Thursday, January 21, 2010

തൃക്കൂര് ഉത്സവായീട്ടാ‍...!!



തൃക്കൂരില്‍ വീണ്ടൂം ഒരു ഉത്സവകാലം വന്നെത്തിയിരിക്കുന്നു..ജനുവരി 21ന് കൊടികയറി , 28ന് ആറാട്ടോട് കൂ‍ടി അവസാനിക്കുന്ന എട്ട് ദിവസത്തെ തൃക്കൂര്‍ മഹാദേവക്ഷേത്രോത്സവം !
ഇതെനിക്ക് സഹിക്കാന്‍ വയ്യാ..ഈ മരുഭൂമിയിലെത്തിയിട്ട് ഇതു നാലാമത്തെ ഉത്സവമാണ് കാണാനും അനുഭവിക്കാനും കഴിയാതെ പോകുന്നത്!
എന്റെ നെഞ്ചില്‍ സങ്കടത്തിന്റേയും നഷ്ടബോധത്തിന്റേയും എട്ട് ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു...ജനുവരി 21 മുതല്‍ 28 വരെ!    കൊടിയേറ്റദിവസം മുതല്‍ ആരംഭിക്കുന്ന , എന്റെ വീക്ക്നസായ ‘പാഞ്ചാരിമേള‘ത്തിന്റെ  ഒരു ‘വെര്‍ച്ച്വല്‍ ‘ ഫീലിങ്ങുമാ‍യി ഉറങ്ങാന്‍ കഴിയാതെ  കണ്ണടച്ച് കിടന്ന് എട്ട്  ഉത്സവരാത്രികള്‍.

നാട്ടിലുള്ളപ്പോള്‍ സന്തോഷത്തിന്റേയും ആര്‍മാദത്തിന്റേയും മാത്രമായ ഉത്സവനാളുകള്‍ , ഒരിക്കല്‍ ഇതുപോലെ വല്യ ‘സങ്കടം’ തരുന്നതായി മാറുമെന്ന് ഞാന്‍ ഓര്‍ത്തില്ല. ഇന്നത്തെ “ മാതൃഭൂമി’യില്‍ ഇതാ തൃക്കുര്‍ ഉത്സവത്തിന്റെ വാര്‍ത്ത കിടക്കണൂ !

