Sunday, May 9, 2010

വയ്ക്കോല്‍കൂനയും രണ്ട് കന്യാസ്ത്രീകളും !

കുട്ടീക്കാലം മുതലേ എനിക്ക് ഭയങ്കര ബുദ്ധിശക്തിയും ‘എല്ലാം‘ കണ്ട്രോള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സിമ്പിള്‍ കഥയിതാ .
കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, എന്ന്വച്ചാ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി....എത്ര്യാങ്ങാണ്ട് കൊല്ലം. അച്ഛനും അമ്മേം , ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ‘റോയല്‍‘ കുടുംബം  തൃശ്ശൂര്  അയ്യന്തോളില്‍ ‘വാടക’ വീട്ടില്‍ താമസിക്കണ കാലം.അനിയത്തി അന്നു ഇത്തിരിയേയുള്ളൂ...ഹും, കുഞ്യ ക്ടാവ്!. പക്ഷേ ഞാന്‍ രണ്ടാം ക്ലാസ്സില് പഠിക്കണ വല്ല്യ ചെക്കനും .
ഞങ്ങടെ ഹൌസ് ഓണറുടേത് ഒരു കര്‍ഷക കുടുംബം ആയിരുന്നു.എനിക്ക് ഇതെങിനെയാ മനസ്സിലായതെന്നു വെച്ചാല്‍ , അവരുടെ വീടിന്റെ ഉമ്മറത്ത് ഒരു വല്ല്യ വയ്ക്കോല്‍കൂന ഇണ്ടാര്‍ന്നൂ , പിന്നെ കൊറെ കോഴികളും . അപ്പൊപ്പിന്നെ , അവര്‍ക്ക് അതായിരിക്കും പണീ..ല്ലേ?
ഈ കോഴികള്‍ നിസ്സാര സങതികളൊന്നുമല്ലാ...ഒരു ജാതി സൈസാ ! എന്തൂട്ടാ ഒരു വലിപ്പം ?  അവരുടെ വീട്ടില്‍ വന്ന ഉടനെ , നോര്‍മ്മലി നാടന്‍ കോഴികളെ കാണുമ്പോള്‍ ചെയ്യണ പോലെ      “ ഒന്നു പേടിപ്പിച്ചുകളയാം !” എന്നു കരുതി , ആദ്യം നിലത്ത് കണ്ട ഒരു വടിയെടുത്ത്   ഞാന്‍ അവറ്റകള്‍ക്കിട്ട് ഒരേറ് കൊടുത്തു .  എല്ലരുടേയും ഒരു കൂട്ടനിലവിളിയും കൂട്ടപ്പറക്കലും പ്രതീക്ഷിച്ച് ഞാന്‍ നോക്കിയപ്പൊ , എല്ലാ പ്രകൃതി  നിയമങ്ങളും തെറ്റിച്ച്  അതിലൊരുത്തന്‍ ദേ എന്റെ നേരെ വരണു! ഓടി അകത്തു കേറി ,അമ്മേടേ പിന്നില്‍ സേഫായി ഒളിച്ചില്ലായിരുന്നെങ്കില്‍ ,  ‘കോഴി കൊത്തിക്കൊന്ന ആ‍ദ്യ മനുഷ്യ ജീവി” എന്ന വിശേഷണം എനിക്കു തന്നെ കിട്ട്യ്യേനേ ..!
  
ഈ സംഭവത്തിനു ശേഷം , എനിക്ക് ഈ ജന്തുക്കളെ പേടിയായി ....ഹോ , സത്യായിട്ടും വെറുത്തുപോയീ ! അതില്‍പ്പിന്നെ , ഈ വക സാധനങ്ങള്‍ മുറ്റത്തുണ്ടെങ്കി ഞാന്‍ ഒറ്റക്ക് പുറത്തിറങ്ങറേയില്ല. എന്തിനാ വെറുതെ ...എന്റെ കൈ കൊണ്ട് അവറ്റകളെ.....!!!
  
