരിയണൂ !
ഞാന്‍ വിചാരിച്ചു , യവന്‍ ചുമ്മ പറഞ്ഞതണെന്നു, പക്ഷെ , ബൈജു ആള് സീരിയസായിരുന്നു! ‘ ഇപ്പൊ കൊണ്ടോയില്ലെങ്കില്‍ അതിവിടെ നടത്താനും മടിക്കില്ല്യ ‘ എന്നു അവന്റെ അവന്റെ ഫേഷ്യല്‍ എക്സ്പ്രഷനില്‍ നിന്നും മനസ്സിലായി. അരയില്‍ തോക്കും കെട്ടിവച്ച് ‘സാധനം പുറത്തേക്കെടുക്കണോ ‘ എന്ന റോളില്‍ നില്‍ക്കണ ആ പോലീസുകാരുടെ മുന്നില്‍‍ വച്ച് ‘ എന്തെങ്കിലും’ സംഭവിച്ചാലുള്ള അവസ്ഥയോര്‍ത്ത് ഞാന്‍ ശെരിക്കും ഞെട്ടി. ദയനീയമായി മോജിത്തിനേയും റഹീമിനേയും നോക്കിയപ്പോ , രണ്ടു ഡേഷുകളും ഇങ്ങോട്ട് തീരെ ശ്രദ്ധിക്കാതെ, സ്റ്റേഷന്റെ ഇന്റീരിയറ് ഡിസൈനെപ്പറ്റി ഡിസ്കഷനൈലയിരുന്നു! അങ്ങനെ ബൈജൂനേയും തൂക്കി ബാത്രൂമില്‍ കൊണ്ടോയി ‘കാര്യം’ നടത്തിയ ശേഷം , തിരിച്ചു വന്നപ്പോ രണ്ട് പോലീസ് കൊണാപ്പന്മാരും കൂടി കമ്പൂടറിനെ തട്ടി നോക്കുന്നു , ഞോണ്ടിനോക്ക്ക്കുന്നു.സിസ്റ്റം പെട്ടന്ന് ഓഫായത്രെ! അപ്പൊ മോജിത്താണ് പറഞ്ഞത് , പോലീസുകാരില്‍ ഒരുത്തന്‍ അവന്റെ ബ്ലാക് ബെറി ‘ ചാര്‍ജ് ചെയ്യന്‍ വേണ്ടി ഊരിയ പ്ലഗ് മാറി, സി.പി.യൂവിന്റെ പ്ലഗ് ഊരിയതാണ് സംഭവം. ഇതൊന്നും ശ്രദ്ധിക്കാതെ സ്ക്രീന്‍ല്‍ നോക്കിയിരിക്ക്യരുന്ന മറ്റെ പോലീസുകാരന്‍ കമ്പ്യൂടറിനെന്തോ ‘അത്യാപത്ത്’ സംഭവിചിരിക്കുന്നു എന്ന് വിചാരിച്ച് ആകെ ടെന്‍ഷനിലയി.എന്തായാലും കുറേ നേരത്തെ ‘ഇന്‍-വെസ്റ്റിഗേഷനു’ ശേഷം , അവര്‍ക്ക് സംഭവം ക്ലിയറായി , എല്ലാം വീണ്ടും ‘ചാലൂ’ ആക്കി.അങ്ങിനെ , കുറേ നേരത്തെ ചോദ്യോത്തരവേളക്ക് ശേഷം, കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസുകാരന്‍ പ്രഖ്യാപിചു.‘ യള്ളാ , ജാവോ !” എന്നും കൂടി കേട്ടപ്പോള്‍ ,വീണ്ടൂം നമ്മടേ മൊതലിനെയും കൊണ്ട് സ്റ്റേഷനു പുറത്തേക്ക്...സമയം രാത്രി(പുലര്‍ച്ചെ)രണ്ടു മണി !

4 comments:

  1. പിന്നീടെന്തായി? ലത് വല്ലതും തടഞ്ഞൊ? ശൈലി നന്നായിരിക്കുന്നു. എനിക്കിഷ്ടായി...

    ReplyDelete
  2. hihi...kollaaaaam....ee blog engaanum keri hit aaayall...!! ninte kaaaraym katta poka..!!

    Muraqabad police station..avidathe..aa arabi..police..avan engaanum itharanjaaal...

    ReplyDelete
  3. changathi kalakkitto.... Pinne nammude main gadi MOjiyude performance apaaram thanne!!!

    ReplyDelete
  4. :-) nice... balance koode kelkan wait cheyyunnu :-)

    ReplyDelete