( ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചില ഇങ്ലീഷ് വാക്കുകള്‍ ദയവായി സഹിക്കുക..ഒക്കെ നമ്മുടെ കഥാനായകന്റെ വകയാണ് ! )
ഈ കഥ ആരംഭിക്കുന്നത് ദുബായി നഗരത്തിന്റെ പ്രാന്തപ്രദേശമായ ‘ബര്‍ദുബായി’യില്‍ നിന്നാണ്.ഞങ്ങള്‍ താമസിക്കുന്ന രണ്ട് നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ 110 കി.ഗ്രം ഭാരവും , ആറടി പൊക്കവും , കവിയൂര്‍പൊന്നമ്മ പ്രോട്ടീന്‍ പൌഡര്‍ കഴിച്ച പോലെ ഷേപ്പിലുമുള്ള ഒരു സങ്ങതി വന്നു ചേര്‍ന്നു...പേര് ‘മുല്ലശ്ശേരി ബാബു.’ചുള്ളനെപറ്റി ആളു തന്നെ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ പെറ്റമ്മ പോലും സഹിക്കില്ല്യ..തല്ലി പോകും!.. “ എന്നെപോലെ സുന്ദരനും , നിഷ്കളങ്കനുമായ വേറൊരു ചെറുപ്പകാരനും ഞങ്ങടെ പഞ്ചായത്തിലില്ല്യ,ഞാന്‍ വളച്ച പെണ്‍കുട്ടികളുടെ എണ്ണം കണ്ട് ഞാന്‍ തന്നെ പേടിച്ച്പോയിട്ടുണ്ട്,ഈ പെണ്‍കുട്ടികളുടെ ശല്ല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഞാന്‍ ദുബായില്‍ വന്നത് ,ഞാന്‍ ദുബായിലോട്ട് വരുന്ന ദിവസം ‘ബാബുമോനേ” എന്നു വിളിച്ചു ഒരു ഗ്രാമം മുഴുവന്‍ കരഞ്ഞു..”..എന്നൊക്കെ പറയണത് എത്ര നേരാ കേട്ട് സഹിച്ചു നില്‍ക്കാ ? പക്ഷെ , ദുബായില്‍ തന്നെയുള്ള മറ്റു നാട്ടുകാര്‍ പറയണത്..’ഒരുദിവസം സന്ധ്യനേരത്ത് കറുത്ത ഷര്‍ട്ടുമിട്ട് പോകുമ്പോള്‍ “ എയ് ഓട്ടോ , ത്രിശ്ശൂര്ക്ക് പോണം “ എന്നു അറിയാതെ പുറകീന്ന് വിളിച്ച കാര്‍ന്നോരെ ‘വെറുതെ‘ വിട്ടവന്‍ ,താന്‍ നേഴ്സറി ക്ലാസ് മുതല്‍ ട്രൈ ചെയ്ത് കൊണ്ടിരുന്ന ഒരോ പെണ്‍കുട്ടികളേയും ആമ്പിളേര്‍ കെട്ടികൊണ്ട് പോകുമ്പോള്‍ ആ ദേഷ്യം മുഴുവന്‍ കള്ളുകുടിച്ചും ‘പുഷപ്പുകള്‍’ എടുത്തും സഹിച്ചവന്‍ ,സിനിമാനടന്‍ മോഹന്‍ലാലിന്റെ അതേ സ്വരൂപമയിട്ടും ( അങ്ങനെയാണ്‍ ഗഡി സ്വയം പറയണത്)അദ്ദേഹത്തെപ്പോലും അറിയിക്കാതെ നാട്ടീല്‍ ‘ഒതുങ്ങി‘ ജീവിച്ചവന്‍ , അബുദാബിയില്‍ താമസിക്കുന്ന സ്വന്തം പെങ്ങളേയും അളിയനേയും ആഴ്ചയില്‍ ഒരൊറ്റ ദിവസത്തെ വിസിറ്റ് കൊണ്ട് അവരുടെ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നവന്‍ “..എന്നിങ്ങനെയൊക്കെയാണ് .അങ്ങനെയുള്ള മിസ്റ്റര്‍ബാബുവും , ഞാനും കൂടി ദുബായില്‍ തന്നെയുള്ള ഒരു സുഹ്രുത്തിന്റെ കല്യാണത്തിന് നാട്ടില്‍ വച്ച് പോയ സംഭവമാണിത്.