 എന്റെ നിരാശയും നഷ്ടബോധവും , ഞാന്‍ ഇവിടെ എഴുതിക്കൂട്ടാന്‍ പൂവാണ്!  ദയവായി സഹിക്കുക .
ലീവ് അപ്പ്രൂവല്‍ ഇല്ലാതെ ,  എയര്‍ടിക്കറ്റില്ലാതെ, ചോക്ലേറ്റുകളും ‘ടാങ്കും’ കുത്തി നിറച്ച ലഗ്ഗേജുകളും ഇല്ലാതെ , മനസ്സു കോണ്ട്  ഞാന്‍ എന്റെ ഗ്രാമത്തിലെക്ക് ,  ശ്രീ തൃക്കൂരപ്പന്റെ  സന്നിധിയിലേക്ക് ഒരു യാത്ര പോകുന്നു !
ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നിരാശനും ദുഖിതനുമായ മുഖഭാവമുള്ള ശ്രീ ‘ വേണു നാഗവള്ളീയെ’ മനസ്സില്‍ ധ്യാനിച്ച്  ഈ ഉത്സവദിനങ്ങളില്‍ ഞാന്‍ എന്റെ മോഹങ്ങളുടെയും നഷ്ടങ്ങളുടേയും ഒരു കുഞ്യലീസ്റ്റ് വലിച്ചു നീട്ടൂന്നൂ...
  •  പരീക്ഷാഹോളിലേക്ക്  ചോദ്യപേപ്പറുകളുടെ കെട്ടും  പിടിച്ച്  ടീച്ചര്‍മാര് പോണപോലെ ഉത്സവത്തിന്റെ നോട്ടീസും നെഞ്ചോട് ചേര്‍ത്ത് നാടുമുഴുവന്‍ ചേട്ടന്മാരോടൊപ്പം പിരിവിനു ‘ഒരിക്കല്‍കൂടി’ പൂവാന്‍ മോഹം!
  • തൃശ്ശൂര്‍ സി.എം.എസ് സ്കൂളില്  അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ് വരെ ഞങ്ങളെ സംസ്കൃതം പഠിപ്പിക്കാന്‍ ശ്രമിച്ചു കോണ്ടിരുന്ന സണ്ണി മാഷോട് ,  ‘പതിവുള്ളപോലെ‘  ഒന്നുകൂടി  ഉത്സവപിരിവു ചോദിക്കാന്‍ മോഹം!
  • കൊടിയേറ്റത്തിന്റെ തലേദിവസം എല്ലാരും കൂടിയുള്ള ക്ഷേത്രമതില്‍ക്കകത്തെ വൃത്തിയാക്കലും , കുരുത്തോലകെട്ടലും , ചുറ്റമ്പലത്തിനകത്ത് ഓലകോണ്ട് മേയുന്നതും അതിനിടക്ക് രാമന്‍ കുട്ടിയേയും , കുറുക്കന്‍ മോഹനേട്ടനേയും, ‘കോഴിക്കാട്ടം’ എന്ന വിശേഷണത്താല്‍ നാട് മുഴുവന്‍ അറിയപ്പെടുന്ന ചന്ദ്രേട്ടനെപ്പോലുള്ളവരും കാട്ടിക്കൂട്ടുന്ന ഒരോ തമാശകളും നഷ്ടമാകുന്നതിന്റെ വിഷമം .
  • ഉത്സവം കൊടികയറുന്ന സമയത്ത്  കൊടിമരത്തിന്‍ താഴെ നിന്ന് മേലോട്ട് നോക്കി ,               “ ത്രിക്കൂരപ്പാ‍ , സേവ് മീ “ എന്നു പ്രാര്‍ഥിക്കാന്‍ കഴിയാത്തതിന്റേയും , ആദ്യദിവസത്തെ കൊടിപ്പുറത്ത് വിളക്കിന് പഞ്ചാരികൊട്ടുന്ന കിഴിയേടത്ത് അനിയേട്ടനെ ‘തോട്ടി’യിടാന്‍ പറ്റാത്തതിന്റേയും സങ്കടം.
  • രണ്ടാം ദിവസം മുതല്‍ ചേര്‍പ്പ് ഉദയന്റെ ഓട്ടന്‍-തുള്ളലും , അതു കഴിഞ്ഞ്  ആളുടെ ‘തികച്ചും വ്യത്യസ്തമായ ‘ നാടന്‍ പാട്ടുകളും  ‘കഥകളും’, അതിനു അനിലേട്ടന്റെ വക വരുന്ന എക്സ്പ്ലാനേഷനുകളും കേള്‍ക്കാന്‍ പറ്റില്ല്യാലൊ!
  • ഉത്സവബലി സമയത്തും , വൈകീട്ട് ദീപാരാധനാ സമയത്തും ‘കുറുക്കന്‍’ മോഹനേട്ടനോടൊപ്പം നിന്ന് ഭക്തജനതിരക്ക് ‘ നിയന്ത്രിക്കാന്‍’ ഇക്കൊല്ലവും പറ്റാതെ പോകുമല്ലോ എന്ന വിഷമം
