Thursday, February 25, 2010

സച്ചിനെതിരെയും സുകുമാരന്‍ !


“ എന്നോട് വേണ്ടാ , ഈ അഹങ്കാരത്തിന്റെ ഇന്നിങ്ങ്സ് “ - 
സുകുമാരന്‍ അന്തിക്കാട്  ( ‘സാംസ്കാരിക നായകന്‍ & ബുദ്ധിജീവി ‘ ..രണ്ടും ! )
---------------------------------------------------------------------------------------------------

‘സൂപ്പര്‍സ്റ്റാറുകള്‍‘ എന്നു ബുദ്ധിയും വിവേകവുമില്ലാത്ത  ജനങ്ങള്‍ വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്ന രണ്ട് ‘മനുഷ്യരെ’ ഞാന്‍  എന്റെ വാക്സാമര്‍ഥ്യം കൊണ്ട്  നിഷ്പ്രഭമാക്കിയ കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ! അപ്പോഴാണ്   ‘സച്ചിന്‍’ എന്ന മറ്റൊരു  പയ്യന്‍ എന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. ഇന്നലെ അവന്‍ ക്രിക്കറ്റ് എന്നു പറയുന്ന , മുതലാളിത്തത്തിന്റെ കളിയില്‍ 200 റണ്‍സ്  അടിച്ചിരിക്കുന്നുവത്രേ! ഇത് എനിക്കു നേരെയുള്ള ഒരു കായികവും സാംസ്കാരികവുമായ ഒരു ആക്രമണമായേ എനിക്ക് വീക്ഷിക്കന്‍ കഴിയൂ! ഈ പയ്യന്‍ എന്തിനു ഈ നടന്മാരുടെ പക്ഷം പിടിച്ചു എന്നോടെതിര്‍ക്കാന്‍ വരുന്നൂ , എന്നാണ് എനിക്കു മനസ്സിലാകാത്തത് !  എന്നെപ്പോലൊരു ബുദ്ധിജീവിയെ എതിര്‍ക്കാനുള്ള അറിവും , സാഹിത്യവും ഈ ചെക്കനുണ്ടോ ? എന്നെപ്പറ്റി ഇവനെന്തറിയാം ? നാല്‍പ്പതോളം മഹത്തായ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട് . പക്ഷേ , പുരസ്കാരങ്ങളും മറ്റും എനിക്ക് താല്പര്യമില്ല. , അതുകൊണ്ടാവാം , ഇതൊന്നും ഒരുത്തനും വായിക്കാതേയും അറിയാതേയും പോയത്.  എന്റെ ഈ പുസ്തകങ്ങള്‍ ഇല്ലയിരുന്നുവെങ്കില്‍ ഈ നാടിന്റേയും സമൂഹത്തിന്റേയും ഗതിയെന്താകുമായിരുന്നൂ , എന്നാലോചിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു .
                                       ഹും..ഇന്നലെ കളി കഴിഞ്ഞുള്ള ഇടവേളയില്‍ അവന്‍ എന്നെ വിളിച്ചിരിക്കുന്നു., എന്നിട്ട് മലയാളമല്ലാത്ത ഏതോ ഒരു ഭാഷയില്‍ എന്നെ അപമാനിക്കുന്ന രീതിയില്‍ , എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. ഇതു ‘തിലകന്‍’ വിഷയത്തില്‍ എന്നെപ്പോലൊരു ഭയങ്കരന്‍ ഇടപെട്ടതിന്റെ ഒരു പ്രതികാരമെന്നാണ് ഞാന്‍ വീക്ഷിക്കുന്നത്. ലാലിനേയും മമ്മൂട്ടിയേയ്യും പോലെ സച്ചിനേയും തിലകന്റെ സാന്നിദ്ധ്യം ഭയപ്പെടുത്തിയിരുന്നൂ..എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് .
                               ഈ പയ്യനു ധൈര്യമുണ്ടെങ്കില്‍ എന്റെ വീടിന്റെ കോലായിലോ വടക്കേപറമ്പിലോ വരട്ടേ , എന്നെ നേരിടാനുള്ള മനസ്സാനിദ്ധ്യവും വിവേകവും  നേടിയതിന്ശേഷം.
