Thursday, January 21, 2010

തൃക്കൂര് ഉത്സവായീട്ടാ‍...!!



തൃക്കൂരില്‍ വീണ്ടൂം ഒരു ഉത്സവകാലം വന്നെത്തിയിരിക്കുന്നു..ജനുവരി 21ന് കൊടികയറി , 28ന് ആറാട്ടോട് കൂ‍ടി അവസാനിക്കുന്ന എട്ട് ദിവസത്തെ തൃക്കൂര്‍ മഹാദേവക്ഷേത്രോത്സവം !
ഇതെനിക്ക് സഹിക്കാന്‍ വയ്യാ..ഈ മരുഭൂമിയിലെത്തിയിട്ട് ഇതു നാലാമത്തെ ഉത്സവമാണ് കാണാനും അനുഭവിക്കാനും കഴിയാതെ പോകുന്നത്!
എന്റെ നെഞ്ചില്‍ സങ്കടത്തിന്റേയും നഷ്ടബോധത്തിന്റേയും എട്ട് ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു...ജനുവരി 21 മുതല്‍ 28 വരെ!    കൊടിയേറ്റദിവസം മുതല്‍ ആരംഭിക്കുന്ന , എന്റെ വീക്ക്നസായ ‘പാഞ്ചാരിമേള‘ത്തിന്റെ  ഒരു ‘വെര്‍ച്ച്വല്‍ ‘ ഫീലിങ്ങുമാ‍യി ഉറങ്ങാന്‍ കഴിയാതെ  കണ്ണടച്ച് കിടന്ന് എട്ട്  ഉത്സവരാത്രികള്‍.

നാട്ടിലുള്ളപ്പോള്‍ സന്തോഷത്തിന്റേയും ആര്‍മാദത്തിന്റേയും മാത്രമായ ഉത്സവനാളുകള്‍ , ഒരിക്കല്‍ ഇതുപോലെ വല്യ ‘സങ്കടം’ തരുന്നതായി മാറുമെന്ന് ഞാന്‍ ഓര്‍ത്തില്ല. ഇന്നത്തെ “ മാതൃഭൂമി’യില്‍ ഇതാ തൃക്കുര്‍ ഉത്സവത്തിന്റെ വാര്‍ത്ത കിടക്കണൂ !