     അയ്യന്തോള്‍ ‘നിര്‍മല’ കോണ്വന്റിലായിരുന്നു , എന്റെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം . ടൈയും -കുടയും -ബാഗും-പുസ്തകങ്ങളും, ഈ കോമ്പിനേഷനില്‍ ഞാന്‍ ആകെ ഈ രണ്ടാം ക്ലാസില്‍ മാത്രേ പഠിച്ചിട്ടുള്ളൂ ! “ വേദേശം” ക്ലാസുകളില്‍ നസ്രാണിപ്പിള്ളാരെ കടത്തിവെട്ടി , ‘നായര് ചെക്കനായ‘ ഞാ‍ന്‍  അവിടുത്തെ എന്റെ  ‘മൊട്ടച്ചി’ ( കന്യസ്ത്രീ ) ക്ലാസ് ടീചറെ ഞെട്ടിച്ചു !  വീട്ടിലെ കളര്‍ റ്റിവി., ഫ്രിഡ്ജ് , വല്യ സോഫ , വയ്കോല്‍കൂന , വല്യ കോഴികള്‍ ...എന്നിങ്ങനെ ഞങ്ങടെ ഹൌസോണറുടെ വീട്ടിലെ എല്ലാം എന്റെ വീട്ടിലെ എന്നും പറഞ്ഞ് ടീച്ചറെ ഞാന്‍ പിന്നേയും  ഞെട്ടിച്ചു !
ഒരിക്കെ , ഒരു കുട്ടീടെ ‘ഹാപ്പി ബര്‍ത്ഡേക്ക്” കേക്ക് കൊണ്ടൂ വന്നത് ബാക്കിയായപ്പൊ ,  അതു ഞാനേറ്റെടുത്തു , എന്നിട്ട് ഞാന്‍ ഒറ്റക്ക്  ‘ പ്രൊജക്ട് ബാക്കി വന്ന കേക്ക് ‘ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴും  ടീച്ചറുടെ ഞെട്ടല്‍ തുടര്‍ന്നു. പക്ഷെ , ഉച്ചയൂണിന്റെ ചെറുപയര്‍ കൂട്ടാന്‍ കഴിച്ച്  “ വീട്ടില്‍ കാപ്പിക്കെന്താവും ?” എന്ന് ചിന്തിച്ചിരുന്ന എനിക്ക്   എന്റെ കുഞു വയറിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു . ക്ലാസ് റൂമില്‍ നിന്നും ‘മറ്റേ’  റൂമിലേക്കുള്ള ദൂരം അളന്നും , ക്ലാസിലെ ബെഞ്ചുകള്‍ക്കിടയില്ലൂടെ ഏതു ഷോര്‍ട്കട്ടീലൂടെ പോയാ‍ല്‍ , എത്രയും പെട്ടന്ന് ‘അവിടെ’ എത്താനാകും എന്നും ഞാന്‍ ബുദ്ധിപൂര്‍വം ചിന്തിച്ചു!...പക്ഷേ,  എന്റെ ചിന്തകളേക്കാള്‍ വേഗം ‘സങതിക്കു’ ഉണ്ടാ‍ായിരുന്നു.! ഒരു ദുര്‍ഭലനിമിഷത്തില്‍ സങതി ട്രൌസറിലെത്തി ...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ലാ , ഒരു താല്‍കാലിക ‘ഹേന്റ് ബ്രേക്ക്” ട്രൌസറിന്റെ പുറകില്‍ ഇട്ട ശേഷം ഒറ്റ വിടലായിരുന്നു...മറ്റോടത്തയ്ക് !! പക്ഷെ , ബേക് വ്യൂവില്‍ നിന്നും കാര്യം പിടികിട്ടിയവരുടെ ആഹ്ലാദപ്രകടനം ഓട്ടത്തിനിടക്ക് എനിക്ക് കേള്‍ക്കാമായിരുന്നു !

ഈ നിര്‍മല കോണ്വന്റിലെ സിസ്റ്റര്‍മാര്‍ക്ക്  ഞായറാഴ്ചകളില്‍ ഒരു വിനോദമുണ്ട് . അതായത് , അവരുടെ ക്ലസ്സുകളിലെ “ കണ്ണീലുണ്ണികളായ” പിള്ളേരുടെ വീട്ടില്‍ കേറിച്ചെന്ന് ചായയും കുടിച്ച്  ഇതേ പിള്ളേരെപ്പറ്റി ‘ഉള്ള’ പരാതികളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുക ...ഇതന്നെ !