 ഇവനൊറു പേടിച്ചുതൂറിയാണെന്ന് എനിക്കറിയാം. അല്ലെങ്കില്‍ എതിനാണ് ഈ ചെറിയ പേരക്കാ വലിപ്പമുള്ള  പന്തുകളെ നേരിടാ‍ന്‍ ഒരു ഹെല്‍മറ്റും  കയ്യിലും കാലില്‍ വെച്ചുകെട്ടൂമായി ഇറങ്ങിപ്പുറപ്പെടുന്നത് ?ഒരു വലിയ കടല്‍ ഇളകിവന്നാലും എന്റെ അറിവും കഴിവും പിന്നെ പൊന്നുപോലത്തെ എന്റെ നാക്കും കൊണ്ട് ഞാന്‍ നേരിടും , അതിനുള്ള തന്റേടം എനിക്കുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു മഹാസാഗരം തന്നെ വരട്ടേ എന്റെ വീട്ടുമുറ്റത്തേക്ക് .
                                 അതിഥികളോട് പെരുമാറാനുള്ള മര്യാദയും വിനയവും ഉണ്ടോ ഈ ചെക്കന് ? ഇന്നലെത്തന്നെ , നിങ്ങള്‍ നോക്കൂ , നമ്മുടെ നാട്ടിലേക്ക്,  ഒരുകാലത്ത് തൊഴിലാളികളും കറുത്തവര്‍ഗ്ഗക്കാരും  അടിച്ചമര്‍ത്തപ്പെട്ട  ദക്ഷിണാഫ്രിക്കയില്‍നിന്നും  വന്ന ഒരു പറ്റം ചെറുപ്പക്കാരെ ഒരു ദയ-ദാക്ഷീണ്യവുമില്ലതെയല്ലേ ഈ അഹങ്കാരിപ്പയ്യനും സംഘവും ചേര്‍ന്ന് പരാജയപ്പെടുത്തി അപമാനിച്ചത് ? ഈ വിജയം മുതലാളിത്തവും ക്യാപിറ്റലിസവും ചേര്‍ന്ന് സോഷ്യലിസത്തിന് നേരെ നടത്തിയ ഒരാക്രമണമാണ്. എന്നിട്ട് ഇതഘോഷിക്കുന്നു , ചില ബുദ്ധിയില്ലാത്ത ക്രിക്കറ്റ്ഭ്രാന്തന്മാര്‍ .  ലാലിനോടും മമ്മൂട്ടിയോടും  പറഞ്ഞതുപോലെ ഈ ക്രിക്കറ്റ്കളി ഈ വര്‍ഷത്തോടെ നിര്‍ത്താന്‍  ഞാനിതാ സച്ചിനോട് ആഞ്ജാപിക്കുന്നു !
                            ഇത്തിരി കടുപ്പമാണെങ്കിലും എനിക്കിതു ചെയ്യാതെ വയ്യാ, കാരണം ഈ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിയ്കാണല്ലോ! എന്നാലും നിങ്ങള്‍ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടേയും  അന്ധകാരത്തില്‍ ഒറ്റപ്പെടുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.കാരണം ഞാന്‍ തിരുമാനിച്ചുറപ്പിച്ച് ഇറങ്ങിക്കഴിഞ്ഞു...ഈ സമൂഹത്തെ ശുദ്ദീകരിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ. കയ്യില്‍ കാശുള്ളവരെ എനിക്കു വെറുപ്പാണ്..അറപ്പാണ് . അതിനി ലാലായാലും ,മമ്മൂട്ടിയായാലും , ഈ ‘കൊച്ചന്‍’ സച്ചിനായാലും ...ഇവരൊന്നും എനിക്ക് ഒരു ഇരയേയല്ല ! ഞാനാണ് ഈ സമൂഹത്തിലെ എല്ല പ്രശ്നങ്ങളും പരിഹരിക്കുന്ന പുലി. എനിക്കു പിടിക്കാത്ത ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല.  എനിക്കു തോന്നിയതൊക്കെ ഞാന്‍ എഴുതും,  വായില്‍ തോന്നിയതൊക്കെ പറയും , എനിക്കതിനുള്ള അവകാശമുണ്ട്, ..കാരണം ഞാന്‍ നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ,  7500 വേദികളില്  ഞാന്‍ പ്രസംഗിച്ചിട്ടുണ്ട് .  ഞാന്‍ പറയുന്നത് സമ്മതിക്കാന്‍ മനസ്സില്ലത്തവര്‍ക്ക് ഈ സമൂഹം വിട്ട് പുറത്ത് പോകാവുന്നതാണ് , കാരണം ഞാനാണിവിടുത്തെ സമൂഹ്യ-സാംസ്കാരിക നായകന്‍ !