എല്ലാം പ്ലാന്‍ ചെയ്തപോലെ തന്നെ, ഞങ്ങള്‍ ഏതാണ്ട് അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തി.സെപ്റ്റമ്പര്‍ പതിമൂന്നിനായിരുന്നൂ കല്യണം.കല്യാണചക്കന്റെ ശക്തമായ നിര്‍ബന്ധം കൊണ്ട്മാത്രം(ഊം..)തലേദിവസം തന്നെ അവന്റെ വീട്ടിലെത്തി എല്ലാം മങളകരമാക്കണമെന്ന തിരുമാനമെടുത്തു.നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തലേ ദിവസം ഞാന്‍ ത്രിശ്ശൂര്‍ റയില്‍വേസ്റ്റേഷനിലെത്തി എത്തി ചുള്ളനെ കാത്തു നിന്നു.കുറെ കഴിഞ്ഞപ്പോള്‍ ഒരു എന്‍ഫീല്‍ഡ് ബൈക്ക് വരികയും , ടിപ്പര്‍ലോറി മണല്‍ മറിക്കണ പോലെ ഒരു സാധനത്തെ സ്റ്റേഷനു മുന്നില്‍ തട്ടുന്നതും കണ്ടു...അതു മറ്റാരുമല്ലായിരുന്നു..സാക്ഷാല്‍ ‘മുല്ലശ്ശേരി ബാബു’ എന്ന നമ്മുടെ പുലിയെ. ഒരു വലിയ വെളുത്ത ജുബ്ബ ,പാള ജീന്‍സ് ,കയ്യില്‍ ഒരു ഡസന്‍ ചരടുകള്‍ ,മീന്‍ പിടിക്കാന്‍ പോണവര് ബസ്സിന്റെ പുറകിലെ കോണിയില്‍ തൂക്കിയിടണ ടൈപ്പ് ‘കുട്ട’ പോലത്തെ ഒരു വല്യ ബേഗും,പിന്നെ ‘ റേബാന്‍ “ ഗ്ലാസ് ഒരെണ്ണം ..(ഒറിജിനല്‍)മുഖത്ത്! ‘ ഹായ് ഗോപ്സ് , ഹൊവ് ഡു ഐ ലൂക്??..സിമ്പിള്‍ റൈറ്റ് ?” എന്നും പറഞ്ഞ് ഗഡി അടുത്ത് വന്ന് ,ഇങ്ലീഷില് പതിവുപോലെ‘ തള്ളല്‍’ ആരംഭിച്ചു. ‘ എന്തൂട്ടാട ബാബുവേ ഈ കുഞ്യ ബേഗില് ?” എന്നു ചോദിച്ചപ്പോഴാണ് ചുള്ളന്‍ പറയണത്...മേകപ് കിറ്റ്,ലാപ്ടോപ്,ആറായിരം ദിര്‍ഹംസ് കൊടുത്ത്(?) ദുബായില്‍ നിന്നു വാങ്ങിയ ഡിജിറ്റല്‍ ക്യാമറ,വയസ്സയവര് കുത്തിനടക്കണ വടി പോലത്തെ അതിന്റെ സ്റ്റാന്റ്,പിന്നെ അവന്റെ കല്യാണ ഡ്രസ്സും! സ്റ്റേഷനില്‍ നില്‍ക്കണ ആള്‍ക്കാര്‍ ഞങളെ നോക്കാന്‍ തുടങ്ങി, ചിലര്‍ മൂക്കത്തും ചിലര്‍ താടിക്കും കൈ കൊടുത്തുകൊണ്ട് !!. അപകടം മണത്ത് ഞങ്ങള്‍ വേഗം കൌണ്ടറിലെത്തി രണ്ട് എറണാകുളം ടികറ്റുകളെടുത്തു.പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ ലവന്‍ നേരെ ബുക്സ്റ്റാളില്‍ പോയി ‘ദി വീക്ക്’,‘ഔട്ട് ലുക്ക്’,‘ ബോബനും മോളിയും’ - എന്നീ ഗ്രന്ധങ്ങള്‍ ഒരോന്നുവീതം വാങ്ങി...’