Tuesday, December 8, 2009

ദുഫായിലോട്ട് !!!

ആവശ്യത്തില്‍ കൂടുതല്‍ ഗള്‍‍ഫുകാരുള്ള കേരളത്തിലെ പല നാടുകളില്‍ ഒന്നായിരുന്നു ത്രിക്കൂരും.അതു കൊണ്ട് തന്നെ ഗള്‍ഫ് കഥകള്‍ , എസ്പെഷ്യലി ‘ദുഫായി’ കഥകള്‍ ഞാനും കേട്ടിരുന്നു.ഗുള്‍ഫില്‍ പോയിട്ടുള്ള ഞങ്ങടെ നാട്ടിലെ ചില ചേട്ടന്മാര്‍ ലീവില്‍ വരുമ്പോള്‍ കാണിക്കുന്ന ഒരോ വേഷംകെട്ടലുകളും പിന്നെ മണികുട്ടന്‍ എന്ന ‘ തള്ളൂവീരന്‍’ ( അതായത് , പത്ത് ശതമാനം സത്യവും ബാക്കി ‘നുണ’ എന്നു സിമ്പളായി പറയുന്ന ‘വെടിമരുന്നും ‘ ചേര്‍ത്ത കഥകള്‍ പറയുന്നവന്‍ - എന്ന് ത്രിശ്ശൂര്‍ ഭാഷയില്‍ അര്‍ഥം) തള്ളീവിടുന്ന കഥകളും ഓര്‍ത്താണ് ഞാന്‍ ഈ ദുബായിയുടെ ഒരു “ സിനിമാറ്റിക് സെറ്റ് ‘ എന്റെ മനസ്സിലിട്ടത്. നമ്മടെ മണിക്കുട്ടന്‍ പറയണ ഒരോ കാര്യങ്ങളേ... “ എന്റെ അച്ഛന് കമ്പനി കാര്‍ കൊടുത്തിട്ടൂണ്ട് , എന്റെ അച്ഛന്റെ കാര്‍ ഏ.സി. ആണ്, ആളുടെ റൂം ഏ.സി. ആണ് , ദുബായിയില്‍ ഡ്രൈസിങ്ങ് ലൈസന്‍സ് ഉള്ള വളരേ കുറച്ചു പേറെയുള്ളു, (സ്വാഭാവികമായും ലവന്റെ അച്ഛനും അതുണ്ട്!) , ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍ ഒരു അമ്പതിനായിരം ദിര്‍ഹംസ് ആവും ! ( അപ്പോഴത്തെ ഒരു ഐഡിയ വചു ഞാ‍ന്‍ കൂട്ടി നോക്കി- 50,000 * 12 = 6 ലക്ഷം ..ഹും ചുമ്മാതല്ല...’ വളരെ കുറച്ചു പേര്‍ക്കു മാത്രം ലൈസന്‍സ് ഉള്ളത് ! ). സംഗതി ചുള്ളന്‍ റുപീസിന് പകരം ദിര്‍ഹംസ് എന്ന് തെറ്റി പറഞ്ഞതാ !ഇതു പക്ഷെ സഹിക്കാം . വേറൊരു ദുഫായിക്കാരന്‍ “ നമ്മടെ അമ്പലത്തില്‍ ഇപ്പോഴും കതിന തന്നെയാണോ പൊട്ടിക്കണെ ?!!” എന്നു ചോദിക്കുന്നത് കേട്ടീട്ട് തീ കൊടുക്കാന്‍ റെഡിയായി നിന്ന വെടിക്കെട്ടുകാരന്‍ “ ഇനീപ്പോ ഇതു കത്തിക്കണോ “ എന്ന കണ്‍ഫ്യൂഷനില്‍ കുറച്ചു നേരം നിന്നു ! ഈ ചേട്ടന്റെ വേറൊരു കഥയും ഉണ്ട്. ഒരിക്കല്‍ ഉത്സവപിരിവിന് ഗഡീടെ വീട്ടില്‍ ചെന്നു, ഞാനടക്കം നാട്ടിലെ മെയിന്‍ ആള്‍ക്കാര്‍ (?)എല്ലാരും ഉണ്ട്.വീടിന്റെ ഉമ്മറത്തു തന്നെ, ചുവന്ന കളറില്‍ ‘ ദുബായി’ എന്ന് ഇങ്ലീഷില്‍ എഴുതിയ മഞ്ഞ ടീഷര്‍ട്ടും ഇട്ട് ഫൊറിന്‍ ലുങ്കിയുമുടുത്ത് ആള് നില്‍പ്പുണ്ട്. “ ചേട്ടാ , കാര്യായിട്ട് എന്തെങ്കിലും ചെയ്യണം , മൂന്ന് നാല്‍ ലക്ഷം ചിലവുള്ള കാര്യാണ് “ എന്ന സ്ഥിരം ഡയലോഗ് എടുത്തിട്ടു.