Thursday, February 11, 2010

ജയാ ബേക്കറി ആന്റ് മീ !

ജയ ബേക്കറി , എം.ഒ. റോഡ്, തൃശ്ശൂര്‍....ഈ സ്ഥലമറിയാത്തവരായി  ആരെങ്കിലും ഉണ്ടാവുകുമോ ? തൃശ്ശൂരുകാരോടാണ് ചോദ്യം ....’ഇല്ല്യാ’ എന്നാവും മിക്കവാറും പേരുടെ ഉത്തരം. എന്നാല്‍ ,അറിയാത്തവര്‍ക്ക് ഇനി പറയണ കാര്യങ്ങള്‍ ഒന്നും തന്നെ ബാധകമല്ല...എന്താന്ന്വച്ചാല് , ഞാന്‍ ‘ജയ’ ബേക്കറിയെ ഒന്നു ‘പുകഴ്ത്താന്‍ ‘ പൂവാ ! ബികോസ് ,  എന്നെ സംബന്ധിച്ച് ഇതെനിക്കൊരു ‘ലാന്റ്മാര്‍ക്ക് കൂടിയായിരുന്നു....കുട്ടികാലത്ത് ,അച്ചന്റേയും അമ്മയുടേയും കൂടെ വല്ലപ്പോഴും തൃശ്ശൂര്‍ മെട്രോയില്‍ നടക്കാനിറങ്ങുമ്പോ ‘ രാധാക്രിഷ്ണാ ഹോട്ടല്‍ ഇവിടെയെവിടെയോ ആണ് ട്ടാ” എന്ന് എന്റെ വയറിനെ അലേര്‍ട്ട് ചെയ്തിരുന്നത്. അതോട് കൂടി , നടത്തം പതുക്കെയാവുക , ശക്തമായ വിശപ്പും ദാഹവും പെട്ടന്ന് വന്നതായി അഭിനയിക്ക്യ , നടക്കുമ്പോ അമ്മേടെ കയ്യ് പിടിച്ച് പിന്നിലേക്ക് വലിക്ക്യ, എന്നീ ലക്ഷണങ്ങള്‍ ഞാന്‍ കാണിച്ചു തുടങ്ങും.  ‘ ഇക്ക് മത്യായീ’  എന്നു പറയും വരെ മസാലദോശ തിന്നാല്‍ മാത്രം ഭേദമാകുന്ന ഒരു പ്രത്യേകതരം അസുഖം.!
                          പിന്നെ  തന്നത്താന്‍ ബസ്സില്‍ക്കേറി , സ്കൂളില്‍ പോയിത്തുടങ്ങിയപ്പോ ‘ സ്കൂള് വിട്ടാ നേരെ ‘ജയാ ബേക്കറീടെ അവടക്ക് വരാ‍...അവടെ നമ്മടെ തൃക്കൂര് ബസ്സ് വരും ..മനസ്സിലായാ? “ എന്നു പറഞ്ഞ്  ധൈര്യം തന്ന അച്ഛനാണ് ആദ്യം എനിക്കു ജയബേക്കറിയുടെ ലൊക്കേഷന്റെ പ്രാധാന്യം  പഠിപ്പിച്ചത് . അന്നു തൃക്കൂര് റൂട്ടിലോടുന്ന ബസ്സുകളുടെ മുഴുവന്‍ നിറം ചുവപ്പായിരുന്നു .       ( തെറ്റിദ്ദരിക്കരുത്...ഇത് നിങ്ങളുദ്ദേശിക്കണ ‘മറ്റേ’ പാര്‍ട്ടീടെ ചുവപ്പല്ലാ...’നോര്‍മല്‍’ ചുവപ്പാ ! )  . അപ്പൊപ്പിന്നെ , “ മുന്‍സിപ്പല്‍ സ്റ്റാന്റില് ജയ ബേക്കറീടെ മുന്നില്‍ നില്‍ക്കണ ചോപ്പ് ’ ബസ്സ് നമ്മടോടക്ക് പോണത്’“ എന്നായിരുന്നു എന്റെ ഒരു ഐഡിയ....വാട്ട് ഏന്‍ ഐഡിയാ !
                  ഒരിക്കല്‍ കുട്ടിക്കാലത്ത് , രാധാക്രിഷ്ണാ ഹോട്ടലിലെ മസാലദോശക്കുവേണ്ടിയുള്ള എന്റെ ‘ അഭിനയവും ക്ഷീണവും തളര്‍ച്ചയും ‘ , അതിന്റെ  ‘ ചികിത്സയും’ കഴിഞ്ഞ ശേഷം ഞാനും അച്ഛനും അമ്മേം അനിയത്തിയും കൂടി തൃക്കൂര്‍ക്ക് റിടേണ്‍ പൂവാന്‍ വേണ്ടി മുന്‍സിപല്‍ സ്റ്റാന്റിലെത്തി. നേരത്തെ ഹോട്ടലില്‍ ഭക്ഷണശേഷം കാഷ്യറുടെ മുന്നില് വച്ചിരുന്ന മധുരമുള്ള  ജീരകമണി എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ വച്ചിരുന്നത് കുറേശ്ശെ എടുത്ത്  ചൂയിങ്ഗം പോലെ കഴിച്ചാണ് എന്റെ നടപ്പ്.  പക്ഷേ, ലാസ്റ്റത്തെ ഒരു പീസ് എടുക്കാന്‍ പറ്റണില്ലാ....നാശം.., പോക്കറ്റില്‍ സ്റ്റക്കായീ..ഞാന്‍ പതുക്കെ ഫുട്പാത്തില്‍  ‘ഡബിള്‍ സിഗ്നലുമിട്ട് ‘ അതു സൂക്ഷമതയോടെ എടുത്ത് വായിലോട്ടിട്ടപ്പോഴാണ് ഞെട്ടീക്കുന്ന സത്യം തിരിച്ചറിഞ്ഞത്....വീട്ടുകാര്‍ മൂന്നുപേരും മിസ്സിങ്! മുന്‍സിപ്പല്‍ സ്റ്റാന്റിലെ തിരക്കില്‍ നോം ഒറ്റക്ക് ! എന്റെ  ഓര്‍മ്മയില്‍ തലയില്‍ നിന്നും ‘ ഭയപ്പാടോടുകൂടി ഒരു കിളി ‘ ജീവിതത്തില്  ആദ്യമായി പറന്നു പോയത് അന്നായിരുന്നു ! ഒരു ജീരകമണി കാരണം ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നു! ശോ , എന്തൊരു അബദ്ധം....സങ്ങതി പോക്കറ്റിലിട്ടതാ കൊഴപ്പായത്...കയ്യില്‍തന്നെ ചുരുട്ടിപ്പിടിച്ചാ മത്യാര്‍ന്നു ! 