ആവശ്യം വരുമത്രെ!’.അപ്പുറത്തെ കടയില്‍ നിന്നും ‘ ആപ്പിള്‍ ഫിസ്സും’, ഇത്തവണ ഞാന്‍ എതിര്‍ത്തില്ല..അല്ലെങ്കിലും തിന്നണ കാര്യത്തില്‍ എനിക്കു അവനുമായി നല്ല യോജിപ്പായിരുന്നൂ. അങ്ങനെ ട്രെയിന്‍ വന്നപ്പോഴോ,ഷാര്‍ജായിലെ റോള സ്കൊയറില്‍ പോലും കാണാത്തപോലെ തിരക്ക് അതിനകത്ത്.തന്റെ കുഞ്ഞ്യ ശരീരവും , കൂടയുള്ള ഇലക്ട്രോണിക് സാധനങ്ങളുടേയും സേഫ്റ്റിയെക്കരുതി ഈ ട്രെയിന്‍ മിസ്സാക്കണതാണ് നല്ലതെന്നു ചുള്ളന്‍ മനസ്സിലായി.’ ഗോപ്സ് , ഇറ്റ്സ് ടൂ മച് ക്രൊവ്ഡെഡ് യാര്‍ ,ബെട്ടര്‍ റ്റു മിസ്സ് ദിസ് ഡാം ട്രെയിന്‍...വി വില്‍ റ്റേക് ദ് ബസ്സ് “ എന്നും പറ്ഞ്ഞ് ഗഡി ഒറ്റ നടത്തം സ്റ്റേഷനു പുറത്തേക്കു..പിന്നാലെ ഞാനും, എന്തിനാ വിഷമിക്കണേ , ടിക്കറ്റ് ലവന്‍ എടുക്കാമെന്നേറ്റല്ലോ! അങ്ങനെ ഞങ്ങള്‍ കെ.എസ്.ആര്‍ .ടി.സി. സ്റ്റാന്റില്‍എത്തി.ദേ കിടക്കണൂ , എറണാകുളം ഫാസ്റ്റ്.ഓടിക്കയറി സീറ്റ് പിടിച്ചു ,രണ്ട് പേരുടേയും ഭാണ്ഡക്കെട്ടുകള്‍ എടുത്ത് മുകളിലെ സ്റ്റാന്റില്‍ വച്ചു.അങനെ ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’ സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി,ത്രിശ്ശൂര്‍ പൂരത്തിന് കണിമങലം ശാസ്താവിന്റെ എഴുന്നള്ളീപ്പുപോലെ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലേയും ഒന്നര മീറ്റര്‍ വ്യാസമുള്ള ‘മനോരമ’ റൌണ്ടബൌട്ടിന്റേയും ട്രാഫിക്കിലൂടെ ത്രിശ്ശൂര്‍-എറണാകുളം ഹൈവേയിലേക്കു കുടന്നു!പതിവുപോലെ ബസ്സിലെ വാച്ചബിള്‍ ഡിസ്റ്റന്‍സിലുള്ള അയല്‍ വാസികളെ ഞങ്ങള്‍ നോട്ട് ചെയ്യാന്‍ തുടങ്ങി...ഫ്രണ്ടിലും ബേക്കിലും കുറെ ബോറിങ് ക്യരക്ടേഴ്സ്.പിന്നെ ഒരു ആശ്വാസത്തിന്, ഇടതു വശത്തെ വിന്‍ഡോ സീറ്റില്‍ ഒരുഗ്രന്‍ ക്ടാവും,അടുത്ത് ഒരു കാര്‍ന്നോരും ഇരിപ്പുണ്ടായിരുന്നു. ‘കൊള്ളാം ഒട്ടും മുഷിയില്ല്യാ’ എന്നും പറഞ്ഞു ഞങ്ങള്‍ ഒരോ ‘ആപ്പിള്‍ ഫിസ്സ് ‘ പൊട്ടിച്ച് ,ചിയേഴ്സ് പറഞ്ഞ് കുടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വിന്‍ഡോ സൈഡില്‍ നിന്നും മാറി ഞങ്ങളുടെ സൈഡില്‍ ഇരുന്നു.