അപ്പോ ചുള്ളന്‍ പറഞ്ഞ ഡയലോഗാണ് ..” എന്നാ ഒരു കാര്യം ചെയ്യ്...ഒരു മൂന്ന് ലക്ഷം എന്റെ പേരിലെഴുതിക്കോ...പിന്നെ ബാ‍ക്കി പിരിച്ചാല്‍ മതീലോ !”.ഞങ്ങള്‍ക്കു ത്രിപ്തിയായി, ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ അയര്‍ലണ്ട് ടീമിനെപ്പോലെ ‘വിജശ്രീലാളിതരായി’ ഞങ്ങള്‍ അവിടെ നിന്നും ‘യു’ ടേണ്‍ എടുത്തുപോന്നു. ഞാന്‍ ദുഫായിയില്‍ പോയാല്‍ ഒരിക്കലും ഈ ഡേഷിനെപോലെ ആകില്ലെന്നും , വളരെ സിമ്പളായ ഒരു “വല്യ പണക്കാരനായി“ ജീവിക്കുമെന്നും എന്റെ കയ്യിലുള്ള‘ ത്രിക്കുര്‍ മഹാദേവ്ക്ഷേത്രോത്സവം 2005’ എന്നെഴുതിയ നോട്ടീസുകളെ സാക്ഷിയാക്കി ഞാന്‍ തിരുമാനമെടുത്തു!
പക്ഷേ , ആ തിരുമാനം നടപ്പാക്കാന്‍ ഇങ്നു ദുഫായില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു കഴിഞ്ഞില്ല്യാ...വേറൊന്നും കൊണ്ടല്ലാ, ഇതുവരെ “ പണക്കാരനായിട്ടില്ല !..അല്ലെങ്കില്‍ ഞാന്‍ നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തേനേ..ഒരു പണക്കാരനായ ദുബായിക്കാരന്‍ എങനെ നാട്ടുകാരോട് പെരുമാറണമെന്ന് !
കുറച്ചു മാസങ്ങള്‍ക്കു ശേഷം , കുഞ്ഞമ്മാവന്‍ , എന്റെ അമ്മയുടേയും ,നാട്ടുകാരുടേയും ശക്തമായ സമ്മര്‍ദ്ദം താങ്ങാനാവാതെ എനിക്കു ഒരു യു.എ.ഇ വിസിറ്റ് വിസ എടുത്തു.
അങ്ങനെ അച്ഛനേയും അമ്മയേയും ,തല്ലാനും ചീത്ത പറയാനും എനിക്കു ഫുള്‍ റൈറ്റ്സ് ഉള്ള എന്റെ അനിയത്തിയേയും ,ജനിച്ചു വളര്‍ന്ന വീടിനേയും, ത്രിക്കൂര്‍ അമ്പലവും അമ്പലനടയിലെ ആല്‍മരത്തണലിനേയും,എന്റെ കൂട്ടൂകാരേയും,ഒളിമ്പ്യ ജിം-നേഷ്യത്തേയും,ജീവിതത്തില്‍ ആദ്യമായി “ ഉം..എനിക്കും ഇഷ്ടാ.!” എന്ന സിഗ്നല്‍ തന്ന ലവളേയും വിട്ട് ...ഞാന്‍ , അമ്മയുടെ വള പണയം വച്ചെടുത്ത ഇന്‍ഡ്യന്‍ എയര്‍ലയന്‍സ് ടിക്കറ്റില്‍ ഷാര്‍ജയില്‍ ‍ വന്നിറങ്ങി.അവിടെ എയര്‍പോര്‍ട്ടിലെ ചടങ്ങുകള്‍ അറിയാത്തതുകൊണ്ട് ,അവിടെയുള്ള ഒരോ ക്യൂവിലും കയറിയിറങ്ങി. ഫ്ലൈറ്റില്‍ വച്ച് ഫുഡ് കഴിച്ച് ശേഷം , പതിവു പോലെ , “ കുറച്ചും കൂടി “ എന്നു ചോദിച്ചപ്പോള്‍ കണ്ണുരുട്ടിക്കാണിച്ച ആ എയര്‍ ഹോസ്റ്റസ് അവിടെ നില്‍പ്പുണ്ടായിരുന്നു..ഹും..അഹങ്കാരി !
