ധനു ഒന്നാം തിയതി..അന്നാണ് ത്രിക്കുരുകാരുടെ മകരവിളക്കായ ‘ ദേശവിളക്ക്’ ഞങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കണത്.വൈകീട്ട് തുടങ്ങി , രാത്രി മുഴുവനും , പിന്നെ പുലര്‍ച്ചെ 5 മണി വരെയും നീളുന്ന പരിപാടികള്‍ .വാഴപ്പിണ്ടി കൊണ്ടുണ്ടക്കിയ അഞ്ചമ്പലങ്ങളും , അയ്യന്‍പാട്ടും,ഭജനയും, ആനയും പഞ്ചവദ്യവുമായി എഴുന്നള്ളിപ്പും.എന്റെ തറവാടിന്റെ തൊട്ടടുത്തുള്ള കിഴക്കേ അമ്പലനടയിലാണ് വലിയ ആല്‍മരത്തിന്റെ തണലില്‍ ടാര്‍പായ കൊണ്ട് പന്തലുണ്ടാക്കി , കല്യാണ്യേച്ചി ചാണകം മെഴുകിയ നിലത്ത് , അയ്യപ്പന്‍ പാട്ട് ടീമിന്റെ ക്യപ്റ്റനായ ശ്രീ. അയ്യപ്പേട്ടനും ഗ്യാങ്ങും വാഴപ്പിണ്ടികൊണ്ട് മനോഹരമായി അമ്പലങ്ങള്‍ തീര്‍ക്കുന്നത്. ഈ കുഞ്ഞമ്പലങ്ങള്‍ എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ വല്യ അതിശയമായിരുന്നു.കുറേക്കാലം ഈ ദേശവിളക്കിന്റെ കമ്മറ്റി പ്രസിഡന്റ് , ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മുരളി എന്ന ഒരു ഗഡിയായിരുന്നു.വെള്ളപ്പള്ളീയേയും , നാരയണപണിക്കരേയും പോലെ ഇങ്ങേര് ആ സ്ഥാനം വേറെ ആര്‍ക്കും കൊടുക്കില്ല്യ.കാരണം,നാട്ടുകാര്‍ക്കും പിന്നെ ആള്‍ക്കും അതൊരു ശീലമായിപ്പോയീ..അതന്നെ! വിളക്കിന് ഒരുമാസം മുന്‍പേ ഒരു ഞായറാഴ്ച ദേശവിളക്ക് കമ്മറ്റി മീറ്റിങ്ങ് ഉണ്ടാവും.പക്ഷെ , ഇതിന്റെ നോട്ടീസ് നാട്ടുകാര് കാണുക തിങ്കളാഴ്ച രാവിലെയായിരിക്കും.സ്വഭാവികമായും , നമ്മടെ മുരളിയേട്ടനും ഞായറാഴ്ച അമ്പലത്തില്‍ ഭജനക്ക് വരണ കുറെ പിള്ളേരും ആവും മീറ്റിങ്ങിലെ മെയിന്‍ ആള്‍ക്കാര്‍.
ഭജനക്ക് ഞാനടക്കമുള്ള പിള്ളേരുണ്ടാവാന്‍ കാരണം ഭക്തി മാത്രമായിരുന്നില്ല. പിന്നെയോ , ത്രിക്കൂരിലെ ചുരുക്കം ബുദ്ധിജീവികളില്‍ ഒരാളായ ഗിരിയേട്ടന്റെ നേത്രുത്വത്തില്‍ ഒരു മണിക്കൂറ് ഇരുന്നു ആളുടെ ഒപ്പം ഇരുന്ന് ഉറക്കെ നാമം ചൊല്ലി തീരുമ്പോള്‍ അമ്പലത്തില്‍ നിന്നും തരാറുള്ള നെയ്പായസം ആന്റ് അപ്പം ആയിരുന്നു.‘മംഗളം’ പാടി തീര്‍ത്ത് ഞാന്‍ ഓടി ചെല്ലും , ചുറ്റമ്പലത്തിലേക്ക് ..