ആദ്യത്തെ ഒരു പകപ്പ് മാറിയപ്പോ,  മിണ്ടാട്ടം മുട്ടിപ്പോയ ഞാന്‍  ന്യൂട്രലില്‍ നിന്നും പതുക്കെ ഫസ്റ്റ് ഗിയറിലോട്ട് മാറ്റി  പതുക്കെ ഒരു നിലവിളി  ആരംഭിച്ചു....,  ‘ അമ്മേ..” എന്ന ‘നോട്ടോടു കൂടി.    
ഒരു രക്ഷയുമില്ല്യ, ഒരാളും മൈന്റ് ചെയ്യണില്ലാ...നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥിരം കുറ്റികളായ ചില പിച്ചക്കാര്‍ മാത്രം “ ഇതേതാടാ മെമ്പര്‍ഷിപ്പില്ലാത്ത ഒരു അനധികൃത യാചകന്‍ ? “ എന്ന റോളില് എന്നെ നോക്കി . പേടി കാരണം , ഞാന്‍ അതൊന്നും മൈന്റ് ചെയ്യാതെ , നടന്ന്  ജയബേക്കറിയുടെ മുന്നിലെത്തി. ആരുടേയോ കുരുത്തത്തിന് , ബേക്കറിയുടെ മുന്നിലെ ചവിട്ടുപടിയില്‍ കേറി നിന്ന് കരച്ചില്‍ കണ്ടിന്യൂ ചെയ്തു.
     ഇതേ സമയം പുന്നാരമോനെ കാണാതെ എന്റെ അച്ഛനും അമ്മേം അനിയത്തിയും കൂടി തപ്പി നടക്കാര്‍ന്നു...( ശെരിക്കും ) . എന്താ ഇണ്ടായതെന്നുവെച്ചാല് , സ്റ്റാന്റിലെത്തും മുന്‍പേ  ഞങ്ങള്‍ നടന്ന് വരണത് കണ്ട് , നമ്മടേ ‘ ശ്രീരാമചന്ദ്ര’ യിലെ രാമക്രിഷ്ണേട്ടന്‍ ബസ്സ് വേഗം ചവുട്ടി നിര്‍ത്തി . എല്ലാരും ബസ്സിന്റെ  പുറകിലെ  ഡോറില്‍കൂടി കേറി . അച്ഛന്റെ കയ്യില്‍ സധനങ്ങള്‍ വാങിയ സഞ്ചിയും , അമ്മേടേ ഒക്കത്ത് അനിയത്തിയും ഇണ്ടാര്‍ന്നു, ‘വേഗം കേറടാ, “ എന്നും പറഞ്ഞ് അവര്‍ കേറി .പക്ഷെ , ജീരകമണി തിരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ ഇതറിഞ്ഞില്ലാ..ബസ്സാണെങ്കില്‍ വിട്ടുപോയി. ബസ്സ് നേരെ ജയാബേക്കറീടെ മുന്നിലെത്തിയിട്ടെ പിന്നെ നില്‍ക്കൂ . വീട്ടാര് ബസ്സീന്നിറങ്ങി , എനിക്കുവേണ്ടീയുള്ള  അന്വേഷണം ആരംഭിച്ചു .രാധാക്രിഷ്ണാ ഹോട്ടല്‍ വരെപോയി ഒരു റൌണ്ട് സെര്‍ച്ചിങ്ങിന് ശേഷം , അവര്  തിരിച്ചു എത്തിയപ്പോ ,  ദേ നില്‍ക്കണ് ....അമ്മേടെ ഒരേയൊരു മോന്‍,,..ബേക്കറീടെ മുന്നില്‍ കാറിക്കൊണ്ട്  , ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യുമിട്ട് !  അടിപൊളി !
( ഇത്തവണ നാട്ടീ പോയപ്പോ , അമ്മാവന്റെ പിള്ളേര്‍ക്ക്  മുട്ടായി വാങ്ങാന്‍ ജയ ബേക്കറീല് കേറിയപ്പോ , ചവിട്ടുപടീല് നിന്നു നോക്കി , ശോ, ഇവിടെ നിന്നാ , എല്ലാം വളരെ ക്ലിയറാ. ! പണ്ട് ഈ  ജയാബേക്കറി ഇല്ലാര്‍ന്നൂച്ചാല് , ഞാന്‍ എവടെ കേറി നിന്നേനെ ? എങ്ങനെ വീട്ടുകാര്‍ എന്നെ കണ്ടുപിടിച്ചേനേ ? ഇങ്ങു ദുഫായില്‍ ‘ദിര്‍ഹംസില്‍’ ശമ്പളം വാങേണ്ട ഞാന്‍ , അന്നു വല്ല പിച്ചക്കാരും പൊക്കിയിരുന്നെങ്കില്‍  കണ്ണൂം മൂക്കും കുത്തിപൊട്ടിച്ച് വല്ല ‘ധര്‍മസ്ഥല’യിലും  ഇരുന്ന് ‘ജോലി‘ ചെയ്യേണ്ടി വന്നേനെ !!  )    
* ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില് ഞാന്‍ ജീരകമണികള്‍ ഇട്ടിട്ടീല്ലാ.....സത്യം !
 