 എന്റെ നിരാശയും നഷ്ടബോധവും , ഞാന്‍ ഇവിടെ എഴുതിക്കൂട്ടാന്‍ പൂവാണ്!  ദയവായി സഹിക്കുക .
ലീവ് അപ്പ്രൂവല്‍ ഇല്ലാതെ ,  എയര്‍ടിക്കറ്റില്ലാതെ, ചോക്ലേറ്റുകളും ‘ടാങ്കും’ കുത്തി നിറച്ച ലഗ്ഗേജുകളും ഇല്ലാതെ , മനസ്സു കോണ്ട്  ഞാന്‍ എന്റെ ഗ്രാമത്തിലെക്ക് ,  ശ്രീ തൃക്കൂരപ്പന്റെ  സന്നിധിയിലേക്ക് ഒരു യാത്ര പോകുന്നു !
ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നിരാശനും ദുഖിതനുമായ മുഖഭാവമുള്ള ശ്രീ ‘ വേണു നാഗവള്ളീയെ’ മനസ്സില്‍ ധ്യാനിച്ച്  ഈ ഉത്സവദിനങ്ങളില്‍ ഞാന്‍ എന്റെ മോഹങ്ങളുടെയും നഷ്ടങ്ങളുടേയും ഒരു കുഞ്യലീസ്റ്റ് വലിച്ചു നീട്ടൂന്നൂ...
  •  പരീക്ഷാഹോളിലേക്ക്  ചോദ്യപേപ്പറുകളുടെ കെട്ടും  പിടിച്ച്  ടീച്ചര്‍മാര് പോണപോലെ ഉത്സവത്തിന്റെ നോട്ടീസും നെഞ്ചോട് ചേര്‍ത്ത് നാടുമുഴുവന്‍ ചേട്ടന്മാരോടൊപ്പം പിരിവിനു ‘ഒരിക്കല്‍കൂടി’ പൂവാന്‍ മോഹം!
  • തൃശ്ശൂര്‍ സി.എം.എസ് സ്കൂളില്  അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ് വരെ ഞങ്ങളെ സംസ്കൃതം പഠിപ്പിക്കാന്‍ ശ്രമിച്ചു കോണ്ടിരുന്ന സണ്ണി മാഷോട് ,  ‘പതിവുള്ളപോലെ‘  ഒന്നുകൂടി  ഉത്സവപിരിവു ചോദിക്കാന്‍ മോഹം!
  • കൊടിയേറ്റത്തിന്റെ തലേദിവസം എല്ലാരും കൂടിയുള്ള ക്ഷേത്രമതില്‍ക്കകത്തെ വൃത്തിയാക്കലും , കുരുത്തോലകെട്ടലും , ചുറ്റമ്പലത്തിനകത്ത് ഓലകോണ്ട് മേയുന്നതും അതിനിടക്ക് രാമന്‍ കുട്ടിയേയും , കുറുക്കന്‍ മോഹനേട്ടനേയും, ‘കോഴിക്കാട്ടം’ എന്ന വിശേഷണത്താല്‍ നാട് മുഴുവന്‍ അറിയപ്പെടുന്ന ചന്ദ്രേട്ടനെപ്പോലുള്ളവരും കാട്ടിക്കൂട്ടുന്ന ഒരോ തമാശകളും നഷ്ടമാകുന്നതിന്റെ വിഷമം .
  • ഉത്സവം കൊടികയറുന്ന സമയത്ത്  കൊടിമരത്തിന്‍ താഴെ നിന്ന് മേലോട്ട് നോക്കി ,               “ ത്രിക്കൂരപ്പാ‍ , സേവ് മീ “ എന്നു പ്രാര്‍ഥിക്കാന്‍ കഴിയാത്തതിന്റേയും , ആദ്യദിവസത്തെ കൊടിപ്പുറത്ത് വിളക്കിന് പഞ്ചാരികൊട്ടുന്ന കിഴിയേടത്ത് അനിയേട്ടനെ ‘തോട്ടി’യിടാന്‍ പറ്റാത്തതിന്റേയും സങ്കടം.
  • രണ്ടാം ദിവസം മുതല്‍ ചേര്‍പ്പ് ഉദയന്റെ ഓട്ടന്‍-തുള്ളലും , അതു കഴിഞ്ഞ്  ആളുടെ ‘തികച്ചും വ്യത്യസ്തമായ ‘ നാടന്‍ പാട്ടുകളും  ‘കഥകളും’, അതിനു അനിലേട്ടന്റെ വക വരുന്ന എക്സ്പ്ലാനേഷനുകളും കേള്‍ക്കാന്‍ പറ്റില്ല്യാലൊ!
  • ഉത്സവബലി സമയത്തും , വൈകീട്ട് ദീപാരാധനാ സമയത്തും ‘കുറുക്കന്‍’ മോഹനേട്ടനോടൊപ്പം നിന്ന് ഭക്തജനതിരക്ക് ‘ നിയന്ത്രിക്കാന്‍’ ഇക്കൊല്ലവും പറ്റാതെ പോകുമല്ലോ എന്ന വിഷമം
  • തിരക്കുള്ള സമയത്ത് ചുറ്റമ്പലത്തിനകത്ത്   രസീറ്റെഴുതാനിരിക്കുന്ന ഉണ്ണ്യേട്ടനെ ‘സഹായിക്കനെന്നും‘ പറഞ്ഞ് വഴിപാട് കൌണ്ടറില്‍ കേറിഇരിക്ക്യാന്‍ പറ്റാത്തതിന്റെ ഒരു വിഷമവും ഉണ്ട്. കാരണം , വഴിപാട് കൌണ്ടറിലിരുന്നാല്‍ , കൂളിങ്ങ് ഗ്ലാസ്സിട്ട കാറിലിരിക്കണ സുഖാ‍..നമുക്കാച്ചാ‍ല് എല്ലാരേയും കാണാം..എന്നാ നമ്മളെ ആര്‍ക്കുമൊട്ട് കാണാനും പറ്റില്ല്യ....ഏത് ?!!
  • പെരുവനം കുട്ടന്മാരാര്‍ , പെരുവനം സതീശന്മാരാര്‍ , പഴുവില്‍ രഘു,ചെരുശ്ശേരി കുട്ടന്മാരാര്‍ ..തുടങ്ങിയ പുലികളുടേ കിടിലന്‍ പാഞ്ചാരിമേളങ്ങളും ,  കലാമണ്ഡലം  പരമേശ്വരന്മാ‍രാര്‍ , തൃക്കൂര്‍ രാജന്‍, പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍..തുടങ്ങിയ മേളപ്രമാണിമാരുടെ ഗംഭീര പഞ്ചവാദ്യങ്ങളും എനിക്ക് ദേ നഷ്ടമാകാന്‍ പോണൂ!
  • വല്യ സുഖള്ള പരിപാടിയല്ലെങ്കിലും നിഷാദിന്റെയൊപ്പം നമ്മടെ ‘യദുക്രിഷ്ണന്റെ ‘ (ഒരിക്കെ കയറിയതിന്റെ കഥ) പുറത്തു കയറി  ഒരിക്കല്‍കൂടി ജീവന്‍ ‘പണയം‘ വെക്കാന്‍ തോന്നുന്നൂ !
  • കമ്മറ്റിയില്‍ കയറിയതിന്റെ പേരില്‍ ,‘വല്ല്യവിളക്ക്’ ദിവസം എഴുന്നള്ളിപ്പിന്റെ മുന്നില്‍ പ്രത്യേക കാണിക്കയിടല്‍  , വിളക്കുവെപ്പ് ചടങ്ങുകള്‍ക്ക്  ഞാന്‍ ശുഷ്കാന്തിയോടെ കാര്യങ്ങള്‍ ചെയ്യുന്നത് ,  അഭിമാനത്തോടെ  നോക്കിയുള്ള അച്ഛ്ന്റേയും അമ്മയുടേയും ആ നില്‍പ്പ് ഒന്നൂടെ കാണണംന്ന് തോന്ന്വാ..!
  • ‘പള്ളീവേട്ട‘ ദിവസം രാത്രി എഴുന്നെള്ളിപ്പും ചടങ്ങുകളും  കഴിഞ്ഞ് നമസ്കാരമണ്ഡപത്തില്‍ പള്ളിയുറങ്ങുന്ന ത്രിക്കൂരപ്പന്റെ സാന്നിധ്യമുള്ള ചുറ്റമ്പലത്തിനകത്ത് ഉറങ്ങാതെ ചേട്ടന്മാരോടൊപ്പം കാവലിരിക്കാനും , ആറാട്ട് ദിവസം ഭഗവാനോടൊപ്പം മണലിയാറില്‍ മുങ്ങി , കിച്ചാമണി ആന്റ് ടീമിന്റെ ഒപ്പം ഭജനയില്‍ക്കൂടാനും ഇക്കൊല്ലവും എനിക്കു കഴിയില്ലല്ലൊ...ഈശ്വരാ!
    ഒരു കാര്യം കൂടി  ഇണ്ട്ട്ടാ... ഉത്സവത്തിന്  എല്ലാ കൊല്ലവും എത്താറുള്ള ‘ഡെന്നീസ്’ സായിപ്പിനോടും കെട്ട്യോളോടും ‘ഇങ്ലീഷില് ’ നാലു വാക്ക് സംസാരിക്കണം ! അല്ലാ, പിന്നെ കുറേക്കാലമായുള്ള ഒരാഗ്രഹാ....ദുബായീല്‍ വന്നേപ്പിന്നെ ഇപ്പൊ ‘ഇങ്ലീഷ്’ പറയാന്‍ ഒരു ‘ ജാതി’ ധൈര്യാ..!
    ( ഈ പോസ്റ്റ് സ്വന്തം നാട്ടിലെ പൂരങ്ങളും  ഉത്സവങ്ങളും നഷ്ടമാകുന്ന എല്ലാ നാട്ടാ‍ര്‍ക്കും ഞാന്‍ ‘ഫ്രീ’യായി ഡെഡിക്കേറ്റ് ചെയ്യുന്നു ! )
    * ഈ പോസ്റ്റ് നിങളെ ബോറടിപ്പിച്ചെങ്കില്‍ ഞാന്‍ സാദരം മാപ്പ് ചോദിക്കണൂ! ..കാരണം ഇതെഴുതിയില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും ഇണ്ടാവില്ല്യ !..അതോണ്ടാ‍ !! പ്ലീസ് !