എന്നിട്ടു “ വാര്യര്‍മാന്‍ , പായസം എവട്യാ ? “ എന്നൊരു ചോദ്യമാണ് .അപ്പൊ ആള് തിരുമേനിയുടെ കയ്യില്‍ നിന്നും ചെറിയ ഉരുളി അങ്ങനെ തന്നെ വാങ്ങി കയ്യില്‍ തരും. പിന്നെ പായസ വിതരണം,ചുറ്റമ്പലത്തോട് ചേര്‍ന്നുള്ള പാറപ്പുറത്ത് വച്ച്, എന്റെ നേത്രുത്വത്തില്‍...എല്ലാര്‍ക്കും കൊടുത്ത ശേഷം (എല്ലാര്‍ക്കും കിട്ട്യാ, കിട്ടി..അത്രന്നെ!),കൈ കൊണ്ട് ഉരുളി ‘ക്ലീന്‍ ‘ ചെയ്ത ശേഷം, അവിടെ പൂജക്കുള്ള പാത്രങ്ങള്‍ കഴുകുന്ന പറുട്ട്യമ്മയുടെ കയ്യില്‍ പതുക്കെ വച്ചു കൊടുത്ത ശേഷം ഒറ്റ മുങ്ങലാണ്, കുടുമ്മത്തേക്ക് ! അങ്ങനെ പായസം കഴിച്ച് പോകുന്ന പിള്ളേരാണ് 'വിളക്ക്'കമ്മറ്റി മീറ്റിങ്ങിന് കൂടുതലും ഉണ്ടാവുക.അങ്ങനെ നമ്മടെ മുരള്യേട്ടന്‍ പുലി ‘ കമ്മറ്റി ഇന്‍ ചാര്‍ജ്’ ആയി ഡിക്ലയര്‍ ചെയ്യപ്പെടും,കാരണം ഈ പിള്ളാര്‍ക്കെല്ലാം അങ്ങേരെ വല്യ പേടിയാ(പിള്ളേര്‍ക്കു മാത്രം)..അവരെല്ലാം കോറസായി പറയും,“ മുരള്യേട്ടന്‍ തന്നെ മതി “.അങ്ങനെ ചുള്ളന്‍ എല്ലാ കൊല്ലവും കമമറ്റി പ്രസിഡന്റാവുന്നത് തികച്ചും യാദ്രിശ്ചികം മാത്രം!
അതിനു ശേഷം, പിരിവ് ആരംഭിക്കും, അതും മുരള്യേട്ടന്റെ നേത്രുത്വത്തില്‍ തന്നെ.വാഴക്രിഷിയുള്ള വീടുകളില്‍ നിന്നും അവരുടെ പറമ്പിലെ നല്ല വാഴപ്പിണ്ടികള്‍ നൊക്കി , അതും പിരിവായി രസീറ്റില്ലാതെ വാങ്ങും.ആളുടെ പിരിവു രീതികളും രസകരമാണ്. വല്ലോരുടേയും വീട്ടില്‍ കേറിച്ചെന്ന് “ ആ , ചേട്ടാ ഒരു നൂറ്റിയൊന്ന് എഴുതീട്ട്ണ്ട് , കൊടുത്തെ! അയ്യപ്പസാമീടെ കാര്യാണ്..അറിയാല്ലോ, ഇക്കൊല്ലം ഗംഭീര പരിപാടികളാണ്.( എന്താണെന്നു ചോദിക്കാന്‍ പാടില്ല്യ!).ആ ചേച്ചി , പിന്നേയ് , ആ കിഴക്കു ഭാഗത്തെ വാഴ രണ്ടെണ്ണം പിള്ളേര് വെട്ടീട്ട്ണ്ട്, അയ് , അമ്പലം പൂട്ടാനാണ് “(അമ്പലം ഉണ്ടാക്കാന്‍ ), ഇമ്മാതിരി ഡയലോഗുകളാണ്. ‘ അല്ലാ മുരള്യേ , ആ വാഴാ..” എന്നു വീട്ടുകാര് തുടങ്ങുംബോഴേക്കും, ചുള്ളനും ടീമും വാഴയും പിരിവും കൊണ്ട് പോയിട്ടുണ്ടാവും.പിന്നെ, ഒരു നല്ല കാര്യത്തിനല്ലേ , എന്നു കരുതി എല്ലാരും അങ്ങുസഹിക്കും.