( ഈ എഴുതിയതിന്റെ  കാശ് എത്രയാണെന്നുവെച്ചാ , എന്റെ വീട്ടിലേക്ക് മണിഓര്‍ഡറായി അയച്ചാല്‍ മതി , ഞാന്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി. .  കാരണം , ചില  കാപാലികര്‍ പറയുന്നൂ , ഞാന്‍ കൂലിക്ക് പ്രസംഗിക്കാന്‍ പോകുന്നവനാണെന്ന് ..  ദ്രോഹികള്‍ ! )

                   
           

Sunday, February 21, 2010

“ ദേ കെടക്കണൂ ! “

ത്രിക്കൂരിലെ  മറ്റൊരു വ്യക്തിത്വത്തെക്കൂടി നോം പരിചയപ്പെടുത്തിക്കോട്ടേ?....ഇണ്ട്രൊഡ്യൂസിങ്ങ്....മിസ്റ്റര്‍ ശ്രീജിത്, ഹും...വെറും ശ്രീജിത്തല്ലാ,,..’മൊയലന്‍ ‘ ശ്രീജിത്ത്.! ‘മൊയലന്‍’ മെഡിക്കത്സിലേയും , ‘ആമയും മുയലു’മിലേയും അതെ ‘മുയല്‍’. പക്ഷേ, ഈ ഗെഡിക്കെങ്ങനെ ഈ പേര്‍ വന്നൂന്ന് ഗൂഗിളിലും യാഹൂവിലും 'ബിങ്ങി’ലും വരെ തപ്പി നോക്കിയിട്ടും പിടികിട്ടിയില്ല. നല്ല ഉയരവും , അതിനൊത്ത തൂക്കവും ഭീമന്‍ രഘു മുടി ‘സ്പൈക്’ ചെയ്യിച്ച പോലെയുള്ള ഹെയര്‍ സ്റ്റൈലും , എല്ലം കൂടി ഒരു ‘കിടു’ ഡാവ്. പക്ഷേ, സ്വഭാവം  കൊണ്ടും ‘ബുദ്ധിശക്തി’ കൊണ്ടും ചിലപ്പോള്‍ ചുള്ളന്‍  ഒരു കൊച്ചു കുട്ടിയെപ്പോലെയാവും....ആയിട്ടുണ്ട് , പലവട്ടം !
              വീട്ടുകാര്  തൃശൂര്  നല്ല പേരുള്ള ഒരു സ്കൂളില് കൊണ്ട് ചേര്‍ത്തെങ്കിലും, സ്കൂളിന്റെ ‘നല്ല’- പേര് പോയെങ്കിലും നമ്മുടെ മൊയലന് ‘ഒന്നും ‘ സംഭവിച്ചില്ല്യ...തൃക്കൂരുകാരുടെ ഭാഗ്യം. ഹോം ഗ്രൌണ്ട് വിട്ട് പൂവാന്‍ ഗെഡിക്ക് തീരെ താല്പര്യമില്ലായിരുന്നു...എന്ത് ചെയ്യാം..വീട്ടില്  സൌര്യം കിട്ടണ്ടേ ? അങ്ങനെ , വീട്ടുകാര്‍ക്ക് വേണ്ടി , വലിയ ചൊറ്റുപാത്രവുമായി ‘ മൊയലന്‍ ഡെയിലി തൃശൂര്‍ക്ക് പൂവാന്‍ തുടങ്ങി....ഉന്നതവിദ്യാഭ്യാസം നേടാന്‍. പക്ഷേ, നേടിയതു മുഴുവനും മാഷുമാരുടേയും പിളേരുടേയും തല്ലും , ഭീഷണികളും മാത്രം !
ഓരോ അധ്യായനവര്‍ഷത്തിലും അവനെ മിസ്’ ചെയ്യുന്നത് സഹിക്കാന്‍ വയ്യത്ത അധ്യാപകര്‍ നെ തന്റെ ക്ലാസ്സില്‍ രണ്ടു വര്‍ഷമെങ്കിലും ഇരുത്തിയേ ചുള്ളനെ  അടുത്ത ക്ലാസിലേക്ക് കയറ്റി വിടാറുള്ളൂ! ഗുട്ടന്‍സ് പിടികിട്ടിയ ചുള്ളന്‍ ഒരു ദിവസം ക്ലാസ് മാഷോട്  ബ്ലാക്-ബോര്‍ഡിന്റെ അടുത്തേക്ക്  മാറ്റി നിര്‍ത്തിയിട്ട്  പറഞ്ഞു..” ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത് !”  . അതേറ്റു ,...  മൊയലന് ‘വീടിന് തൊട്ടടുത്തുള്ള’ പഞ്ചായത്ത് വക ഹൈസ്കൂളിലേക്ക്   സ്ഥലമാറ്റം കിട്ടി !!