  • തിരക്കുള്ള സമയത്ത് ചുറ്റമ്പലത്തിനകത്ത്   രസീറ്റെഴുതാനിരിക്കുന്ന ഉണ്ണ്യേട്ടനെ ‘സഹായിക്കനെന്നും‘ പറഞ്ഞ് വഴിപാട് കൌണ്ടറില്‍ കേറിഇരിക്ക്യാന്‍ പറ്റാത്തതിന്റെ ഒരു വിഷമവും ഉണ്ട്. കാരണം , വഴിപാട് കൌണ്ടറിലിരുന്നാല്‍ , കൂളിങ്ങ് ഗ്ലാസ്സിട്ട കാറിലിരിക്കണ സുഖാ‍..നമുക്കാച്ചാ‍ല് എല്ലാരേയും കാണാം..എന്നാ നമ്മളെ ആര്‍ക്കുമൊട്ട് കാണാനും പറ്റില്ല്യ....ഏത് ?!!
  • പെരുവനം കുട്ടന്മാരാര്‍ , പെരുവനം സതീശന്മാരാര്‍ , പഴുവില്‍ രഘു,ചെരുശ്ശേരി കുട്ടന്മാരാര്‍ ..തുടങ്ങിയ പുലികളുടേ കിടിലന്‍ പാഞ്ചാരിമേളങ്ങളും ,  കലാമണ്ഡലം  പരമേശ്വരന്മാ‍രാര്‍ , തൃക്കൂര്‍ രാജന്‍, പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍..തുടങ്ങിയ മേളപ്രമാണിമാരുടെ ഗംഭീര പഞ്ചവാദ്യങ്ങളും എനിക്ക് ദേ നഷ്ടമാകാന്‍ പോണൂ!
  • വല്യ സുഖള്ള പരിപാടിയല്ലെങ്കിലും നിഷാദിന്റെയൊപ്പം നമ്മടെ ‘യദുക്രിഷ്ണന്റെ ‘ (ഒരിക്കെ കയറിയതിന്റെ കഥ) പുറത്തു കയറി  ഒരിക്കല്‍കൂടി ജീവന്‍ ‘പണയം‘ വെക്കാന്‍ തോന്നുന്നൂ !
  • കമ്മറ്റിയില്‍ കയറിയതിന്റെ പേരില്‍ ,‘വല്ല്യവിളക്ക്’ ദിവസം എഴുന്നള്ളിപ്പിന്റെ മുന്നില്‍ പ്രത്യേക കാണിക്കയിടല്‍  , വിളക്കുവെപ്പ് ചടങ്ങുകള്‍ക്ക്  ഞാന്‍ ശുഷ്കാന്തിയോടെ കാര്യങ്ങള്‍ ചെയ്യുന്നത് ,  അഭിമാനത്തോടെ  നോക്കിയുള്ള അച്ഛ്ന്റേയും അമ്മയുടേയും ആ നില്‍പ്പ് ഒന്നൂടെ കാണണംന്ന് തോന്ന്വാ..!
  • ‘പള്ളീവേട്ട‘ ദിവസം രാത്രി എഴുന്നെള്ളിപ്പും ചടങ്ങുകളും  കഴിഞ്ഞ് നമസ്കാരമണ്ഡപത്തില്‍ പള്ളിയുറങ്ങുന്ന ത്രിക്കൂരപ്പന്റെ സാന്നിധ്യമുള്ള ചുറ്റമ്പലത്തിനകത്ത് ഉറങ്ങാതെ ചേട്ടന്മാരോടൊപ്പം കാവലിരിക്കാനും , ആറാട്ട് ദിവസം ഭഗവാനോടൊപ്പം മണലിയാറില്‍ മുങ്ങി , കിച്ചാമണി ആന്റ് ടീമിന്റെ ഒപ്പം ഭജനയില്‍ക്കൂടാനും ഇക്കൊല്ലവും എനിക്കു കഴിയില്ലല്ലൊ...ഈശ്വരാ!
    ഒരു കാര്യം കൂടി  ഇണ്ട്ട്ടാ... ഉത്സവത്തിന്  എല്ലാ കൊല്ലവും എത്താറുള്ള ‘ഡെന്നീസ്’ സായിപ്പിനോടും കെട്ട്യോളോടും ‘ഇങ്ലീഷില് ’ നാലു വാക്ക് സംസാരിക്കണം ! അല്ലാ, പിന്നെ കുറേക്കാലമായുള്ള ഒരാഗ്രഹാ....ദുബായീല്‍ വന്നേപ്പിന്നെ ഇപ്പൊ ‘ഇങ്ലീഷ്’ പറയാന്‍ ഒരു ‘ ജാതി’ ധൈര്യാ..!
    ( ഈ പോസ്റ്റ് സ്വന്തം നാട്ടിലെ പൂരങ്ങളും  ഉത്സവങ്ങളും നഷ്ടമാകുന്ന എല്ലാ നാട്ടാ‍ര്‍ക്കും ഞാന്‍ ‘ഫ്രീ’യായി ഡെഡിക്കേറ്റ് ചെയ്യുന്നു ! )
    * ഈ പോസ്റ്റ് നിങളെ ബോറടിപ്പിച്ചെങ്കില്‍ ഞാന്‍ സാദരം മാപ്പ് ചോദിക്കണൂ! ..കാരണം ഇതെഴുതിയില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും ഇണ്ടാവില്ല്യ !..അതോണ്ടാ‍ !! പ്ലീസ് !