സാധാരണ ഈ കമ്മറ്റിയില്‍ നോം ഇണ്ടാവാറില്ല , കാരണം എന്റെ ശ്രദ്ധ മുഴുവനും, കൂടുതല്‍ ഗ്ലാമറും പോപ്പുലാരിറ്റുയുമുള്ള എട്ട് ദിവസത്തെ ത്രിക്കുര്‍ ഉത്സവത്തിലായിരുന്നു.സാധരണ ‘ദെശവിളക്ക്’ ഞങ്ങള്‍ കോളേജ് പയ്യന്‍സിന്,ത്രിശൂര്‍ പൂരത്തിനു മുന്‍പുള്ള ‘സാമ്പില്‍ വെടിക്കെട്ട് ‘ പോലെ ഉത്സവത്തിന് മുന്‍പുള്ള ഒരു റിഹേഴ്സല്‍ ആയിരുന്നു. അതായത്,ഈ ഉത്സവത്തിന് എന്തൊക്കെ ഉഡായിപ്പുകള്‍ പ്രതീക്ഷിക്കാം ? എന്നതിന്റെ ഒരു സൂചന നല്‍കനുള്ള ഒരു അസുലഭസന്ദര്‍ഭം. ദേശവിളക്ക്,ഉത്സവം, മതിക്കുന്ന്-അയ്യപ്പങ്കുന്ന് പൂരങ്ങള്‍ തുടങ്ങിയ ത്രിക്കൂരിലെ പ്രധാന ആഘോഷങ്ങള്‍ നടക്കണ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഞങ്ങള്‍ ത്രിക്കുര്‍ പുലികളുടെ കളരിയായ ‘ ഒളിമ്പ്യാ ജിമ്മില്‍’ പോലും തിരക്കു കൂടും , കാരണം അമ്പലങ്ങളില്‍ ഷര്‍ടൂരിയുള്ള ബോഡിഷോകള്‍ തന്നെ. അമ്പലത്തില്‍ ചെന്ന് രണ്ട് കയ്യും കൂപ്പി, ബൈസെപ്സ് ടൈറ്റാക്കിയുള്ള പ്രാര്‍ഥന,’പുഷപ്’ എടുക്കുമ്പോലെയുള്ള കമഴ്ന്ന് കിടന്നുള്ള നമസ്കരിക്കല്‍ ,’ഫോര്‍-ആംസ്’ ടൈറ്റാക്കി തിരുമേനിയുടെ കയ്യില്‍ നിന്നും പ്രസാധം വാങ്ങല്‍ ,ദര്‍ശനശേഷം ചുറ്റമ്പലത്തിനു പുറത്ത് കൈ രണ്ടും പിണച്ച് വച്ച് ചെസ്റ്റില്‍ മാക്സിമം പ്രഷര്‍ കൊട്ത്ത് , ഏതാണ്ട് ദുബായിലെ ഡാന്‍സ്ബാറുകള്‍ക്കു മുന്നില് നിക്കണ നീഗ്രോ കട്ടകളുടെ പോസിലുള്ള നില്പ് - തുടങ്ങിയവയാണ് അമ്പലത്തിനകത്തെ ‘ബോഡിഷോ’കള്‍ കോണ്ട് ഉദ്ദേശിക്കുന്നത്.
പക്ഷെ ഒരു കൊല്ലം,ഞാനും നിഷാദും , മാമന്റെ മോന്‍ - ഞങ്ങള്‍ ‘സാമി’ എന്നു വിളിക്കണ ജിതുവും ദേശവിളക്ക് കമ്മറ്റിയില്‍ ജോയിന്‍ ചെയ്തു.പിരിവു പരിപാടി നമുക്ക് എക്സ്പീരിയന്‍സുള്ള ഐറ്റമായതുകൊണ്ട് രസകരമായിരുന്നു.ഒരേയൊരു കുഴപ്പം , ചില വീടുകളില്‍ പിരിവിനു പോയാല്‍ , ചില കാര്‍ന്നോമാരുണ്ടാവും ,മെനെക്കെടുത്താനായിട്ട്..അവര്‍ക്കു കൂട്ടത്തിലെ ഒരോരുത്തരുടെയും വീട്ടുപേരും അഡ്രസ്സും അറിയണം.’ഞാനെയ്, അമ്പലനടയിലുള്ള, മെച്ചൂരെ , ലീലമ്മേടെ..മൂത്തമോളില്ലേ..സതി...ആ..അതന്നെ...മൂത്ത മോനാ.., പിന്നെ ഇതു അമ്മാമന്റെ മോന്‍..പിന്നെ ഇതു നമ്മടെ മാലത്യേചീടെ മോന്‍...എന്നെല്ലാം പറഞ്ഞ് ഒരുവിധം ബോധവല്‍കരിക്കും.ചിലര്‍ എന്നാലും വിടില്ല്യ,’അപ്പൊ നമ്മടെ..കല്ല്യാണിയമ്മേടേ....” എന്നും പറഞ്ഞു വീണ്ടും തുടങ്ങും...അപ്പോ ” കല്ല്യാണിയമ്മേടെ..അമ്മേടേ നായര് “ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട് അവിടന്നും ഇറങ്ങിപോരും!