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റിലായിരുന്നു, അവന്റെ ശ്രദ്ധ് മുഴുവനും. തൃക്കുരില്‍ ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി അദ്ദേഹം ബാറ്റുകളും ബോളുകളും വാങ്ങിക്കൂട്ടി , വീടിന്റെ വേലിയില്‍ നിന്നും നല്ല ഷേപ്പിലുള്ള കുറ്റികള്‍ ഊരിയെടുത്ത് വിക്കറ്റുകളുണ്ടാക്കി, ( കുറ്റികള്‍ എല്ലാം ഊരിതീര്‍ന്നപ്പോള്‍ , വീടിന്റെ ചുറ്റും ‘മാറാല’ കൊണ്ട് വേലി കെട്ടീയപോലെയായി! ) എല്ല അവധിദിവസങ്ങളീലും നട്ടിലെ ഞനടക്കമുള്ള ക്രിക്കറ്റ്പ്രേമികളെ കൂട്ടി രാവിലെ ആറര മുതല്‍ ക്രിക്കറ്റ് മാച്ചുകള്‍ ആരംഭിച്ചു. എല്ലാം ആളു തന്നെ സംഘടിപ്പിച്ചോളും , ഒറ്റ ഉറപ്പിന്മേല്‍ , ചുള്ളന് ബോളിങ്ങും , ബാറ്റിങ്ങും കൊടുക്കണം..അതു മസ്റ്റ് ! മാത്രല്ലാ, ആളുടെ ബോളിങ്ങില് ബൌണ്ടറി അടിക്കാനും പാടില്ല്യ.....സഹിക്കില്ല്യ അത് ! ഒരിക്കല്‍ ഗെഡീടെ ഒരു ഓവറില്‍ അടുപ്പിച്ച് രണ്ട് ഫോറുകളടിച്ചശേഷം ഒരു സിങ്ങ്ങിളെടുത്ത്  ബോളിങ്ങ് എന്റില്‍ നെഞ്  വിരിച്ച് നില്‍ക്കായിരുന്ന നിഷാദിനോട്  ചുള്ളന്‍ പറയാ..” സിബീ‍ല് ( സ്റ്റേഷനികടേടെ പേരാ ) ഞാന്‍ കടം പറഞ്ഞിട്ടാ ഈ ബോള് വാങ്ങീത്...ന്നിട്ട് ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ..!” . ചുള്ളന്റെ അടുത്ത ഓവര്‍ ‘മൈഡന്‍’ ആയിരുന്നൂ....ബാറ്റ്സ്മാന്‍ നിഷാദ് തന്നെ !
ഒരിക്കല്‍ ഇന്ത്യ -പാകിസ്റ്റാന്‍ വണ്‍-ഡേ മാച് ലൈവ് കാണായിരുന്നു നമ്മുടെ പുലി. , കൂടെ അടുത്ത വീടുകളിലെ ചില ക്രിക്കറ്റ്പ്രേമികളും. അവനവന്റെ വീട്ടിലിരുന്ന് കാണാമെന്നുവച്ചാല്‍ ഗെഡി സമ്മതിക്കണ്ടേ ? ...”മ്മക്ക് എന്റെ വീട്ടില് കാണാടക്ക്യേ...എല്ലാര്‍ക്കും കൂടി ഒരുമിച്ച് കാ‍ണാം, ഒരു ജാതി ഐമല്ലേ ?” എന്നും പറഞ്ഞ് .  അങ്ങനെ എല്ലാരും കൂടി ആകെ ത്രില്ലില് കളി കണ്ടോണ്ടീരിക്കുന്നു....റ്റീവീല്  രവിശാസ്ത്രി കമന്ററി തകര്‍ക്കുന്നു.
ആ മുഹൂര്‍ത്തത്തിലാണ് നമ്മുടെ പുലിയുടെ മാതാശ്രീ “ ഡാ മോനെ , പോയി കുറച്ച് കോഴിമുട്ട വാങ്ങീട്ട് വാടാ !” എന്ന അഭ്യര്‍ഥനയുമായി എത്തീത്.
‘ സച്ചിന്‍ തൊണ്ണൂറടിച്ച്  നില്‍ക്കുമ്പഴാ അമ്മെടെ ഒരു കോഴിമുട്ട !.പോ  അവിടുന്ന്!”  ചുള്ളന്‍ ചൂടായി.
“ പെറ്റതള്ളയേക്കാളും വലുത് അവന് ആ ബോംബേക്കാരനാ ! , നിന്നെകൊണ്ട് കുടുമ്മത്ത് എന്തെങ്കിലും ഉപകാരണ്ടോടാ?” എന്ന സ്ഥിരം ഡയലോഗുകള് അമ്മ പ്രയോഗിച്ചു .
അതിനുശേഷം  , സെന്റിയും ഭീഷണിയും മിക്സ് ചെയ്ത് പെറ്റതള്ള  വീണ്ടൂം  ഡയലോഗുകള്‍ തുടര്‍ന്നു.  സൊര്യക്കേട് സഹിക്കാതെ അവസാനം ‘ ഹോ തൊയിരക്കേട് , എന്നാ വേഗം സഞ്ചിയും പൈസയും എട് , പണ്ടാരടങ്ങാന്‍!” എന്നും പറഞ്ഞ് മൊയലന്‍ പുറപ്പെട്ടു.
കഷ്ടകാലത്തിന്  നമ്മടെ പുലി കടയീന്ന്  എത്താന്‍  കുറച്ചു വൈകി , പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത്  സംഭവിച്ചു കഴിഞ്ഞിരുന്നു...സചിന്‍ സെഞ്ച്വറി അടിച്ചു കഴിഞ്ഞിരിക്കുന്നു. ദേഷ്യം വന്ന്  ഫുള്‍ കണ്ട്രോളും പോയ ചുള്ളന്‍ കോഴുമുട്ട നിറച്ച സഞ്ചിയെടുത്ത് ഒറ്റയേറായിരുന്നു...തറയിലോട്ട്...“ ..ദേ കെടക്കണൂ നിങ്ങടെ  മൊട്ട !!!!” .
അമ്മയും , റ്റീവീ കണ്ടുകൊണ്ട്രുന്ന ക്രിക്കറ്റ്പ്രേമികളും , എന്നുവേണ്ടാ ,  കമന്ററി പറഞ്ഞിരുന്ന രവിശാസ്ത്രി വരെ ഞെട്ടി.......പക്ഷേ താഴെ വീണ കോഴിമുട്ടകള്‍ മാത്രം ഞെട്ടിയില്ലാ !!!

Thursday, February 11, 2010

ജയാ ബേക്കറി ആന്റ് മീ !