                                          
                             
                

8 comments:

  1. "നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥിരം കുറ്റികളായ ചില പിച്ചക്കാര്‍ മാത്രം “ ഇതേതാടാ മെമ്പര്‍ഷിപ്പില്ലാത്ത ഒരു അനധികൃത യാചകന്‍ ? “ എന്ന റോളില് എന്നെ നോക്കി ."

    എഴുത്ത് രസകരം

    ReplyDelete
  2. ഡെയ്‌ ..ഇത്‌ എന്നുണ്ടായതാ സത്യം പറ.....നീ ആദ്യത്തെ ലീവിനു പോയപ്പോഴല്ലേ....ഒരു ലീവുകൊണ്ട്‌ ഇത്രക്കും സ്ഥലകാലബോധം ഉണ്ടായോ.....

    ReplyDelete
  3. ഗോപാ,

    ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില് ഞാന്‍ ജീരകമണികള്‍ ഇട്ടിട്ടീല്ലാ.....സത്യം !

    അതെനിക്ക് ബോധിച്ചു

    ReplyDelete
  4. 6 - 7 കൊല്ലം മുന്‍പ് നമ്മുടെ നാട്ടില്‍ ദീപാവലിയ്ക്ക് ഇന്നത്തെ പോലെ വലിയ പ്രാധാന്യമൊന്നുമില്ലാത്ത കാലത്ത് ആദ്യമായി ദീപാവലി സ്വീട്സ് വില്പന തുടങ്ങിയത് ജയ ബേക്കറി ആയിരുന്നു എന്ന് തോന്നുന്നു. പല തരത്തിലുള്ള മധുരപലഹാരങ്ങള്‍ എല്ലാം കൂടി ഒരു ബോക്സില്‍ കിട്ടുമായിരുന്നു. 25 രൂപ, 50 രൂപ എന്നിങ്ങനെ പല വിലകളില്‍. അന്ന് ഹൈ റോഡിലെ ഐഡിയ ഷോറൂമില്‍ നിന്നും ജോലി കഴിഞ്ഞു പോകുമ്പോള്‍ ജയ-യില്‍ നിന്നും വാങ്ങിയിരുന്ന ആ സ്വീറ്സിന്റെ സ്വാദ് ഇപ്പോഴും നാവിന്‍ തുമ്പത്തെവിടെയോ....

    ReplyDelete
  5. ജയ ബേക്കറിടെ അവിടെ കുറ്റിയടിച്ച് ഞാനും കുറെ നിന്നിടുണ്ട്.

    ReplyDelete
  6. ഇത് കലക്കി ഗഡ്യേ.ജയാ ബേക്കറിയും ജീരകമിഠായിയും രസിപ്പിച്ചു :)

    ReplyDelete
  7. ചാത്തനേറ്:ചില കിടിലം നമ്പറുകളുണ്ടല്ലോ ആശാനേ, നന്നായി. മൊത്തം വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നു.

    ReplyDelete
  8. sho punnaramone thiruchukittiyathu nanayi alenkil njangalku oru kadhakarane nashtapettene.Athumala appothanne free ayittu oru memeber sheet kittiyeneum(pichakarode)

    ReplyDelete