അങ്ങനെ ഒരു ദിവസം , കോഴികള്‍ പുറത്തില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ വല്ലോരുടെയും പറമ്പീക്കൂടെ അങനെ നടക്കുമ്പോളാണ് ,....ദേ വേലീടെ അപ്പറത്തൂടെ രണ്ട് കന്യാസ്ത്രീ വേഷങ്ങള്‍ വരണു. ഇതു നേരത്തെ പറഞ്ഞ പരിപാടിക്കായിട്ട് ഇറങ്ങിയ ടീമുകളാണെന്ന് എനിക്ക് മനസ്സിലായീ. ഈശ്വരാ‍ാ‍ാ ,  ‘എന്റേത് ‘ , ‘എനിക്ക്’ , “ എന്റോടെ” എന്നെല്ലാം തുടങ്ങിയ വാചകങ്ങളില്‍ പറഞ്ഞ ‘സത്യങ്ങള്‍’ മുഴുവന്‍ ‘ദേ നുണകളായി‘ മാറാന്‍ പോണൂ! 

അച്ഛനും അമ്മേം എന്നെ അടിക്കാന്‍ ഓടിക്കുമ്പോ ഞാന്‍ ഒളിവില്‍ പോവാറുള്ള “ വയ്കോല്‍കൂനയില്‍ ഞാന്‍ അഭയം തേടി . താഴെക്കിടക്കുന്ന കോഴിക്കാട്ടത്തില്‍ ചവിട്ടി , വയ്ക്കോല്‍ മറയാക്കി ഞാന്‍ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി. അതെ , ആ കന്യാസ്ത്രീകള്‍ വീട്ടിലേക്ക് കയറി . ബെസ്റ്റ് !...ഭാഗ്യത്തിന് അച്ഛന്‍ കുടുമ്മത്തില്ല. അമ്മേടെ ശബ്ദം കേള്‍ക്ക്ണ് ണ്ട്.  

നടാടെ , വീട്ടിലേക്ക്  കേറിവന്ന കന്യാസ്ത്രീകളെ അമ്മ  തൊഴുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യണ് ണ്ട് . ഇതിന്റെ വല്ല കാ‍ര്യണ്ടാ ?! ശോ , ഇപ്പൊ , എന്റെ വീട്ടിലെ ‘ ആക്ച്ച്വല്‍’   റ്റീ.വി , ഫ്രിഡ്ജ് , സോഫസെറ്റ് ഒക്കെ കണ്ട് അവര്  ഞെട്ടീക്കാ‍ണും. അവര് അമ്മയോട് ചോദിക്ക്യോ ആവോ  ? പിന്നെ, ട്രൌസറില്‍ ‘ഷിറ്റ്’ ഇട്ട സംഭവം എങാനും അവറ്റകള്‍ എഴുന്നള്ളീക്ക്യോ എന്തോ ? ,,ഹും...ഈ കോഴിക്കാട്ടത്തിന്റെ മണമാണെങ്കില്‍ ....അയ്യേ ,  വീട്ടിലെ കാര്യങ്ങള്‍ ആലോചിക്കണ റ്റെന്‍ഷനില്‍ താഴെക്കിടന്നതു മുഴുവന്‍ ചവിട്ടിക്കൂട്ടി ആകെ ‘ചപ്പിളിപിളി’ ആയീ! പുറത്തിറങ്ങാന്ന് വച്ചാ , ദേ നിക്കണൂ പണ്ട് ‘ഇഷ്യൂ’  ഇണ്ടായ  അതേ പൂവന്‍  ,  ഉമ്മറത്തു തന്നെ !

അങ്ങനെ കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം ആ രണ്ട് കന്യാസ്ത്രീരൂപങ്ങളും വീട്ടീന്നിറങ്ങി.      “ ഇടക്കു വരൂട്ടോ !” അമ്മ താണുകേണു പറയ്ണ്ട് . “ എന്ത് കാര്യത്തിന് ? “ - വയ്ക്കോല്‍കൂനയിലിരുന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു.
അവര് റേഞ്ച് വിട്ടുപോയി എന്നുറപ്പ് വരുത്തിയിട്ട് ഞാന്‍ പതുക്കെ വീട്ടിലേക്ക് ചെന്നു . “എവട്യാര്‍ന്നൂടാ ?” അമ്മ . “ ഞാ‍ന്‍ കക്കൂസിലാര്‍ന്നു “ ഞാന്‍ വെറുതെ പറഞ്ഞു .
 “ ഹ ഹ , അവരും അതന്ന്യാ പറഞ്ഞേ !” അമ്മ .
“എന്തൂട്ട് ? “
“ നിങ്ങടെ  മോന്‍  സ്കൂളിലെത്ത്യാ കൂടുതലും കക്കൂസിലാ‍ന്ന് ! ”

....................... എനിക്ക് പെട്ടന്ന് പിന്നേം ‘പൂവാന്‍‘  മുട്ടി  !!