ശുഭ ലക്ഷണം , ‘കൊച്ചു കള്ളീ, എന്നെ കാണിക്കാന്‍ വേണ്ടിയല്ലേ ?‘ എന്നു ഞാനും ബാബുവും കണക്കു കൂട്ടി , കുറച്ചു, ഗുണിച്ചു. പെട്ടന്ന് ബാബുവിന്റെ ഉള്ളില്‍ കിടന്നുറങ്ങണ കാമുകന്‍പുലി ഉണര്‍ന്നു,ആളുടെ ‘പൊന്നുപോലത്തെ‘ നാക്ക് വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.ആള്‍ നേരത്തെ റെയില്‍ വേസ്റ്റേഷനില്‍ നിന്നും വാങ്ങിയ ഗ്രന്ഥങ്ങള്‍ എടുത്ത് ‘ദി വീക്കി’ല്‍ തുടങ്ങി , ‘ ബോബനും മോളിയിലും’ അവസാനിച്ചു.ഒരുവിധം കഥകളൊക്കെ ആ കൊച്ചിനെ വായിച്ചു കേള്‍പ്പിച്ചു! പിന്നെ, ആ ക്ടാവിനെ ലക്ഷ്യമാക്കി ,” അളിയാ , നമ്മള്‍ക്കിപ്പോ ദുബായില്‍ പത്തുപതിനായിരം ദിര്‍ഹംസ് ശമ്പളവും , കാറും ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം ? റ്റെന്‍ഷനും ഏകന്തതയും മാത്രം ! വീട്ടിലാണെങ്കില്‍ അമ്മ നിര്‍ബന്ധിക്കുന്നു, കല്യണം കഴിക്കാന്‍ , പക്ഷെ എന്താ ചെയ്യാ ? മനസ്സിനിഷ്ടപ്പെട്ട ഒരു കുട്ട്യെ കാണണ്ടേ? പക്ഷെ,എവിടെയെങ്കിലും വച്ച് ഞാന്‍ അവളെ കണ്ടെത്തും...” തുടങ്ങിയ ഡയലോഗുകള്‍ ഇറക്കാന്‍ തുടങ്ങി.ആ കുട്ടി ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ചുള്ളന്‍ ഹാപ്പിയായി.അതെനിക്കു പിടിച്ചില്ല്യ... ’ അതേയതെ , ഞാനും അതേ ഏകന്തത തന്നെയാണിഷ്ടാ അനുഭവിക്കണത്...അതു മാറ്റാനാണ് ഞാന്‍ എന്നും ജിമ്മില്‍ പോയി ഒന്നു റീഫ്രഷാവാന്‍ ശ്രമിക്കണെ!” എന്നും പറഞ്ഞ് ലവനെ ഓവര്‍ടേക്ക് ചെയ്ത് കുഞ്ഞ്യ ടി-ഷര്‍ട്ടിനുള്ളിലെ എന്റെ മസിത്സ്(!) ടൈറ്റാക്കി...അതു കണ്ടിട്ട് ചിലപ്പോള്‍ ആ ക്ടാവ് എനിക്കൊരു സ്പെഷല്‍ പ്രിഫറന്‍സ് തന്നാലോ ?ഇപ്പ്രാവശ്യം എന്തായാലും ക്ടാവ് ഒന്നു പാളിനോക്കി, അല്ലാ, എനിക്കിനി തോന്നിയതാണോ ?ഇല്ല്യ..നോക്കി!