    8 comments:

    1. പ്രവാസിയുടെ ജീവിതയാത്രയില്‍ നഷ്ടപ്പെട്ടു പോകുന്ന വര്‍ണ്ണങ്ങള്‍ ആര് തിരികെ തരും. അമ്പലമുറ്റവും ആറാട്ടും എല്ലാം സ്വപ്നങ്ങളില്‍ മാത്രം

      ReplyDelete
    2. പ്രവാസ ജീവിതത്തിനിടയില്‍ നഷ്ടങ്ങളുടെയും വേദനകളുടെയും വിങ്ങളുകളുടെയും താളുകള്‍ മാത്രമേ തുറക്കാന്‍ കാണു.
      അതിനിടയില്‍ ഇതുപോലൊരു പോസ്റ്റ്‌ കാണുമ്പോള്‍ ചാറ്റല്‍ മഴ കൊണ്ടതുപോലെ....
      ആശംസകള്‍.

      ReplyDelete
    3. ഒരിക്കലും ബോറായിട്ടില്ല.

      ReplyDelete
    4. nice da, nattil thirichu poyi oru ulsavathinu poyathu pole.

      ReplyDelete
    5. ഉത്സവാശംസകള്‍!

      ReplyDelete
    6. ഉത്സവം എന്നും എനിക്ക് ആഘോഷമാ, ഈ പോസ്റ്റിനു നന്ദി
      ചില ഓര്‍മ്മകള്‍.

      ReplyDelete
    7. ത്രിക്കൂരും ത്രിശ്ശൂരും പെരുവനത്തും ആറാട്ടുപുഴയിലും ഊരകത്തും ഊത്രാളിയിലും ചെനക്കത്തൂരും പറക്കോട്ടുകാവിലും കുനിശ്ശേരിയിലും നെന്മാറയിലും അന്തിമാളൻ കാവിലും കോഴിമാം പറമ്പിലും കാട്ടിരിയിലും.. ഈശ്വരാ...ഈ ലിസ്റ്റ് നീളുന്നു..

      ഉത്സവാശംസകൾ

      ReplyDelete