ജയ ബേക്കറി , എം.ഒ. റോഡ്, തൃശ്ശൂര്‍....ഈ സ്ഥലമറിയാത്തവരായി  ആരെങ്കിലും ഉണ്ടാവുകുമോ ? തൃശ്ശൂരുകാരോടാണ് ചോദ്യം ....’ഇല്ല്യാ’ എന്നാവും മിക്കവാറും പേരുടെ ഉത്തരം. എന്നാല്‍ ,അറിയാത്തവര്‍ക്ക് ഇനി പറയണ കാര്യങ്ങള്‍ ഒന്നും തന്നെ ബാധകമല്ല...എന്താന്ന്വച്ചാല് , ഞാന്‍ ‘ജയ’ ബേക്കറിയെ ഒന്നു ‘പുകഴ്ത്താന്‍ ‘ പൂവാ ! ബികോസ് ,  എന്നെ സംബന്ധിച്ച് ഇതെനിക്കൊരു ‘ലാന്റ്മാര്‍ക്ക് കൂടിയായിരുന്നു....കുട്ടികാലത്ത് ,അച്ചന്റേയും അമ്മയുടേയും കൂടെ വല്ലപ്പോഴും തൃശ്ശൂര്‍ മെട്രോയില്‍ നടക്കാനിറങ്ങുമ്പോ ‘ രാധാക്രിഷ്ണാ ഹോട്ടല്‍ ഇവിടെയെവിടെയോ ആണ് ട്ടാ” എന്ന് എന്റെ വയറിനെ അലേര്‍ട്ട് ചെയ്തിരുന്നത്. അതോട് കൂടി , നടത്തം പതുക്കെയാവുക , ശക്തമായ വിശപ്പും ദാഹവും പെട്ടന്ന് വന്നതായി അഭിനയിക്ക്യ , നടക്കുമ്പോ അമ്മേടെ കയ്യ് പിടിച്ച് പിന്നിലേക്ക് വലിക്ക്യ, എന്നീ ലക്ഷണങ്ങള്‍ ഞാന്‍ കാണിച്ചു തുടങ്ങും.  ‘ ഇക്ക് മത്യായീ’  എന്നു പറയും വരെ മസാലദോശ തിന്നാല്‍ മാത്രം ഭേദമാകുന്ന ഒരു പ്രത്യേകതരം അസുഖം.!
                          പിന്നെ  തന്നത്താന്‍ ബസ്സില്‍ക്കേറി , സ്കൂളില്‍ പോയിത്തുടങ്ങിയപ്പോ ‘ സ്കൂള് വിട്ടാ നേരെ ‘ജയാ ബേക്കറീടെ അവടക്ക് വരാ‍...അവടെ നമ്മടെ തൃക്കൂര് ബസ്സ് വരും ..മനസ്സിലായാ? “ എന്നു പറഞ്ഞ്  ധൈര്യം തന്ന അച്ഛനാണ് ആദ്യം എനിക്കു ജയബേക്കറിയുടെ ലൊക്കേഷന്റെ പ്രാധാന്യം  പഠിപ്പിച്ചത് . അന്നു തൃക്കൂര് റൂട്ടിലോടുന്ന ബസ്സുകളുടെ മുഴുവന്‍ നിറം ചുവപ്പായിരുന്നു .       ( തെറ്റിദ്ദരിക്കരുത്...ഇത് നിങ്ങളുദ്ദേശിക്കണ ‘മറ്റേ’ പാര്‍ട്ടീടെ ചുവപ്പല്ലാ...’നോര്‍മല്‍’ ചുവപ്പാ ! )  . അപ്പൊപ്പിന്നെ , “ മുന്‍സിപ്പല്‍ സ്റ്റാന്റില് ജയ ബേക്കറീടെ മുന്നില്‍ നില്‍ക്കണ ചോപ്പ് ’ ബസ്സ് നമ്മടോടക്ക് പോണത്’“ എന്നായിരുന്നു എന്റെ ഒരു ഐഡിയ....വാട്ട് ഏന്‍ ഐഡിയാ !
                  ഒരിക്കല്‍ കുട്ടിക്കാലത്ത് , രാധാക്രിഷ്ണാ ഹോട്ടലിലെ മസാലദോശക്കുവേണ്ടിയുള്ള എന്റെ ‘ അഭിനയവും ക്ഷീണവും തളര്‍ച്ചയും ‘ , അതിന്റെ  ‘ ചികിത്സയും’ കഴിഞ്ഞ ശേഷം ഞാനും അച്ഛനും അമ്മേം അനിയത്തിയും കൂടി തൃക്കൂര്‍ക്ക് റിടേണ്‍ പൂവാന്‍ വേണ്ടി മുന്‍സിപല്‍ സ്റ്റാന്റിലെത്തി. നേരത്തെ ഹോട്ടലില്‍ ഭക്ഷണശേഷം കാഷ്യറുടെ മുന്നില് വച്ചിരുന്ന മധുരമുള്ള  ജീരകമണി എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ വച്ചിരുന്നത് കുറേശ്ശെ എടുത്ത്  ചൂയിങ്ഗം പോലെ കഴിച്ചാണ് എന്റെ നടപ്പ്.  പക്ഷേ, ലാസ്റ്റത്തെ ഒരു പീസ് എടുക്കാന്‍ പറ്റണില്ലാ....നാശം.., പോക്കറ്റില്‍ സ്റ്റക്കായീ..ഞാന്‍ പതുക്കെ ഫുട്പാത്തില്‍  ‘ഡബിള്‍ സിഗ്നലുമിട്ട് ‘ അതു സൂക്ഷമതയോടെ എടുത്ത് വായിലോട്ടിട്ടപ്പോഴാണ് ഞെട്ടീക്കുന്ന സത്യം തിരിച്ചറിഞ്ഞത്....വീട്ടുകാര്‍ മൂന്നുപേരും മിസ്സിങ്! മുന്‍സിപ്പല്‍ സ്റ്റാന്റിലെ തിരക്കില്‍ നോം ഒറ്റക്ക് ! എന്റെ  ഓര്‍മ്മയില്‍ തലയില്‍ നിന്നും ‘ ഭയപ്പാടോടുകൂടി ഒരു കിളി ‘ ജീവിതത്തില്  ആദ്യമായി പറന്നു പോയത് അന്നായിരുന്നു ! ഒരു ജീരകമണി കാരണം ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നു! ശോ , എന്തൊരു അബദ്ധം....സങ്ങതി പോക്കറ്റിലിട്ടതാ കൊഴപ്പായത്...കയ്യില്‍തന്നെ ചുരുട്ടിപ്പിടിച്ചാ മത്യാര്‍ന്നു ! 