അതോടെ സകലകണ്ട്രോളും പോയ ബാബു , ‘ ഡാ ഗോപാ, ഞാന്‍ ഒരക്രമം കാണിക്കാന്‍ പൂവാ..നോക്കിക്കൊ” എന്നു പറയലും , സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ് ലവന്റെ ബേഗില്‍ നിന്നും ലാപ്ടോപ് പുറത്തേക്കെടുത്തു. ഇവനിതെന്തൂട്ടാ കാണിക്കാന്‍പോണെ എന്നും വിചാരിച്ച് ഞാന്‍ വായും പൊളിച്ചിരുന്നു.ചുള്ളന്‍ ലാപ്റ്റോപ് ഓണ്‍ ചെയ്ത് ചാലക്കുടി സെന്ററിലെ , ഇല്ല്യാത്ത വയര്‍ലെസ് ഇന്റെര്‍നെറ്റ് തപ്പാന്‍ തുടങ്ങി.സത്യമായിട്ടൂം ഞാന്‍ ഞെട്ടി.പോരാഞ്ഞിട്ട് “ ശോ , ഇവിടെ വയര്‍ലെസ് കിട്ടണില്ല്യല്ലോടേയ് ..ഓ ഷിറ്റ്..എനിക്കത്യവശ്യമായി ചില മെയിത്സ് നോക്കാനുമുണ്ട്.എന്തൊരു കഷ്ടം !” എന്നു രണ്ട് തള്ളൂം ! അതുംപോരാഞ്ഞിട്ട് , ആ ക്ടാവ് വേണമെങ്കില്‍ എഴുതിയെടുത്തോട്ടെ എന്ന ലൈനില്‍ , ‘ ബാബുപിവിബാബു007@ജിമെയില്‍ .കൊം ‘എന്ന അവന്റെ ഈമെയില്‍ ഐ.ഡി. ലേലം വിളിക്കുമ്പോലെ മൂന്ന് പ്രാവശ്യം വിളിച്ചുപറഞ്ഞു.ബെസ്റ്റ് , അവന്റെ ആ ഡയലോഗ് ശെരിക്കും ഏറ്റു . ആ ക്ടാവു ഉടന്‍ തന്നെ ഉറങ്ങിക്കിടക്കയിരുന്ന കാര്‍ന്നോരെ വിളിച്ചുണര്‍ത്തി , ഞങ്ങളെ ചൂണ്ടി എന്തോ പറയുകയും ,പഴയപോലെ വിന്റോ സീറ്റിലേക്കുതന്നെ വീണ്ടും മാറിയിരിക്കുകയും ചെയ്തു.ഉറക്കമെണീറ്റ കാര്‍ന്നോര് , ഉച്ചനേരത്ത് ചെണ്ട കോട്ടിവന്ന് മനുഷ്യരെ ശല്യപ്പെടുത്തുന്ന ചില പിച്ചക്കാരെ നോക്കുമ്പോലെ ഞങ്ങളെ ഒന്നിരുത്തി നോക്കി , എന്തോ പിറുപിറുത്തു...” നാണവും മാനവുമില്ല്യത്ത ഒരോന്നു വന്നു കേറിക്കോളും,പെണ്‍കുട്ട്യോളെ ശല്ല്യപ്പെടുത്താനായിട്ട്’..അങ്ങനെ എന്തോ ആണ് ഞങ്ങള്‍ കേട്ടത് . എന്തായാലും അതോടുകൂടി ബസ്സിലെ പ്രകടനം അവസാനിപ്പിക്കാനുള്ള തിരുമാനം നിശബ്ദരായി ഞങ്ങളെടുത്തു.റോഡിലെ കുണ്ടും കുഴികളും പോലും മൈന്റ് ചെയ്യതെ ശക്തമായ ഉറക്കത്തിലേക്കു പ്രവേശിച്ചു!അങ്ങനെ വെറും ‘മൂന്ന്’ മണിക്കൂറുകള്‍ കൊണ്ട് ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’കലൂര്‍ ബസ്സാന്റ്റിലെത്തി.അപ്പോഴേക്കും കല്ല്യാണവീട്ടില്‍ നിന്നുള്ള ഞങ്ങടെ കൂട്ടുകാരന്റെ ഫോണ്‍ വിളി തുടങ്ങി.