ഒറിജിനല്‍ വിസ ഏതോ ഒരു കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങി, അതിനു ശേഷം കണ്ണ്, മൂക്ക് ടെസ്റ്റിങ്ങുകള്‍ എല്ലാം കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി. അവിടെ അജ്മാനില്‍ താമസിക്കുന്ന നമ്മടെ അമ്മാവന്‍ പുലിയും അമ്മായിയും ,‘കുട്ടി പുലി ‘ അപ്പുവും നില്‍പ്പുണ്ടായിരുന്നൂ.നാട് വിട്ട വിഷമവും ആദ്യത്തെ ആകാശയാത്രയുമായി അതുവരെ ഫുള്‍ റ്റെന്‍ഷനിലായിരുന്ന ഞാന്‍ ആശ്വാസത്തോടെ അവരുടെ അടുത്തേക്ക് ഓടിചെന്ന് ചോദിച്ചു..” അമ്മായീ , വീട്ടില്‍ എന്തൂട്ടാ കഴിക്കാനുള്ളേ ?!”.
അങ്ങനെ അവരുടെ അജ്മാനിലുള്ള വീട്ടില്‍ ഞാനും കൂടിയായി.വീട്ടുകരേയും നാട്ടൂകാരേയും പിരിഞ്ഞ വിഷമം ഞാന്‍ ടി.വി. കണ്ടും , ഉറങ്ങിയും ഫുഡ്ഡിന്റെ അളവു കൂട്ടിയും അമ്മാവന്റെ 8 വയസ്സുള്ള പയ്യനെ ചെസ്സില്‍ മലര്‍ത്തിയടിച്ചും അങ്ങു സഹിച്ചു..അവര്‍ എന്നേയും. ഓണക്കാലത്തിനു മുന്‍പ് അരിയും സാധനങ്ങളും സപ്പ്ലേകോ സംഭരിക്കുമ്പോലെ , ഞാന്‍ വരുന്നതിനു മുന്‍പ് ദീര്‍ഘദര്‍ശിനിയായ അമ്മായി
നേരത്തെ തന്നെ ഫൂഡൈറ്റംസ് സ് റ്റൊക്ക് ചെയ്തിരുന്നതുകൊണ്ട് വീട്ടില്‍ ഒരു ഭക്ഷ്യദുരന്തം ഒഴിവായി !
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ ദുബായിലെ കരാമയിലുള്ള നമ്മടെ മറ്റൊരു അടുത്ത ബന്ധുവായ ജയന്‍ ചേട്ടന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു.ദുബായില്‍ എന്റെ ത്രിപ്പാദങ്ങള്‍ വച്ച്, മൂന്നാം നാള്‍ ദുബായി ഭരണാധികാരി ‘ ഹിസ് ഹൈനെസ് ഷൈഖ് മക് തൂം’ അന്തരിച്ചു!രണ്ടാഴ്ചത്തെ അവധിയും ദുഖാചരണവും...എല്ലാ കമ്പനികളും അവധി..സോ..നോ ചാന്‍സസ് ഓഫ് ഇന്റെര്‍വ്യൂസ്..!ബെസ്റ്റ്..‘എവിടെപ്പോ‍യാലും എനിക്കിതാണല്ലോ യോഗം ദൈവമേ ?‘ എന്നു ഞാന്‍ വെറുതെ വിചാരിച്ചു.പക്ഷെ , അതിനു ശേഷം രണ്ടാമത്തെ ഇന്റര്‍വ്യൂവില്‍ തന്നെ ത്രിക്കൂരപ്പന്‍ സഹായിച്ച് എനിക്കു പണി കിട്ടി ! ( അല്ലാ..ജോലി തന്നെ ).
അങനെ ഞാനും ഒരു ദുബായി വിസാക്കാരനായി. പണ്ട് മണിക്കുട്ടന്‍ പറഞ്ഞ പോലെ ,‘മൂട്ട’എന്ന ക്ഷുദ്രജീവിയുടെ നുഴഞ്ഞുകയറ്റ ഭീഷണിയുള്ള ഒരു ഏ.സി. റൂമില്‍, 6 അടി X 2 അടി സൈസിലുള്ള ഒരു ബെഡ്സ്പേസ് സ്വന്തമാ‍ക്കി , “ നാല്പതിനായിരം ദിര്‍ഹംസ്” ചിലവുള്ള ഡ്രൈസിങ് ലൈസന്‍സും ! ഇനി ഒരു വല്യ പണക്കാരനാവണം.....ഈശ്വരാ‍ാ...!!

1 comment:

  1. മുന്നെ വായിച്ചതാണ് കമന്റ് ഇപ്പോളാണെന്നു മാത്രം…നന്നായി….ഇനിയും അനുഭവങ്ങൾ എഴുതൂ

    ReplyDelete