    Thursday, January 14, 2010

    തായ് - പ്രശാന്ത് !

    ദുബായിലെ ചൂടും തണുപ്പും , കേരളത്തിലെ ഇടത്-വലത് ഭരണത്തെപ്പോലെ ഒരുപോലെ സഹിച്ച് എല്ലാ മാസവും ഏഴാം തിയതിക്ക് മുന്‍പായി കമ്പനി സ്വന്തം അക്കൌണ്ടിലേക്ക് തട്ടിയിട്ട് തരുന്ന ശമ്പളവും വാങ്ങി സമാധാനമായി ജീവിക്കണ കാലം. ശരാശരി മലയാളിയെപോലെ ഞാനും ഏ.ടി.ഏം. മെഷീനില്‍ നിന്നും പൈസയെടുത്ത ശേഷം രണ്ട് പ്രവശ്യം എണ്ണിനോക്കുമായിരുന്നു..അല്ലാ വിശ്വസിക്കാന്‍ വയ്യ്യ്യെ...അതാ കാലം! കൊടുക്കാണ്നുള്ളതെല്ലാം കൊടുത്ത് തീര്‍ത്ത് ബാക്കിയുണ്ടെങ്കില്‍ അത് നാട്ടില്‍ ,എസ്.ബി.ടി. ഒല്ലൂര്‍ ബ്രഞ്ചിലെ എന്‍.ആര്‍.ഐ അക്കൌണ്ടിലേക്ക് ‘ എന്നു മനസ്സില്‍ ധ്യാനിച്ച് എക്സ്ചേഞ്ചില്‍ പൈസയടച്ച് വാങ്ങുന്ന റസീറ്റാണ് ആകെയുള്ള ‘ വിസിബിള്‍ ‘ ലാഭം അഥവാ..സമ്പാദ്യം. പിറന്ന മണ്ണ് വിട്ട് വന്നതിന്റെ പേരില്‍ നഷ്ടമായതും ,നഷ്റ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ എല്ലാത്തിനും ഈ മരുഭൂമിയുടെ വക ദുരിതാശ്വാസ സഹായം!
    ( മോളിലത്തെ പാരഗ്രഫ് വെറുതെ...., ഞാന്‍ ആള്‍ ഇത്തിരി സീരിയസ്സണെന്നും വല്യ പ്രാരബ്ദക്കാരനാണെന്നും,നാട്ടിലായിരുന്നെങ്കില്‍ വല്യ സംഭവമായേനേ എന്നും തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി മാത്രം ! സത്യത്തില്‍ ദുബായില്‍ ഭയങ്കര സുഖാ...സത്യം ! )


    അങ്ങനെ ബര്‍ദുബായിലെ ഞങ്ങടെ ഫ്ലാറ്റില്‍ ഡെയിലി രാ‍ത്രി ഏഷ്യാനെറ്റിലെ ‘ചിരിക്കുടുക്ക ‘ കണ്ട് , നല്ല കോമഡികളുടെ നോട്സ് എഴുതിയെടുക്കുന്ന ഒരു രാത്രിയിലാണ് ഞങ്ങടെ ക്യമ്പ് ബോസ് റോയേട്ടന്‍ ഒരു കക്ഷിയുമായി വന്നത്. ആളുടെ കൂട്ടൂകാരനാണത്രേ!..പേരു ..” പ്രശാന്ത്”.
    ( ഗഡീടെ സ് പെസിഫികേഷന്‍ : ആറടിക്ക് ഒരു ഒന്ന്-ഒന്നര അടി കുറവ് , നല്ല കറുത്ത് തുടുത്ത ശരീരം , കറുത്ത ബെല്‍റ്റിട്ട് അരയില്‍ ടീഷര്‍ട്ടും ജീന്‍സും ചേര്‍ത്ത് ലോക്കിട്ടിരിക്കുന്നു, ‘തായ്-ലാന്റ്’ എന്നു തായ് ഭാഷയില്‍ എഴുതിയ രണ്ട് ബേഗുകള്‍ കൂടെ.( ഇത് അങേര്‍ തന്നെ പറഞ്ഞുള്ള അറിവാണ്..അല്ലാണ്ട്, കേരളപാഠ്യപദ്ധതിയില്‍ ‘തായ്’ ഭാഷ ഇല്ലല്ലൊ , ഞങ്ങള്‍ക്ക് മനസ്സിലാവാനായിട്ട് ! )


    റോയേട്ടന്‍ ചുള്ളനെ എല്ലാര്‍ക്കും ഇണ്ട്രൊഡ്യൂസ് ചെയ്തു.നല്ല വിനയകുനിയന്‍..തായ്-ലാന്റ് എംബസ്സിയിലാണ് ജോലി. സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലെ വളരെ ശാന്തമായിരുന്ന് തുടക്കം..പക്ഷെ , വളരെപ്പെട്ടന്ന് ഒരു ഷാജികൈലാസ് ചിത്രം പോലെ ആള്‍ടെ സ്വഭാവം മാറി. വെറുതെ വഴിയില്‍കിടന്ന ചേനത്തണ്ടനെയാണ് എടുത്ത് കഴുത്തിലിട്ട് കുടുമ്മത്തേക്ക് കൊണ്ട്വന്നതെന്ന് പാവം റോയേട്ടന്‍ അറിഞ്ഞില്ലാ..ഞങ്ങളും!