( അതു ഞങ്ങള്‍ നായന്മാരുടെ ഒരു രീതിയാ...ഏത് ?)
അങ്ങനെ ദേശവിളക്ക് ദിവസം വന്നെത്തി.അന്നത്തെ ദിവസത്തെ പിരിവിനു പ്രത്യേകതയുണ്ട്.അമ്പലനട, മെയിന്‍ റോഡില്‍തന്നെ ഒരു വളവില്‍ ആയതുകൊണ്ട് , കയ്യില്‍ രസീറ്റ് കുറ്റിയും പിടിച്ച് ഹൈവേയില്‍ പിരിവ് ..അല്ലാ..’ചെക്കിങ്’ നടത്തുന്ന പുതുക്കാട് എസ്.ഐ. യുടെ പോസില്‍ മുരള്യേട്ടന്‍ ഒരു നില്‍പ്പുണ്ട്..കോണ്‍സ്റ്റബിള്‍സിനെപ്പോലെ ഞങ്ങളും. രവിലെ എട്ടു മുതല്‍ ഒന്‍പത് മണി വരേയും , വൈകീട്ട് നാലു മുതല്‍ അഞ്ചര വരേയുമുള്ള ‘പീക് ടൈമിലാണ്’ ഞങ്ങള്‍ മെയിനായിട്ട് റോഡില്‍ പിരിവ് നടത്താന്‍ നില്‍ക്കാറ്.അല്ലാതെ പിന്നെ, ഈ ‘നട്ടാപ്പറ’വെയിലത്ത് നിന്നിട്ട് ആരെക്കാണിക്കാനാ? അങ്ങനെയുള്ള ഒരു ‘പീക്’ ടൈമില്‍ പിരിവ് നടത്തി ക്ഷീണിച്ചു നില്‍ക്കുമ്പോഴാണ് ‘എസ്.ഐ. മുരളിയേട്ടന്റെ വക ഓര്‍ഡറ്..” ഡാ, നീയും ജിതുവും കൂടി എരുമപറമ്പ് ഗ്രൌണ്ടില് കൂട്ടിയിട്ടേക്കണ വാഴപ്പിണ്ടിയൊക്കെ ഒരു വണ്ടി വിളിച്ച് ഇങ്ങട് കൊണ്ട് വാ..നീയൊക്കെ ഇരുമ്പ് പൊക്കാന്‍ ( ജിമ്മിലേയ്) പോയിട്ട് എന്തെങ്കിലും ഒരുപകാരമുണ്ടാാവട്ടേഡാ...ന്ന് !ബെസ്റ്റ്... “ ഡാ, ആ ദോശയൊന്നു മറച്ചിട്ടേ “ എന്നു അമ്മ പറഞ്ഞപ്പോ , “ നോ വേ അമ്മാ..ഇന്നു ഞാന്‍ ജിമ്മില്‍ ഷോള്‍ഡറിനടിച്ചു റെസ്റ്റ് ഏടുക്കാണ്..ഒരു രക്ഷയില്ല്യാ! ” എന്നും പറഞ്ഞു രാവിലെ കുടുമ്മത്തു നിന്നും ഇറങ്ങിയതാണ്.” ഇപ്പൊ വാഴപ്പിണ്ടികള്‍ ചുമക്കാന്‍ പോണു..’കുരുത്തക്കേട്!. അങ്ങനെ ഞങ്ങള് ഒരു ‘ത്രീടണ്‍ ‘ പികപ് വിളിച്ചു വാഴപ്പിണ്ടികളെ ചെസ്റ്റുകൊണ്ടും ഷോള്‍ഡറുകൊണ്ടും താങ്ങി പന്തലില്‍ കൊണ്ടിട്ടിട്ട് , ത്രിക്കൂര് 25 വര്‍ഷങ്ങള്‍ക്കു മുന്‍പേ കാതില്‍ ‘ഒറ്റകമ്മല്‍‘ ഫാഷന്‍ കൊണ്ടുവന്ന പാവം കാര്‍ന്നോരായ ഭാസ്കരേട്ടനോട് “ ഭാസ്കരേട്ടാ,ദേ കിടക്കണൂ സങതി,വേഗം അമ്പലം പൂശ് !” എന്നാജ്ഞാപിച്ചു!....കുരുത്തക്കേട് വീണ്ടും!