എനിക്കാണെങ്കില്‍ നല്ല വിശപ്പും.പക്ഷെ , ഈമെയില്‍ ചെക് ചെയ്യന്‍ മുട്ടിനില്‍ക്കായിരുന്ന നമ്മടെ ബാബു സ്റ്റാന്റില്‍ ലപ്റ്റോപും ബേഗുമായി ഇറങ്ങിയ ഉടനെ അവിടെ കണ്ട ഒരു ലോട്ടറിക്കടയില്‍ക്കേറി “ എക്സ്ക്യൂസ്മി, ചേട്ടാ, ഇവിടെ അടുത്തെവെട്യാ നെറ്റ്കഫെ ഉള്ളത് ?’ എന്നൊരു ചോദ്യായിരുന്നു.ഇതു ചോദിക്കാന്‍ വേറെ ആരെയും കണ്ടില്ലേ ? എന്നു ഞാന്‍ അവനോട് ചോദിക്കാനാഞ്ഞു, എന്നാല്‍ ആളുടെ മറുപടി സാക്ഷാല്‍ മുല്ലശ്ശേരിബാബുവിനെ പോലും ഞെട്ടിക്കുന്നതായിരുന്നു...” ലാപ്ടോപ് ഇല്ലേ ?വയര്‍ലെസ്സ് ഒന്നു ട്രൈ ചെയ്തു നോക്ക് , അല്ലെങ്കില്‍ ആ ബില്‍ഡിങില്‍ ഒരെണ്ണം ഉണ്ട്, എ.ഡി.എസ്.എല്‍ കണക്ഷനാ! “ എന്നു കൂളായി പറഞ്ഞ് ചുള്ളന്‍ ആളുടെ പണി തുടര്‍ന്നു.ഉം..‘സ്മാര്‍ട് സിറ്റി ‘ വന്നില്ലെങ്കിലും നട്ടുകാര്‍ എല്ലാം സ്മാര്‍റ്റയിക്കഴിഞ്ഞിരിക്കുന്നു! ആ ഒറ്റ മറുപടിയില്‍ തളര്‍ന്നുപോയ ബാബുവിനേയും കോണ്ട് ഞാന്‍ ആ ഇന്റര്‍നെറ്റ് കഫേയിലേക്കു വിട്ടൂ.അത്യാവശ്യമായി വരാനുള്ള മെയില്‍ നോക്കിയ ബാബു വീണ്ടും പരാജയപ്പെട്ടു....ആകെ രണ്ടു മെയിലുകള്‍ മാത്രം..ഒന്നു ഭാരത് മാട്രിമോണിയുടെ ‘നിങ്ങള്‍ക്കൊരു ജോഡി’യും, രണ്ടാമത് ‘ ഇവിടെ ഒന്നു ക്ലിക്ക് ചെയ്യൂ , നിങള്‍ മില്ല്യനെയര്‍ ആയിരിക്കുന്നൂ’ എന്ന ഒരു ഫ്രോഡ് മെയിലും.ഹാപ്പിയായി ഞങ്ങള്‍ അവടെ നിന്നും വേഗം ഇറങ്ങി,സമയം ഇനിയും കളയണ്ടാ എന്നു കരുതി,കല്യാണവീട്ടിലേക്കു ഒരു ഓട്ടോ പിടിച്ചു.വീടിനു തൊട്ടുമുമ്പായി ഒരു ‘ചെറിയ‘ കയറ്റമുണ്ട്, ചെറുതെന്നു പറഞ്ഞാല്‍ ഒരു എണ്‍പത് ഡിഗ്രി ചെരിവില്‍ , ‘S' ഷേപ്പില്‍ ഒരുമാതിരി വ്രിത്തികെട്ട കയറ്റം.ദൂരെനിനും ആ കയറ്റം കണ്ടപ്പോഴേ ,ഓട്ടോയും അതിന്റെ ഡ്രൈവറും , പറഞ്ഞു , “ ഹോ, ഇതെന്നെക്കൊണ്ട് പറ്റുമെന്നു തോന്നണില്ല്യ’ എന്ന്.എന്നാല്‍ “ ചേട്ടാ, ഇതൊന്നും കണ്ട് പതറരുത്, പതറിയാല്‍ എല്ലാം പോയീ ” എന്നെല്ലാം പറഞ്ഞ് ഞങ്ങള്‍ ഡ്രൈവറെ പ്രൊത്സാഹിപ്പിചു.