    തായ്-ലാന്റിനെ കുറിച്ചുള്ള സ്റ്റഡിക്ലാസായിരുന്നു തുടക്കം.ആദ്യമൊക്കെ ഞങ്ങള്‍ ആളെ വിശ്വസിക്കുകയും ആ‍ള് പറയണത് മുഴുവന്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്തു. പക്ഷേ , കാലക്രമേണ ചുള്ളന്‍ കഥകളുടെ ‘കാഠിന്യം’ വര്‍ദ്ധിപ്പിച്ചു. ജുമയിറയിലാണ് ഈ തായ്ലാന്റ് എമ്പസ്സി എന്നു പറയണ സ്ഥലം.അവിടത്തെ മെയിന്‍ ആളാത്രെ ..ഇദ്ദേഹം!ആളില്ല്ലെങ്കില്‍ ഒരു തായ്ലാന്റ് വിസ പോലും പാസാ‍വില്ലാത്രെ!ഓഫീസിലെ ആളുടെ ടേബിളിന്റെ മുന്നില്‍ ‘ക്യൂ’വാണത്രെ,വിസക്കപേക്ഷിച്ച് നില്‍ക്കുന്നവരുടെ !


    ഇങ്ലീഷാണ് ചുള്ളന്റെ ഒരു വീക്ക്നസ്സ്...ഇങ്ലീഷിലാണ് സംസാ‍രം കൂടുതലും....ഇങ്ലീഷറിയാത്തവരോടാണെന്നു മാത്രം ! റൂമില്‍ വരണ പാവം ലോണ്ട്രിക്കാരന്‍ അണ്ണനോട് , കുടിവെള്ളം സപ്പ്ലേ ചെയ്യാന്‍ വരണ ആള്‍ക്കാരോട് , പിന്നെ ഫ്രീ ഹോം ഡെലിവറിക്ക് വരുന്ന ‘ഡൊക്ടറോട്‘ ( എന്നു വച്ചാല്‍ വെറുമൊരു മിസ്-കോള്‍ കൊടുത്താല്‍ മതി, ലാപ്ടോപ്പ് ബേഗില് കള്ളൂം കൊണ്ടു വരുന്ന ആളുടെ ഓമനപേര്‍.). അങ്ങനെ തിരിച്ചു ഇങ്ലീഷില്‍ ഒന്നും ചോദിക്കില്ലെന്നുറപ്പുള്ള ആരോടും ചുള്ളന്‍ ഇങ്ലീഷേ മിണ്ടുള്ളൂ !
    എന്നിട്ടെന്തായി , മേല്‍പ്പരഞ്ഞ എല്ലാരേയും പുള്ളീ വെറുപ്പിച്ചു... “ അന്താ കൂള്ളന്‍ സാര്‍ ഇങ്ലീഷില് തെറി പറഞ്ചൂ ! “ എന്നു പറഞ്ഞ് അണ്ണന്‍ തുണിയെടുക്കാന്‍ വരണ്ടായീ, “ ആ ഡേഷ് ഇല്ലാത്തപ്പോ വരാം “ എന്നു പറഞ്ഞു കുടിവെള്ളക്കാരനും , ‘ ഡോക്ടറും‘ ഉടക്കി.


    ഒരു ദിവസം , ഞങ്ങടെ അയല്‍ക്കരി സര്‍ദാര്‍ ചേച്ചി , റോയേട്ടനെ വിളിച്ച് ഭീഷണി മുഴക്കുന്നു..” അരെ , ഉസ്  ബേവ്കൂഫ്  കോ നികാലോ , നഹീ തോ , മേ ഉസ്കോ മാര്‍-മാര്‍കേ നില്കാലേഗാ‍ ”. സങതി എന്താന്ന് വെച്ചാല്‍, നമ്മടെ ചുള്ളന്‍ ഒരു ദിവസം സര്‍ദാ‍രിന്റെ അഭ്യര്‍ഥന മാനിച്ച് അവിടുത്തെ ‘ഡിഷ് ടിവി. ‘ നന്നാക്കാന്‍ പോയി . “ വോവ്,  ദിസ്  ഇസ് നത്തിങ്ങ് “ എന്നും പറഞ്ഞ് റിസ്സിവറില്‍ കൈ വച്ച ഗെഡി കുറച്ച് സമയത്തിനു ശേഷം ‘ ഇതു ഞാന്‍ ഉദ്ദേശിച്ച സാധനല്ലാട്ടാ “ എന്നും പറഞ്ഞു അവിടുന്ന് ഒറ്റ മുങ്ങല്‍! വേറെ ടെക്നീഷ്യനെ വിളിച്ച് നോക്കിച്ചപ്പോ , അയാള്‍ പറഞൂത്രെ, “ ഇതൊക്കെ എന്തിനാ പിള്ളേരുടെ കയ്യില്‍ കളിക്കാന്‍ കൊടുക്കണേ സര്‍ദാറേ”ന്ന് . അപ്പോ, ചേച്ചിയുടെ പ്രതികരണം..തികച്ചും സ്വാഭാവികം !