ഉച്ചയായപ്പോ എഴുന്നള്ളിപ്പിനുള്ള ഗജവീരന്‍’ എത്തി...തിരുവമ്പാടി കുട്ടിശങ്കരന്‍ .അച്ഛന്റെ ക്ലാസ്മേറ്റായ ‘ആന ഡേവീസ്’ എന്നറിയപ്പെടുന്ന ഡേവീസേട്ടന്റെയാണ് ആന.പണ്ടേ ഒരു ആനപ്രാന്തനായ ആള്‍ ഹാപ്പിയായി , നമ്മടെ പറമ്പിന്റെ തൊട്ടപറമ്പില് പാപ്പാനോട് പറഞ്ഞ് ആനയെ പാര്‍ക്ക് ചെയ്യിച്ചു.ആനക്ക് പട്ട വെട്ടട്ടേയെന്നു ചോദിച്ചപ്പോ, “ എത്രയാച്ചാ നോക്കി വെട്ടിക്കോളോ ചേട്ടാ “ എന്നു പറഞ്ഞ് ഞാന്‍ പെര്‍മിഷന്‍ കൊടുത്തു , അല്ലെങ്കിലും നാട്ടാരുടെ പറമ്പീന്ന് പട്ട വെട്ടണതിനു എനിക്കെന്ത് കുന്താ ? ആന ലഞ്ച് കഴിക്കുന്നതും നോക്കി ഞാന്‍ വീടിന്റെ തെക്കു ഭാഗത്ത് ഫൈബറിന്റെ ചുവന്ന കസേരയില്‍ ‘ നമ്മടെ സ്വന്തം ആന” എന്നഭാവത്തോടെ ഞെളിഞ്ഞിരുന്നു.
പിന്നെ ഉച്ച തിരിഞ്ഞ് രണ്ട് സെറ്റ് പുഷപ്പെടുത്ത്, കുളിച്ച് ഫെയര്‍ ആന്റ് ലവ്ലിയും തേച്ച് ആല്‍തറയില്‍ ചാരി ,കതിന നിരത്തിവച്ച പോലെ ഞങ്ങള്‍ മൂന്നാളും പിന്നെ നമ്മടെ അമ്മവന്റെ മോന്‍ കണ്ണന്‍ ചേട്ടനും കൂടി നില്പായീ.വൈകുന്നേരമായി , ഭക്തജനങ്ങളും ‘ കുട്ട്യോളും’ എത്തിതുടങ്ങി.ആല്‍തറക്കു പുറകില്‍ അമ്പലം പണി കഴിഞ്ഞ് അയ്യപ്പേട്ടനും ഭാസ്കരേട്ടനും ടീമും ബോഡി ‘ സ്ട്രെച്ച്’ ചെയ്യുന്നു.നമ്മടെ മുരള്യേട്ടനും ടീമും അപ്പൊളും , റോഡിലൂടെ പോവണ കാറ്, ബസ്,ബൈക്ക് എന്നു വേണ്ടാ,വേണ്വെട്ടന്റെ റേഷന്‍ കടയില്‍ വരണവരെ പോലും തടഞ്ഞ് നിര്‍ത്ത് പിരിവ് ചോദിക്കുന്നുണ്ട്.‘ ഇയാള്‍ക്കു വേറെ പണിയില്ലേ ? “ എന്നു ചോദിച്ച് ഞാന് ശ്രദ്ധ് വീണ്ടും കിഴക്ക് ഭാഗത്തു നിന്നും വരുന്ന ‘ഭക്തജനങ്ങളിലേക്ക്’ മാറ്റി.അപ്പോഴാണ് ഞാന്‍ ആകാംഷപൂര്‍വ്വം കാത്തുനിന്ന ‘ഭക്ത’ അവളുടെ അനിയത്തിയുകൂടി റ്റ്യൂഷന്‍ കഴിഞ്ഞ് വരുന്നത് കണ്ടത്.ഈശ്വരാ, ഇപ്പൊ എന്തെങ്കിലും കാര്യായിട്ടുള്ള പണി ചെയ്യണമല്ലോ , കാരണം അവളുടെ വീട്ടില് പിരിവിനു പോയപ്പൊ കമ്മറ്റിക്കരിലെ എന്റെ പേര് പേന കൊണ്ട് അണ്ടര്‍ലൈന്‍ ചെയ്താണ് ഞാന്‍ കൊടുത്തത്.എന്നിട്ടിപ്പൊ , ഇവിടെ ആല്‍തറക്കുമുന്നില്‍ കുന്തം വിഴുങ്ങി നില്‍ക്കണ കണ്ടാല്‍ മതി..