ആദ്യത്തെ ഒരു പകപ്പ് മാറിയപ്പോ,  മിണ്ടാട്ടം മുട്ടിപ്പോയ ഞാന്‍  ന്യൂട്രലില്‍ നിന്നും പതുക്കെ ഫസ്റ്റ് ഗിയറിലോട്ട് മാറ്റി  പതുക്കെ ഒരു നിലവിളി  ആരംഭിച്ചു....,  ‘ അമ്മേ..” എന്ന ‘നോട്ടോടു കൂടി.    
ഒരു രക്ഷയുമില്ല്യ, ഒരാളും മൈന്റ് ചെയ്യണില്ലാ...നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥിരം കുറ്റികളായ ചില പിച്ചക്കാര്‍ മാത്രം “ ഇതേതാടാ മെമ്പര്‍ഷിപ്പില്ലാത്ത ഒരു അനധികൃത യാചകന്‍ ? “ എന്ന റോളില് എന്നെ നോക്കി . പേടി കാരണം , ഞാന്‍ അതൊന്നും മൈന്റ് ചെയ്യാതെ , നടന്ന്  ജയബേക്കറിയുടെ മുന്നിലെത്തി. ആരുടേയോ കുരുത്തത്തിന് , ബേക്കറിയുടെ മുന്നിലെ ചവിട്ടുപടിയില്‍ കേറി നിന്ന് കരച്ചില്‍ കണ്ടിന്യൂ ചെയ്തു.
     ഇതേ സമയം പുന്നാരമോനെ കാണാതെ എന്റെ അച്ഛനും അമ്മേം അനിയത്തിയും കൂടി തപ്പി നടക്കാര്‍ന്നു...( ശെരിക്കും ) . എന്താ ഇണ്ടായതെന്നുവെച്ചാല് , സ്റ്റാന്റിലെത്തും മുന്‍പേ  ഞങ്ങള്‍ നടന്ന് വരണത് കണ്ട് , നമ്മടേ ‘ ശ്രീരാമചന്ദ്ര’ യിലെ രാമക്രിഷ്ണേട്ടന്‍ ബസ്സ് വേഗം ചവുട്ടി നിര്‍ത്തി . എല്ലാരും ബസ്സിന്റെ  പുറകിലെ  ഡോറില്‍കൂടി കേറി . അച്ഛന്റെ കയ്യില്‍ സധനങ്ങള്‍ വാങിയ സഞ്ചിയും , അമ്മേടേ ഒക്കത്ത് അനിയത്തിയും ഇണ്ടാര്‍ന്നു, ‘വേഗം കേറടാ, “ എന്നും പറഞ്ഞ് അവര്‍ കേറി .പക്ഷെ , ജീരകമണി തിരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ ഇതറിഞ്ഞില്ലാ..ബസ്സാണെങ്കില്‍ വിട്ടുപോയി. ബസ്സ് നേരെ ജയാബേക്കറീടെ മുന്നിലെത്തിയിട്ടെ പിന്നെ നില്‍ക്കൂ . വീട്ടാര് ബസ്സീന്നിറങ്ങി , എനിക്കുവേണ്ടീയുള്ള  അന്വേഷണം ആരംഭിച്ചു .രാധാക്രിഷ്ണാ ഹോട്ടല്‍ വരെപോയി ഒരു റൌണ്ട് സെര്‍ച്ചിങ്ങിന് ശേഷം , അവര്  തിരിച്ചു എത്തിയപ്പോ ,  ദേ നില്‍ക്കണ് ....അമ്മേടെ ഒരേയൊരു മോന്‍,,..ബേക്കറീടെ മുന്നില്‍ കാറിക്കൊണ്ട്  , ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യുമിട്ട് !  അടിപൊളി !
( ഇത്തവണ നാട്ടീ പോയപ്പോ , അമ്മാവന്റെ പിള്ളേര്‍ക്ക്  മുട്ടായി വാങ്ങാന്‍ ജയ ബേക്കറീല് കേറിയപ്പോ , ചവിട്ടുപടീല് നിന്നു നോക്കി , ശോ, ഇവിടെ നിന്നാ , എല്ലാം വളരെ ക്ലിയറാ. ! പണ്ട് ഈ  ജയാബേക്കറി ഇല്ലാര്‍ന്നൂച്ചാല് , ഞാന്‍ എവടെ കേറി നിന്നേനെ ? എങ്ങനെ വീട്ടുകാര്‍ എന്നെ കണ്ടുപിടിച്ചേനേ ? ഇങ്ങു ദുഫായില്‍ ‘ദിര്‍ഹംസില്‍’ ശമ്പളം വാങേണ്ട ഞാന്‍ , അന്നു വല്ല പിച്ചക്കാരും പൊക്കിയിരുന്നെങ്കില്‍  കണ്ണൂം മൂക്കും കുത്തിപൊട്ടിച്ച് വല്ല ‘ധര്‍മസ്ഥല’യിലും  ഇരുന്ന് ‘ജോലി‘ ചെയ്യേണ്ടി വന്നേനെ !!  )    
* ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില് ഞാന്‍ ജീരകമണികള്‍ ഇട്ടിട്ടീല്ലാ.....സത്യം !
 