    ‘അണമുട്ടിയാല്‍ ചേരയും കടിക്കും ‘ എന്ന പ്രപഞ്ചസത്യം ഫോളോ ചെയ്തു കോണ്ട് , ഒരു വ്യാഴാ‍ഴ്ച ദിവസം ശെരിക്കും ‘ ചേനത്തണ്ടന്‍ ‘ പരുവമായ ചുള്ളനെ ‘ചിലര്‍’ ( ആരൊക്കെയാണെന്ന് എനിക്കറിയില്ല്യ..സത്യായിട്ടും!) എടുത്ത് കോണ്ട് പോയി ഏതോ ഒരു ബാറില്‍ , മൂലക്ക് ഇരിക്ക്യായിരുന്ന ഒരു ആഫ്രിക്കക്കരി ‘വീട്ടമ്മയുടെ ‘ കസേരയില്‍ കൊണ്ട് ചാരി വെച്ച് മുങ്ങി. കുറെ സമയത്തിനു ശേഷം ഗെഡി റൂമില്‍ തിരിച്ചെത്തിയത് “ അടിയേറ്റ “ മൂര്‍ഖനെപ്പോലെയായിരുന്നു...ഒരു വാക്കും മിണ്ടാ‍ാതെ..ഇഴഞ്ഞിഴഞ്ഞ് ! കുറച്ചു ദിവസം മുന്പ് തായ്-മസ്സാജിനു പോയി തിരിച്ചു വന്ന അതെ വരവ് !
    ആള്‍ക്ക് മനസ്സിലാ‍യീ...” പണി കിട്ടീത്തുടങ്ങി’.


    ഒരു ദിവസം നോക്കിയപ്പോള്‍ , ആള്‍ വല്യ സങ്കടത്തില്‍ ഇരിക്കുന്നു..ആളുടെ വീട്ടിലെ “ ജിമ്മി’ എന്ന നായ പടമായിരിക്കുന്നു...(അതായത്, മരണമടഞ്ഞു). “ എന്റെ ജിമ്മീ, എന്റെ ഈ കയ്യീ കിടന്നാ അവന്‍ വളര്‍ന്നത് , അച്ചനെപ്പോലെയായിരുന്നൂ ഞാന്‍ അവന് ,“....ഗേഡി ഫുള്‍ സെന്റി!
    കിട്ടിയ ചാന്‍സ് മിസ്സക്കാതെ , “ പ്രശാന്തേട്ടാ , എങെനെയയിരുന്നു സംഭവം ? എന്തയിരുന്നൂ അസുഖം ? എപ്പോഴാ ചടങ്ങ് ? പൂറത്തുള്ള ആരെങ്കിലും വരാനുണ്ടോ ? അടിയന്തിരം നടത്തുണ്ടോ , അതൊ പുലകുളി മാത്രമേയുള്ളോ ? “ എന്നിങ്ങനെ ചോദ്യങ്ങളെകോണ്ട് ആളെ ‘ശെരിക്കും ‘ ആശ്വസിപ്പിച്ചു!
          അങ്ങനെ'രാഹു'ദശ ആളുടെ ഫുള്‍ഫോമില്‍ നില്‍ക്കണ ടൈമില്‍ മറ്റൊരു കണ്ടുപിടുത്തം കുടി നടന്നത് .എമ്പസ്സി ഓഫിസില്‍ ചുള്ളന്റെ ടേബിളില്‍ ഒരേ ഒരു സാധനം മാത്രേ ഉള്ളു ..ഒരു റബ്ബര്‍ സ്റ്റാമ്പ്‌ . മാറ്റ്‌ പേപ്പര്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞവര്‍ സ്റാമ്പ് അടിക്കാന്‍ ഇങ്ങേരുടെ മുന്നില്‍ വരാതെ വേറെ വഴിയില്ലാല്ലോ ! ഈ കണ്ടുപിടുത്തത്തോട് കൂടി ടോട്ടലീ തളര്‍ന്നു പോയ നമ്മടെ പുലി ഒരു ദിവസം ആരോടും ഒന്ന് മിണ്ടാതെ റൂമില്‍ നിന്നും ..":ബും " ..അപ്രത്യക്ഷനായി ! പിറ്റേ  ദിവസം മുതല്‍ ഞങ്ങടെ റൂമില്‍ വിണ്ടും ശാന്തിയും സമാധാനവും വിളയാടി! 
                                                                      =  ശുഭം  =

    Thursday, January 7, 2010

    ഒരു വിലാപം @ 828 മീറ്റേഴ്സ് !!!