കാരണം ,ഇയാള് നമ്മളെ താഴെയെങാനും ഇറക്കിവിട്ടാല്‍ ആ കയറ്റം മുഴുവന്‍ നടന്നു കയറുകയെന്നുള്ളത് ‘നടക്കണ’ കേസല്ലാ , എന്നു ഞങ്ങള്‍ക്കു വളരെ ക്ലിയറായിരുന്നു.അങ്ങനെ ടോട്ടല്‍ ഇരുനൂറ് കിലോക്കടുത്ത് ഭാരമുള്ള ഞങ്ങള്‍ രണ്ടു പേരേയും വലിച്ചുകൊണ്ട് ഓട്ടോ വിജയകരമായി കയറ്റം കയറി ,വീടിനു മുമ്പിലെത്തിയപ്പോള്‍ സമയം പത്ത് മണി.ഓട്ടൊ കാശും കൊടുത്ത് “ ഫൂഡ് തീര്‍ന്നുകാണുമോ ദൈവമേ” എന്ന ആധിയോടെ തളര്‍ന്നവശരായി ഞങ്ങള്‍ വീട്ടില്‍ കയറി ,കല്യാണചക്കനേയും അമ്മയേയും കണ്ടു.“ ഈ നേരത്താണോ കയറി വരണത് ഡേഷുകളേ “ എന്നും പറഞ്ഞു കൂട്ടുകാരന്‍ ഞങ്ങളെ എതിരേറ്റു , അവന്റെ അമ്മ കേള്‍ക്കതെ!എന്നല്‍ അതൊന്നും മൈന്റ് ചെയ്യാതെ നേരെ ഭക്ഷണം കൊടുക്കണ സ്ഥലത്തേക്ക് ഞങ്ങള്‍ വിട്ടൂ .അവിടത്തെ ഞങ്ങടെ ‘പ്രകടനം‘ കണ്ടിട്ട് ചക്കന്റെ അമ്മാവന്‍ പുറകില്‍ നിന്നു പറയണ കേട്ടു..” അവന്റെ കൂട്ടുകാരാ..ത്രിശൂര്‍ന്നാ , രണ്ടും നല്ല ഫിറ്റാന്നാ തോന്നണത് !”. അതുംകൂടി കേട്ടപ്പോള്‍ സകല നിയന്ത്രണവും വിട്ട ഞാന്‍ ഒന്നും നോക്കതെ വിളിച്ചു പറഞ്ഞു..” ചേട്ടോ , ഇവിടെ കൊറച്ചു സാമ്പാറ് കൂടി ! “. ബാബുവും വിട്ടില്ലാ..”ചേട്ടാ, സേം ഹിയര്‍ “ !
(ചിലപ്പോ തുടരും )
Tuesday, December 15, 2009
Subscribe to:
Post Comments (Atom)
Nandi gopa nandi
ReplyDeleteഎഴുത്തും പ്രയോഗങ്ങളും രസകരമായിട്ടുണ്ട്...
ReplyDeleteപാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും :)
good post ..aagyaana reedhi nalla improovement undu...naattile kadhakal kurachu koodi ponnoootte...thrikkur chila cenemakalil mugam kaanikkaarulla oru gadiyundallo???perenikkariyilla...eppolum murukkana kaanaam...lavane ariyumo???
ReplyDelete:)
ReplyDeleteകൊള്ളാം. പ്രയോഗങ്ങളൊക്കെ നന്നായിട്ടുണ്ട്. നല്ല എഴുത്തും. പക്ഷേ വായിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടൂണ്ട്. ഇത്തിരി ലെയിന്‍ സ്പേസ് വിട്ടോ അല്ലെങ്കി പാരഗ്രാഫ് തിരിച്ചോ എഴുതിയിരുന്നെങ്കില്‍ സുഖമായി വായിക്കായിരുന്നു.
ReplyDelete