                                          
                             
                

Monday, February 1, 2010

ഗോപുമോന്റെ റിട്ടയര്‍മെന്റ് മാച്ച് ,,..ബാബു കണ്ടത് !

ഇന്ന് ഞാ‍ായറാഴ്ചയയത് നന്നായീ. അല്ലെങ്കീ ഇന്നത്തെ സുപ്രധാനമായ ക്രിക്കറ്റ് മാച് മിസ്സയേനേ! രാവിലെ തന്നെ എണീറ്റ് വീട്ടില്‍ അവൈലബിളായ ഫുഡായഫുഡെല്ലാം കഴിച്ച് ,  കാലിന്മേല്‍ കാലും കേറ്റിവെച്ച് രണ്ട് കസേരകളില്‍മേലായുള്ള, ടി.വിയുടെ മുന്നിലുള്ള ഇരുപ്പിന്റെ സുഖം , ഓഫീസില്  ബാര്‍ബര്‍ഷാപ്പിലേതു പോലെയുള്ള തടിച്ച കസേരയിലിരിക്കുമ്പോള്‍ പോലും കിട്ടാറില്ല...ബാബു തിരിച്ചറിഞ്ഞു.
                     ക്രിക്കറ്റ്കളി തുടങ്ങാറയീ, ഇന്ന് നമ്മുടെ ശ്രീശാന്ത്മോന്റെ  ലാസ്റ്റ് മേച്ചാണ്. ..എന്ന്വച്ചാല്‍ ഇതോടുകൂടി ചുള്ളന്‍ ക്രിക്കറ്റ് കളി നിര്‍ത്താണത്രെ! ..ഇന്നലെ ഗോപുമോന്റെ അമ്മ ഗുരുവായൂരില്‍ വെച്ച് പത്രസമ്മേളനത്തില്‍  തന്റെ മോന്‍  കളി നിര്‍ത്തണ കാര്യം പ്രഖ്യാപിക്കുകയായിരുന്നു!  “ അതേയ് , എന്റെ മോന്‍ , ന്റെ ശ്രീക്രിഷ്ണന്‍ , ഇന്നും കൂടിയെ ഇന്ത്യക്കു വേണ്ടീ ബോളേറിയുള്ളൂട്ടാ...ഹും , ഇനി ‘എന്റെ കുട്ടി എറിഞ്ഞിട്ടാ‍ മറ്റ് ടീമുകള്‍ റണ്ണടിക്കണത് ‘ എന്നാരും പറഞ്ഞ്ണ്ടാക്കില്ല്യാലോ ..? എന്റെ കുട്ടി ഒന്നു കൊഞ്ഞനം കുത്ത്യതിന് അവന്റെ കവിളടിച്ചു പോട്ടിച്ചില്ലേ ഒരിക്കെ ? ശബ്ദം പോലും കേള്‍പ്പിക്കതെ , ആരെം കാണിക്കാതെ ന്റെ ഉണ്ണി കരഞ്ഞപ്പോ ,  ‘ ഒന്നൂടിയാവായിരുന്നൂ!’ എന്നല്ലേ നിങ്ങളൊക്കെ പറഞ്ഞത്?!  ഇനി മേലാക്കം അവന്‍ കളിക്കനൂല്ല്യ , അടി കൊള്ളാനൂല്ല്യ !” - അമ്മ നാടകീയമായി പറഞ്ഞു നിര്‍ത്തി.
 അപ്പോ പത്രക്കാരുടേയും നാട്ടാരുടേയും ഒരു സന്തോഷം കാണേണ്ടതായിരുന്നൂ.....’ മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ പോണൂ !” എന്ന് കേട്ടപോലെ.! ..അത്രക്കുണ്ടായിരുന്നു ത്വൊയിരക്കേട് .. കുറച്ചു കാലായിട്ട് !   ‘പ്രഖ്യാപനം‘ വന്ന മുഹൂര്‍ത്തത്തില്‍  ചെറുതായി   മഴ പെയ്തൂവത്രേ , ഗജരത്നം പദ്മനാഭന്‍  ചിന്നംവിളിച്ച് ‘ ഹാവൂ!” എന്ന ശബ്ദമുണ്ടാക്കീ...അമ്പലത്തില്‍ കീഴ്-ശാന്തി  തിരുന്മേനി പൂജക്ക് രണ്ടു മണി കൂടുതല്‍ അടിച്ചു! ( പിന്നല്ലാണ്ട് ,  ചെറുക്കന്റെ പേരില്‍  വഴിപാടിന്  പാല്പായസമുണ്ടാക്കി ശീലമായിട്ട് ,ആള്  ഇപ്പൊ എന്തുണ്ടാക്കീയാലും പാല്പായസം’ പരുവത്തിലാവും അവസാനം ! )