15 comments:

  1. ഈ വിഷു വെക്കേഷനു ലീവിന് കുടുമ്മത്ത് പോയപ്പൊ , അമ്മ ഓര്‍മ്മിപ്പിച്ചത് ! ഈ പോസ്റ്റ് ‘ മദേഴ്സ് ഡേ” യില്‍ അമ്മയ്ക്കു തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു !
    അമ്മേ....!!!!
    :D

    ReplyDelete
  2. എനിക്ക് മാത്രല്ലാ നെനക്കും ഇണ്ട്ലേ ഈ സൂക്ക്ട്....

    ReplyDelete
  3. ആഹാ അപ്പികാര്യം വായിക്കന്‍ നല്ല സുഖാ... :)
    എനിക്കിഷ്ട്ടായി

    ReplyDelete
  4. എറക്കാടന്‍ അഭീ , നന്ദീണ്ട്രാ...!!!

    മനു ഗെഡീ , നന്ദി

    കൂതറേ , സുഖിച്ചെന്നറിഞ്ഞതില്‍ സന്തോഷം ! ഹിഹി !

    ReplyDelete
  5. ഈ കന്യാസ്ത്രീകളുടെ ഒരു കാര്യം ല്ലേ? :)

    ReplyDelete
  6. അസമയത്തുള്ള ശങ്ക ഇത്തിരി കഠിനം തന്നാണേ. അന്നും ഇന്നും. നല്ല പോസ്റ്റ് മാഷേ :)

    ReplyDelete
  7. തൃശ്ശൂരിലെ ഒരു കോണ്‍വെന്റ് കോളേജില്‍ പഠിക്കുന്ന എനിക്ക് ഇതു കേട്ടിട്ടൊന്നും തോന്നുന്നില്ല ;
    സ്ഥിരം വേലകലാനിതൊക്കെ .....

    ReplyDelete
  8. ഡാ നല്ല കഥ. അതിരപിള്ളി വെള്ളച്ചാട്ടം ഓര്‍മവന്നു .. നിന്റെ തോളത്തെ ബാഗിന്റെ കാരിയം ഇപ്പോമനസ്സിലായേയയ.......

    ReplyDelete
  9. gopan chettan ithrem villanaayirununnoke ippolaa ariyunnne.........iniyum inganathe kadhakal stokundenkil irakane.......nalla rasamund vaayikaan...!!

    ReplyDelete
  10. അമ്മ പറഞ്ഞത് കലക്കി.

    ReplyDelete
  11. എന്താ പോസ്റ്റൊന്നും കാണാത്തേന്നു വിചാരിച്ച് ഒരു മെയിൽ അയച്ചാലോന്നു കരുതി ഇരിയ്ക്കുകയായിരുന്നു, അപ്പോഴാണ് വരാൻ വൈകിയത് എനിക്ക് സങ്കടാ‍ക്കിയ ഒരു പോസ്റ്റ്. ആഹാ ഇത്ര മിടുക്കനാന്നു കണ്ടാ പറയില്ല.
    അപ്പോ അയ്യന്തോളും താമസിച്ച്, നിർമ്മലേലും പഠിച്ചിട്ടുണ്ടല്ലേ?
    വെറ്തെയല്ല, ഇത്ര മിടുക്ക്.
    അഭിനന്ദനങ്ങൾ.

    ReplyDelete
  12. രസകരം!
    അഭിനന്ദനങ്ങൾ!

    ReplyDelete
  13. തകപെടച്ചുട്രാ മോനേ ഈ സംഗതി.......ഇതാണ് തൃശ്ശൂക്കാരന്റെ എഴുത്ത്. നിന്റെ ഉള്ളില്‍ ഒരു പ്രതിഭ ഇങ്ങനെ ഒളിഞ്ഞും പതുങ്ങിയും നടക്കുന്നുണ്ടെന്ന വിവരം ഇപ്ലാട്ടാ കിട്യേ...

    ReplyDelete