ഇമ്പ്രഷന്‍ പൂവാന്‍ .അപ്പോഴാണ് , കുരുത്തോല കെട്ടാനായി കുഞ്ഞന്‍ സുന്യേട്ടന്‍ തയ്യാറെടുക്കുന്നത് കണ്ടത്. ചാന്‍സ് മിസ്സാക്കണ്ടാായെന്നു കരുതി , ആളുടെ കയ്യീന്ന് കുരുത്തോല തട്ടിപ്പറിച്ച് “ വേണ്ടാാ..ഇതു ഞാന്‍ കെട്ടിക്കോളാം” എന്നു അവളെ നോക്കിക്കോണ്ട് പറഞ്ഞ് ആല്‍തറയുടെ മുകളിലേക്ക് ചാടിക്കയറി.പക്ഷെ, മുളയില്‍ കെട്ടേണ്ടതിനു പകരം ,‘ആവേശം‘ കൊണ്ടോ എന്തോ , ഞാന്‍ കുരുത്തോല കെട്ടിയത് മാലബള്‍ബിന്റേയും റ്റ്യൂബ് ലൈറ്റുകളുടേയും വയറുകളുടെ മുകളിലൂടെയായിരുന്നു. ഷോക്കടിച്ചുവെന്ന് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ” അമ്മേ “ എന്ന നിലവിളിയോടെ ഗണപതിക്കുണ്ടാക്കിയ അമ്പലത്തിനു മുന്നിലേക്കു ഞാന്‍ ഒരു വീഴ്ചയയിരുന്നു.’രാമായണം’ സീരിയലില്‍ അമ്പിനു ചുറ്റൂമുള്ള പോലത്തെ ഒരു കളര്‍ഫുള്‍ ഡിസ് പ്ലേ തെളിഞ്ഞു വന്നു..പിന്നെ റിലേ കട്ടായീ.
കുറച്ചു സമയത്തിനു ശേഷം ,സം-പ്രേഷണം പുനരാരംഭിച്ചപ്പോള്‍ അടുത്തുള്ള കോപ്പറേറ്റീവ് സ്റ്റോറിന്റെ മുന്നില്‍ ഞാന്‍ ചാരിയിരിക്ക്യായിരുന്നു ! മുന്നില്‍ നമ്മടെ ഭാസ്കരേട്ടന്‍ നില്‍ക്കണു..” ഒന്നും പറ്റീല്ല്യലോ..സാമി ശരണം” എന്നും പറഞ്ഞ് ആള്‍ എന്റെ നെറ്റിയില്‍ ഭസ്മം തൊടുവിച്ചു. അറിയാതെ ഞാനും പറഞ്ഞു..”സ്വാമിയേ ശരണമയ്യപ്പാ..!”..പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ലാ.....!
( ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ.യ്..ശരണമയ്യപ്പാ !)
Sunday, December 20, 2009
Subscribe to:
Post Comments (Atom)
Gopa, valare nannaayittundu.
ReplyDeleteNammude naattile sambavangal aayathu kaaranam serikkum
rasichu.
Perinte adiyil penakondu varachu kodutha sambhavam kidilanaayi... Gochu Gallan.
Keep writing da...
തൃക്കൂര്‍ ദേശവിളക്കിന് വന്ന് അലമ്പ് ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങള്‍ 1998ല്.
ReplyDelete(ഞങ്ങളാര് വരന്തരപിള്ളിക്കാര്).
എഴുതുന്നത് പാരഗ്രാഫ് വിട്ടു വിട്ടായാല്‍ വായിക്കാന്‍ സുഖമുണ്ടാവും.