    എന്റെ പ്രിയപ്പെട്ട ദുബായിക്കാരേ ,

    എന്റെ പേര് ഇനി “ ബുര്‍ജ് ദുബായി’ എന്നു വേണമോ അതോ ഇനി ‘ ബുര്‍ജ് ഖലീഫ ‘ എന്നു പറയണോ എന്നെനിക്കറിയില്ല്യ. ഈ കഴിഞ്ഞ ജനുവരി നാലിനായിരുന്നു എന്റെ ജനനം., ധനു മാസത്തിലെ ‘മകം’ നക്ഷത്രത്തില്‍...മനുഷ്യനും പെട്രോളിനും ഒരേ വിലയുള്ള ദുബായുടെ ‘എം.ജി. റോഡായ ‘ ഷേക് സായ് ദ് റോഡിന്റെ ഓരത്ത്. സത്യത്തില്‍ ഞാന്‍ ഒരു‘ മകം പിറന്ന മങ്ക’ യാണ്. നിങ്ങളറിഞ്ഞ് കാണും , ‘ രവി കുമാറ്’ എന്ന ഒരു മലയാളിയണത്രെ ,എന്റെ ജനനത്തിനും ലോകത്ത് വേറെങ്ങും ഒരു കെട്ടിടത്തിനും ഇല്ലാത്ത , ‘ തൃക്കാക്കരപ്പന്റെ’ മുകളില്‍ ചന്ദനത്തിരി കുത്തി വച്ചപോലെയുള്ള രൂപവും എനിക്കു നല്‍കിയതിനു പിന്നില്‍.! അപ്പോ എന്തായീ ?...ഞാനും ഒരു മലയാളിയായി !പക്ഷേ എന്ത് ചെയ്യാന്‍? എമിറാറ്റികളും , മലബറികളും , പിന്നെ ബാക്കിയുള്ള ‘സാമ്പത്തിക അഭയാര്‍ഥികളും‘ കൂടി എന്നെ പുതിയ പേരിട്ട് അറബിയാക്കി മാറ്റി. ആരുമില്ലേ ഇവിടെ ഇതൊന്നും ചോദിക്കാനും പറയാനും ? നാട്ടില്‍ ഒരുത്തനും വാങ്ങാത്ത റേഷനരിയുടെ വില കൂടിയാല്‍ ഹര്‍ത്താലും , പ്രൈവറ്റ് ബസ്സിനു മുകളില്‍ ‘സര്‍ക്കാര്‍ വക’ കാക്ക തൂറിയാല്‍ ബസ്സമരവും , എയറിന്ത്യയുടെ ഫ്ലൈറ്റില് ഫുഡ് വിളമ്പുന്ന എയര്‍ഹോസ്റ്റസുമാ‍ാരുടെ പ്രായം കൂടുതലാണെന്ന് പറഞ്ഞ് നാട്ടിലെത്തിയിട്ടും വിമാനത്തീന്നിറങ്ങാതെ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്ന ഒരു‘ തനി‘ മലയാളി പോലും ഇല്ലെ ഇവിടെ ?!!

    എന്തായിരുന്നു ഈ നാലാം തിയതി ഇവിടെ ബഹളം. എന്റെ തലക്ക് ചുറ്റും കറങ്ങുന്ന ഹെലികോപ്റ്ററുകളും, പിന്നെ ദേഹം മുഴുവന്‍ കെട്ടിവച്ച ലൈറ്റുകളും , മാലപടക്കങ്ങളും , ലേസര്‍ ബീമുകളും, പിന്നെ ഒന്നു കാല്‍ സ്ട്രെച്ച് ചെയ്ത് റ്ലാക്സ് ചെയ്യാന്‍ പോലും സമ്മതിക്കാതെ ചുറ്റും നാട്ടാരും. തൃശ്ശൂര്‍ പൂരത്തിന് നായ്കനാല്‍ പന്തലിന്റെ അതേ അവസ്ഥ!

    828 മീറ്ററാണത്രെ എന്റെ ഉയരം.എനിക്കു വല്യ ഉറപ്പില്ല, കാരണം ഇതില്‍ 100 മീറ്ററോളം നേരത്തെ പറഞ്ഞ ‘ ചന്ദനത്തിരി’യാണ്. ..ബാക്കിയേ ശെരിക്കും ഞാനുള്ളൂ! എന്നാലും ഈ ഉയരത്തില്‍ നിന്നും നോക്കുമ്പോ , എനിക്കു തന്നെ പേടിയാവുന്നു! എന്റെ തലക്കു തൊട്ടൂ മുകളിലൂടെ ഒരോ ഫ്ലൈറ്റുകളും മൂളിപറക്കുമ്പോള്‍ , എന്റെ നെഞിടിക്കുന്നത് ആരെങ്കിലും അറിയുന്നുണ്ടോ? അമേരിക്കയിലെ ട്രേഡ് സെന്ററിനെപോലെ എന്നെ ഏതെങ്കിലും തീവ്രവാദിപുലികള്‍ കണ്ണ് വെച്ചിട്ടുണ്ടോയെന്ന് ആര്‍ക്കറിയാം?