എന്തായാലും ഇന്നത്തെ കളിക്കുള്ള പതിനൊന്നു പുലികളില്‍ ഗെഡീഡെ പേരും ഉണ്ട്. ചാനല്‍ മാറ്റി നോക്കിയപ്പോ , ഏഷ്യാനെറ്റില്  ‘ ലൈവ്’ , ഗോപുമോന്റെ കുടുമ്മത്ത് നിന്നും ! കുടുമ്മക്കാരെല്ലാരും   “ ഇന്നെന്റെ  മോന്‍ ആരുടെ കയ്യീന്നാവോ മേടിച്ചു കൂട്ടുക? “ എന്ന ടെന്‍ഷനില്‍ റ്റീവീടെ മുന്നില്‍ കുത്തിയിരിക്കുന്നു.
കളി തുടങ്ങി...എല്ലാം വളരെ സ്വാഭാവികം...ധോണിക്ക് ടോസ്സ് കിട്ടുന്നു...ബൊളിങ്ങ് തിരഞ്ഞെടുക്കുന്നു....ഗോപുമോനെ വിളിക്കുന്നൂ....ബോള്‍ ഏല്‍പ്പിക്കുന്നു.തുടക്കം വളരെ ‘ശാന്തമായിരുന്നു....ചുള്ളന്‍ വരുന്നു...എറിയുന്നു..പതിവുപോലെ ബാറ്റ്സ്മാന്‍ പന്ത്  ബൌണ്ടറിക്കപ്പുറം അടിച്ചു കളയുന്നു. ഗോപുമോന്‍ തന്റെ ‘പൊന്നുപോലത്തെ നാക്ക് കൊണ്ട് എന്തൊക്കെയോ പറയുന്നു..മലയാളത്തിലായിരിക്കണം....കാരണം ബാറ്റ്സ്മന്‍ മൈന്റ് ചെയ്യണില്ല.
           ഒരു വിക്കറ്റ് വീണു, പിന്നെ വന്നത് ചുള്ളന്റെ ഫേവറൈറ്റ് ബാറ്റ്സ്മാന്‍ ‘സൈമണ്ട്സ് ‘! പക്ഷെ , ഇത്തവണ പയ്യന്‍സിന്റെ കിടിലന്‍ ബോളുകള്‍ക്ക് മുന്നില്‍ സാക്ഷാല്‍ സൈമണ്ട്സ് പരുങ്ങുന്നു, തുടര്‍ച്ചയായി രണ്ട് ബോളുകള്‍ ബീറ്റണായീ...ഗോപുമോന്‍ തന്റെ സ്വതസിദ്ധമായ ആക്ഷനുകള്‍ ആരംഭിച്ചു. അതിനു മറ്പടിയെന്നോണം പിന്നിട് എറിഞ്ഞ രണ്ട് ബോളുകളും ബൌണ്ടറിക്കപ്പുറത്തു നില്‍ക്കണ പിള്ളേരായിരുന്നു, ചുള്ളന്  തിരിച്ച് എറിഞ്ഞ്കൊടുത്തത്.  ഭ്രാന്ത് കയറിയ ഗോപുമോന്‍ ഓടിച്ചെന്ന് സൈമണ്ട്സിന്റെ മുടിയില്‍ പിടിച്ച് ഒറ്റവലി !... “ ആ അമ്മെ !” എന്നലറിക്കൊണ്ട് ബാബുമോന്‍ ചാടിയെഴുന്നേറ്റു! തന്റെ മുടിയില്‍ പിടിച്ചു ആഞ്ഞ് വലിക്കുന്ന, തന്റെ  പെങ്ങളുടെ ഒന്നര വയസ്സുള്ള ക്ടാവിനെയാണ് ഗെഡി കാണണത്! കുട്ടിയുടെ പ്രായവും ,ബോധവും , ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്  സ്വയം കണ്ട്രോള്‍ ചെയ്ത്  ഒരു ചെറിയ നുള്ളില് ബാബു തന്റെ പ്രതികാരം അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ക്ടാവാണെങ്കില്  കിട്ടിയപാടെ, സമയം ഒട്ടും കളയാതെ , തന്നെക്കൊണ്ടാ‍വുന്ന മാക്സിമം സൌണ്ടില് കരച്ചില്‍ ആരംഭിച്ചു... “ എടിയേയ് , ദേ മോള് കരയണു...വേഗം വന്നെടുക്ക് ! ” എന്ന് പെങ്ങളോടും , “ കരയണ്ടാ ചക്കരേ , അമ്മ ഇപ്പൊ വരൂട്ടാ “ എന്നു കൊച്ചിനോടും  പറഞ്ഞ്   വീണ്ടും , ‘വിശാലഹൃദയനല്ലാത്ത’ ഒരു ശരാശരി  ക്രിക്കറ്റ്പ്രേമിയായ ബാബു  തന്റെ സ്വപ്നത്തിലേക്ക്  യൂടേണെടുക്കാന്‍ ശ്രമിച്ചു...!!!
( ഈ സ്വപ്നം ബാബു മനപ്പൂര്‍വം കണ്ടതല്ലെന്നും, ഉറക്കത്തിനിടക്ക് അറിയാതെ സംഭവിച്ചുപോയതാണെന്നും പിന്നീട് സമ്മതിച്ചിട്ടുള്ളതാണ് . അതിന്റെ പേരില്‍ ആരും ആ പാവത്തിനെ കുറ്റപ്പെടുത്തരുത് ..പ്ലീസ് )