    ഉല്‍ഘാടനദിവസം എന്തായിരുന്നു, ഒരോരുത്ത്തരുടേയും സ്നേഹപ്രകടനങ്ങള്‍?! എന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും, ടിക്കറ്റെടുത്ത് ലിഫ്റ്റ് വഴി എന്റെ നെഞ്ഞത്ത് കയറി ദുബായിയുടെ ‘സങ്ങതികള്‍ ‘ കാണാനും എന്തായിരുന്നു തിരക്ക് ? രണ്ടേ രണ്ട് ദിവസം കൊണ്ട് എന്റെ പുതുന്മോടി കഴിഞ്ഞു. മുന്‍പ് , ഷേക് സായിദ് റോഡിലൂടെ പോണ നാട്ടാര് മൊത്തം പേരും ഏതോ അന്യഗ്രഹ ജീവിയെപ്പോലെ എന്നെത്തന്നെ തലചെരിച്ച് നോക്കി പോകുമായിരുന്നു. എന്നാല്‍ ഇപ്പോഴോ , ഒരിക്കല്‍ ‘പെരിഞേരി ടവര്‍’ കണ്ട് ‘ ഹോ , എന്തൂട്ടാ ബില്‍ഡിങ്ങ്..ല്ലേ?” എന്നു പറയാറുള്ള ചില തൃശ്ശൂരുകാര്‍ പോലും എന്നെ മൈന്റ് ചെയ്യുന്നില്ലാ! ഞാനെന്ത് തെറ്റ് ചെയ്തു ?

    എന്നെ ദുഖിപ്പിക്കുന്ന വേറൊരു കാര്യം , “ അവള്‍ നിനക്കുള്ളതാണ് “ എന്നു പറഞ്ഞ് പണ്ട് കാലത്ത് ആമ്പിള്ളേരെ പറഞ്ഞ് പറ്റിക്കുമ്പോലെ , “ ഇതാണ് ബുര്‍ജ് ദുബായി,ഇതു വളര്‍ന്ന് വലുതാവുമ്പോള്‍ ലോകത്തിലെ ഏറ്റവുംവലിയ കെട്ടിടമാകും, ദുബായിയുടെ അഭിമാനമാകും” എന്നൊക്കെയാണ് എല്ലാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോ എന്തായീ, എന്റെ പേരും മാറ്റി., ചില കുബുദ്ധികള്‍ പറയണത് സാമ്പത്തിക മാന്ദ്യം കാരണം എന്നെ അബുദാബിക്ക് വിറ്റ് കാശാക്കിയെന്നണ്.ഇത് സത്യമാണോ ?...ഇതിനു വേണ്ടിയാണോ എന്നെ നിങ്ങള്‍ ദുബായിക്കാര്‍ വളര്‍ത്തി വലുതാക്കിയത് ?....നേരത്തെ അറിഞ്ഞുരുന്നെങ്കില്‍ എന്നെ ‘അബോര്‍ഷന്‍’ ചെയ്യമായിരുന്നില്ലേ ? ശെരിക്കും എന്നെ നിങ്ങള്‍ക്ക് വേണ്ടേ ? വേണ്ടെങ്കില്‍ എന്നെ വല്ല അനാഥാലയത്തിലും കൊണ്ടാക്കൂ!..പ്ലീസ്...എനിക്കു പോണ്ടാ അബുദാബിക്ക്!

    എന്നോട് അധികം കളിച്ചാല്‍ , ഞാന്‍ ഒരൂട്ടം തിരുമാനിച്ചിട്ടുണ്ട്...കമഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയാണ് ..ദുബായിയുടെ മുകളിലൂടെ ! പക്ഷെ , ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ ? അതു കൊണ്ട് ,വേറെ ഒരു ഓപ്ഷനില്ലത്തത് കൊണ്ട് മാത്രം,ഞാന്‍ ഇവിടെത്തന്നെ കാ‍ണും..പൂരത്തിന് റോഡിന് കുറുകെ കുരുത്തോല കെട്ടിയപോലെ “ സാലിക്’ ഗെറ്റുകളുള്ള ഈ ഷേക് സായിദ് റോഡില്‍. ഞനൊരു പാവം മിണ്ടാപ്രാണിയാ‍യിപ്പോയില്ലേ ?!!

    എണ്ണൂറ്റീരുപത്തെട്ട് മീറ്റര്‍ ഉയരത്തു നിന്നും..നിങ്ങളുടെ സ്വന്തം...

    ബുര്‍ജ് ദുബായി !